മലപ്പുറം : സ്വന്തം ഭൂമിയിലും സ്വസ്ഥതയില്ലാത്ത അവസ്ഥയിൽ ആദിവാസികൾ, നിലമ്പൂർ ചാലിയാൽ പഞ്ചായത്തിലെ വെണ്ണക്കോട് ആദിവാസി കോളനി നിവാസികളാണ് സ്വന്തം ഭൂമിയില്‍ ഇപ്പോൾ വനംവകുപ്പിന്റെ ഔദാര്യം പറ്റി കഴിയുന്നത്.
42 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇവർ കഴിയുന്നത് നിക്ഷിപ്ത വനഭൂമിയിൽ ആണെന്നാണ് വനംവകുപ്പിന്റെ നിലപാട്. ഇക്കാരണത്താൽ 2016 മുതൽ ഇവരിൽ നിന്ന് ഭൂനികുതി പിരിക്കുന്നത് റവന്യു വകുപ്പ് നിര്‍ത്തിയതോടെയാണ് 36 വർഷമായി സ്വന്തമായിരുന്ന ഭൂമിയുടെ അവകാശം ഇവർക്ക് നഷ്ടമായത്.
മഞ്ചേരി കോവിലകത്തിന്റെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന 175 ഏക്കർ ഭൂമി 1960 കളിലാണ് മലമുത്തപ്പന്‍, കാട്ടുനായ്ക്കർ വിഭാഗത്തിലെ 24 പേർക്കായി വിട്ടു നൽകിയത്. 1980 ൽ ഇവർക്ക് പട്ടയം ലഭിച്ചു. ഇന്ന് 42 കുടുംബങ്ങളിലായി അറുപത് പേരാണ് ഇവിടെയുള്ളത്. എന്നാല്‍ 2016 ന് ശേഷം റവന്യു വകുപ്പ് ഇവരിൽ നിന്ന് നികുതി സ്വീകരിക്കാതെ ആയി.
പ്രദേശം നിക്ഷിപ്ത വനഭൂമി ആണെന്നാണ് വനം വകുപ്പിന്റെ വാദം.1971 ൽ തന്നെ ഭൂമി വനം വകുപ്പിന്റെ കൈവശം ആണെന്നും ഇവർ അവകാശപ്പെടുന്നു. ആദിവാസികൾക്ക് വനാവകാശ നിയമപ്രകാരം ഇവിടെ താമസിക്കാം.പക്ഷെ ഭൂമി സ്വന്തമാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ വനം വകുപ്പിന്റെ ഈ തീരുമാനം അംഗീകരിക്കാൻ ആദിവാസികൾ തയ്യാറല്ല.
നിവേദനവുമായി പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ഭൂമി സ്വന്തം പോലെയല്ല, സ്വന്തമാകണമെന്നാണ് ആദിവാസികളുടെ ആവശ്യം. ഭൂമിയുടെ അവകാശത്തിനൊപ്പം തങ്ങളുടെ അഭിമാനം കൂടി കാക്കാനുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ആദിവാസികൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.