സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ വാക്‌സിന്‍ മുന്‍ഗണനപ്രകാരം വിതരണം ചെയ്യും; മുഖ്യമന്ത്രി

Last Updated:

സര്‍ക്കാര്‍ വാങ്ങാന്‍ നിശ്ചയിച്ചതില്‍ 3,50,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ തിങ്കളാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ വാക്‌സിന്‍ മുന്‍ഗണനപ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളിലെത്തുന്ന് വാര്‍ഡ് തല സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വാളണ്ടിയര്‍മാര്‍ തുടങ്ങിയ മുന്‍ഗണന ഗ്രൂപ്പിനായിരിക്കും വാക്‌സിന്‍ ആദ്യം നല്‍കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ വാങ്ങാന്‍ നിശ്ചയിച്ചതില്‍ 3,50,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ തിങ്കളാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചു. ഓരോ ജില്ലയ്ക്കും എത്ര ഡോസ് വീതമാണ് നല്‍കുകയെന്നത് ആരോഗ്യ വകുപ്പാണ് തീരുമാനിക്കുക. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിന്‍ മറ്റു ജില്ലകളിലേക്ക് മാറ്റും. രണ്ട് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
advertisement
പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് 3.5 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്ത് എത്തിച്ചത്. 12 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വാക്‌സിന്‍ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി . ഇവിടെനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വാക്‌സിന്‍ കൊണ്ടുപോകും. ഇതിന് ശേഷമാകും ജില്ലകള്‍ക്ക് വിതരണം ചെയ്യുക
രോഗവ്യാപനം കൂടുതലുള്ള എറണാകുളം, കോഴിക്കോട് ജില്ലകള്‍ക്ക് കൂടുതല്‍ വാക്സിന്‍ ലഭിച്ചേക്കും.കടുത്ത വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ഒരുകോടി വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചത്. 70 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനും 30 ലക്ഷം കോവാക്‌സിനുമാണ് വാങ്ങാന്‍ തീരുമാനിച്ചത്. ഇതില്‍ ആദ്യ ബാച്ചാണ് എറണാകുളത്ത് എത്തിയത്. കൂടുതല്‍ വാക്‌സിന്‍ വൈകാതെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
advertisement
അതേസമയം  സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകരുടെ അലംഭാവം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍, ഉപരി പഠനം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ എന്നിവരെ സേവനത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിരമിച്ച ഡോക്ടര്‍മാര്‍, അവധി കഴിഞ്ഞ ഡോക്ടര്‍മാര്‍ എന്നിവരെയും സേവനത്തിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ വാക്‌സിന്‍ മുന്‍ഗണനപ്രകാരം വിതരണം ചെയ്യും; മുഖ്യമന്ത്രി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement