വി ജെ ജെയിംസിന്റെ നിരീശ്വരനെ മറികടന്ന് ഇടത് ബന്ധമുള്ള, മലയാളത്തിലെ പ്രമുഖ കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ വ്യക്തിയുടെ ആത്മകഥയ്ക്ക് വയലാർ അവാർഡ് നൽകാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അവാർഡ് നിർണയ സമിതി അംഗമായിരുന്ന പ്രൊഫ എം കെ സാനു നേരത്തെ രാജിവെച്ചിരുന്നു
തിരുവനന്തപുരം: 2019ലെ വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ അവാർഡ് വി ജെ ജെയിംസിന്റെ 'നിരീശ്വരൻ' എന്ന കൃതിക്ക്. ഒരുലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിക്കുന്ന ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ഡോ. എ കെ നമ്പ്യാർ, ഡോ. അനിൽകുമാർ വള്ളത്തോൾ, ഡോ. കെവി മോഹൻകുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരനിർണയം നടത്തിയത്. വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിശാഗന്ധി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നിരീശ്വരൻ നേടിയിരുന്നു. ഭക്തിയും വിശ്വാസവും കപടമായി മാറുന്ന കാലത്ത് വായനക്കാരന്റെ മനസ്സില്‍ തിരിച്ചറിവിന്‍റെ ഒരുപാടു ചോദ്യങ്ങളുയര്‍ത്തുന്ന നോവലാണ് 'നിരീശ്വരന്‍'. ഈശ്വരവിശ്വാസത്തെ പരിഹസിച്ച് ദേവത്തെരുവിനെ ആഭാസത്തെരുവാക്കി മാറ്റിയ മൂന്നു ചെറുപ്പക്കാര്‍. ദേവനുപകരം നിരീശ്വരന്‍ എന്ന വിമത ദൈവപ്രതിമയെ സൃഷ്ടിച്ച സൃഷ്ടികര്‍ത്താക്കള്‍. ഗ്രാമീണമനുഷ്യരുടെ നിത്യജീവിതപ്രശ്നങ്ങള്‍ക്ക് വിമതദൈവം പരിഹാരമായി മാറിയപ്പോള്‍ സൃഷ്ടിതാക്കള്‍ക്കുപോലും സംഹരിക്കാന്‍ കഴിയാത്തവിധം ശക്തിയായി നിരീശ്വരന്‍ മനുഷ്യമനസ്സില്‍ പടുവൃക്ഷമായി വളരുന്ന കാഴ്ചയാണ് നോവലില്‍ ഉടനീളമുള്ളത്.
വി ജെ ജെയിംസിന്റെ നിരീശ്വരനെ മറികടന്ന് ഇടത് ബന്ധമുള്ള, മലയാളത്തിലെ പ്രമുഖ കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ വ്യക്തിയുടെ ആത്മകഥയ്ക്ക് വയലാർ അവാർഡ് നൽകാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അവാർഡ് നിർണയ സമിതി അംഗമായിരുന്ന പ്രൊഫ എം കെ സാനു നേരത്തെ രാജിവെച്ചിരുന്നു. അവാർഡിനായി സമ്മർദം ചെലുത്തിയതായി അറിഞ്ഞ സാഹചര്യത്തിലാണ് രാജിയെന്നായിരുന്നു സാനു വിശദീകരിച്ചത്. എന്നാൽ, അവാർഡിനായി ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളിൽ സമ്മർഗമുണ്ടായിട്ടില്ലെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും ജഡ്ജിംഗ് കമ്മിറ്റി അംഗം കെ വി മോഹൻകുമാറും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.