വെള്ളാപ്പള്ളി പിന്തുണയ്ക്കുമ്പോള്‍ ചങ്കിടിക്കുന്നതാരുടെ? പ്രവചനങ്ങളുടെ രണ്ടു പതിറ്റാണ്ട്
Last Updated:
വെള്ളാപ്പള്ളി എന്ത് പറഞ്ഞോ അതിന്റെ നേര്‍വിപരീതം മാത്രമേ 90 ശതമാനവും നടന്നിട്ടുള്ളൂ. കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടത്തെ അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും
#ലിജിൻ കടുക്കാരം
കേരള രാഷ്ട്രീയത്തില്‍ സമുദായ സംഘടനകള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ടെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായത്തിനിടയില്ല. തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും മുന്നണികള്‍ സമുദായ സംഘടനകളുടെ പിന്തുണ ലഭിക്കുന്നയാളെയാകും പരിഗണിക്കുക. കേരളത്തിലെ പ്രാധാന സമുദായ സംഘടനകളിലൊന്നായ വെള്ളാപ്പള്ളി നടേശനും പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ വെള്ളാപ്പള്ളി സ്ഥാനാര്‍ഥികളെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്താറുണ്ട്.
ഇന്നും അത്തരത്തിലൊരു പ്രസ്താവന വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ കെസി വേണുഗോപാല്‍ മത്സരിക്കുകയാണെങ്കില്‍ ആറുനിലയില്‍ പൊട്ടുമെന്നും ആലപ്പുഴയില്‍ എഎം ആരിഫ് തോറ്റാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്നും അടൂര്‍ പ്രകാശ് മത്സരിക്കുന്നത് ആത്മഹത്യാപരമാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞിരിക്കുന്നത്. 'തോല്‍വി ഉറപ്പായതിനാലാണ് കെ.സി വേണുഗോപാല്‍ പിന്‍മാറിയത്. അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം വേണുഗോപാല്‍ അവിടെ നിന്നാല്‍ ആറ് നിലയില്‍ പൊട്ടുമെന്ന്.' എന്നും വെള്ളാപ്പള്ളി പറഞ്ഞു.
advertisement
Also Read: വേണുഗോപാല്‍ ആറു നിലയിൽ പൊട്ടും; ആരിഫ് ജയിച്ചില്ലെങ്കിൽ തല മൊട്ടയടിച്ച് കാശിക്ക് പോകും: വെള്ളാപ്പള്ളി
എന്നാല്‍ ഈ പ്രസ്താവനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നേറിയ എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക മുളപൊട്ടിയ്ക്കാണുമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രവചനങ്ങളുടെ ചരിത്രം അറിയാവുന്നവര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല, വെള്ളാപ്പള്ളി എന്ത് പറഞ്ഞോ അതിന്റെ നേര്‍വിപരീതം മാത്രമേ 90 ശതമാനവും നടന്നിട്ടുള്ളൂ. കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടത്തെ പ്രവചനങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
advertisement
വെള്ളാപ്പള്ളി പ്രവചനങ്ങളുടെ ചരിത്രം തുടങ്ങുന്നത് വിഎം സുധീരനില്‍ നിന്നാണ്. വെള്ളാപ്പള്ളി ഏറ്റവും കൂടുതല്‍ വാക്‌പോരുകള്‍ നടത്തിയിട്ടുള്ളതും സുധീരനോടാണ്. 1998 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്ന സുധീരന്‍ തനിക്കെതിരെ വെള്ളാപ്പള്ളി രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയെന്നറിഞ്ഞപ്പോള്‍ ഹരിപ്പാട്ടെ യുഡിഫിന്റെ പ്രചാരണയോഗത്തില്‍ പറഞ്ഞത്. താന്‍ തന്റെ പ്രചരണം ഇവിടെ നിര്‍ത്തുകയാണെന്നും ഒരു പ്രമുഖ വ്യക്തി തനിക്കെതിരെ സംസാരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ അതിനുള്ള മറുപടി നല്‍കുമെന്നുമായിരുന്നു.
ആ തെരഞ്ഞെടുപ്പില്‍ സുധീരനെ തോല്‍പ്പിക്കാന്‍ എസ്എന്‍ഡിപി ശാഖായോഗങ്ങളില്‍വരെ വെള്ളാപ്പള്ളി ആഹ്വാനം നടത്തുകയുമുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്‍ഡിഎഫിലെ അഡ്വ. സിഎസ് സുജാതയെ 40,637 വോട്ടുകള്‍ക്കായിരുന്നു സുധീരന്‍ പരാജയപ്പെടുത്തിയത്. ഇത് തന്നെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രവചനത്തിനേറ്റ ആദ്യ തിരിച്ചടിയും.
advertisement
2006 ലെ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നാല് യുവ നേതാക്കള്‍ക്കെതിരെയാണ് വെള്ളാപ്പള്ളി രംഗത്തിറങ്ങിയത്. ആലപ്പുഴയില്‍ മത്സരിച്ച കെസി വേണുഗോപാല്‍, ചെങ്ങന്നൂരില്‍ പിസി വിഷ്ണുനാഥ്, ഹരിപ്പാട് ബാബു എം പ്രസാദ്, ശ്രീകൃഷ്ണപുരത്ത് കെപി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു തന്റെ തനതുശൈലിയില്‍ വെള്ളാപ്പള്ളി രംഗത്തിറങ്ങിയത്. നാലുപേരും ഇത്തവണ നിയമസഭയില്‍ എത്തില്ലെന്ന് വെള്ളാപ്പള്ളി ഉറപ്പിച്ചപ്പോള്‍ ജനങ്ങള്‍ നേരെ തിരിച്ച് ചിന്തിച്ചു. വെറും പ്രവചനം മാത്രമായിരുന്നില്ല, നാലു പേരെയും തോല്‍പ്പിക്കാന്‍ ഉറച്ച പ്രവര്‍ത്തനങ്ങളും വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
advertisement
Also Read-മതത്തിന്‍റെ പേരിൽ വോട്ട് തേടരുതെന്ന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ; ശബരിമല നീതികേട് തുറന്നുകാട്ടുമെന്ന് ബിജെപി
ചെങ്ങന്നൂരില്‍ സജി ചെറിയാനെ 5132 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പിസി വിഷ്ണുനാഥും, ഹരിപ്പാട് ടികെ ദേവകുമാറിനെ 1886 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് ബാബു എം പ്രസാദും ആലപ്പുഴയില്‍ ടിജെ ആഞ്ചലോസിനെ 16933 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് കെസി വേണുഗോപാലും നിയമസഭയിലെത്തിയപ്പോള്‍ ശ്രീകൃഷ്ണപുരത്ത് മത്സരിച്ച കെപി അനില്‍കുമാറിനു മാത്രം അടിതെറ്റി. 4348 വോട്ടുകള്‍ക്കായിരുന്നു കെഎസ് സലീഖയോട് അനില്‍കുമാര്‍ പരാജയപ്പെട്ടത്. വെള്ളാപ്പള്ളിയുടെ പ്രവചനങ്ങളിലുണ്ടായ മറ്റ് മൂന്ന് മണ്ഡലങ്ങളെയും അപേക്ഷിച്ച് എസ്എന്‍ഡിപിക്ക് കാര്യമായ സ്വാധീനമില്ലത്ത മണ്ഡലമാണിതെന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എങ്കിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടത്തെ തെരഞ്ഞെടുപ്പിനിടെ വെള്ളാപ്പള്ളിയുടെ പ്രവചനം വിജയിച്ചത് ഇവിടെ മാത്രമാണ്. എന്നാല്‍ എല്‍ഡിഎഫ് തരംഗത്തിനിടയിലാണ് മറ്റു മൂന്നുപേരും ജയിച്ച് കയറിയതെന്നതാണ് വസ്തുത.
advertisement
വെള്ളാപ്പള്ളിയുടെ രൂക്ഷവിമര്‍ശനത്തിനിരയായ മറ്റൊരു കോണ്‍ഗ്രസ് നേതാവ് വിഡി സതീശനാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തെ വേദി. പറവൂരില്‍ നിന്ന് സതീശന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ വടക്കന്‍ പറവൂരിലെ ഹിന്ദുമത സമ്മേളനത്തില്‍ വിഡി സതീശനെ 'എരപ്പാളി'യെന്ന് വിളിച്ചായിരുന്നു വെളളാപ്പളളിയുടെ ആക്രമണം എന്നാല്‍ പറവൂരിലെ വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വിഡി സതീശന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേ 11,349 വോട്ടില്‍ നിന്നും 20,634 വോട്ടിലേക്ക് കുതിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസും രംഗത്തുണ്ടായിരുന്നതോടെ എന്‍ഡിഎയുടെ മുഖ്യപ്രചാരകനായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ഇടതിന്റെയും വലതിന്റെയും സ്ഥാനാര്‍ഥികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു വെള്ളാപ്പള്ളി നടത്തിയത്. ഇടുക്കി ജില്ലയിലെ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെയായിരുന്നു പ്രധാന വിമര്‍ശനങ്ങള്‍.
advertisement
ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എംഎം മണിയെ നിറത്തിന്റെയും രൂപത്തിന്റെയും പേരിലായിരുന്നു വെള്ളാപ്പള്ളി കടന്നാക്രമിച്ചത്. 'മണിയൊന്നും നിയമസഭയിലേക്ക് പോകേണ്ടയാളല്ല, പൂരപ്പറമ്പിലേക്ക് പോകേണ്ടയാളാണ്. കരിങ്കുരങ്ങിന്റെ നിറമുളളയാളെ വിജയിപ്പിക്കണോ' എന്നായിരുന്നു എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയുടെ ചോദ്യം. യുഡിഎഫിലെ സേനാപതി വേണു പ്രാചരണത്തില്‍ ഏറെ മുന്നിലായിരുന്ന ഘട്ടത്തിലായിരുന്ന വെള്ളാപ്പള്ളി മണിയ്‌ക്കെതിരെ രംഗത്തെത്തിയത്. കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. എംഎം മണി 1109 വോട്ടിന് വിജയിച്ചു. കേരളത്തിന്റെ വൈദ്യുതി മന്ത്രിയുമായി.
എംഎം മണിയ്ക്ക് പിന്നാലെ പീരുമേട്ടിലെ ഇടതുസ്ഥാനാര്‍ഥി ഇഎസ് ബിജിമോള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനങ്ങളായിരുന്നു വെള്ളാപ്പള്ളി നടത്തിയത്. ബിജിമോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീ പീഡന വിരുദ്ധ നിയമം ഇല്ലായിരുന്നെങ്കില്‍ അവരെ പണ്ടേ ആരെങ്കിലും അടിച്ച് കൊക്കയില്‍ കയറ്റേണ്ട കാലം കഴിഞ്ഞെന്നും തുടങ്ങി ബിജിമോളുടെ രൂപത്തെ വരെ വെള്ളാപ്പള്ളി വിമര്‍ശിച്ചു. പ്രവചനാതീതമായ മണ്ഡലത്തില്‍ 314 വോട്ടിന് ബിജിമോള്‍ ജയിച്ച് കയറി.
2016 ലെ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി എതിര്‍ത്ത മറ്റൊരു സ്ഥാനാര്‍ത്ഥി പിജെ ജോസഫായിരുന്നു എന്നാല്‍ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 45587 വോട്ടുകള്‍ക്കായിരുന്നു ജോസഫിന്റെ ജയം. ഇതൊക്കെ കഴിഞ്ഞ 20 വര്‍ഷം കാര്യങ്ങള്‍ മാത്രമാണ്. പുതിയ പ്രവചനവുമായി വെള്ളാപ്പള്ളി വീണ്ടും ശ്രദ്ധ നേടുമ്പള്‍ ഫലങ്ങള്‍ എന്താകുമെന്ന് കണ്ടറിയേണ്ടതുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് ആലപ്പുഴയിലുള്ളത്. ആലപ്പുഴ ലോക്‌സഭ പരിധിയില്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആറും എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുടെ പ്രവചനത്തെ തള്ളിക്കളയാന്‍ കഴിയുകയില്ല. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആലപ്പുഴയില്‍ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ മെയ് 23 വരെ കാത്തിരിക്കേണ്ടതുണ്ട്. കുറഞ്ഞപക്ഷം മറ്റു മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരെയെങ്കിലും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 13, 2019 8:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെള്ളാപ്പള്ളി പിന്തുണയ്ക്കുമ്പോള്‍ ചങ്കിടിക്കുന്നതാരുടെ? പ്രവചനങ്ങളുടെ രണ്ടു പതിറ്റാണ്ട്