വെഞ്ഞാറമൂട് കൂട്ടക്കൊല; അഞ്ചുപേർക്കും നാട് കണ്ണീരോടെ വിട നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട് സാക്ഷിയായത്. അഫാൻ എന്ന 23കാരന്റെ കൊടും ക്രൂരതയിൽ ജീവൻ നഷ്ടമായവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേരാണ് വീടുകളിലേക്ക് എത്തിയത്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവൻപൊലിഞ്ഞ അഞ്ചുപേരുടെ മൃതദേഹങ്ങളും ഖബറടക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട് സാക്ഷിയായത്. അഫാൻ എന്ന 23കാരന്റെ കൊടും ക്രൂരതയിൽ ജീവൻ നഷ്ടമായവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേരാണ് വീടുകളിലേക്ക് എത്തിയത്.
അഫാന്റെ പെൺസുഹൃത്ത് ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയിൻകീഴിലാണ്. പുതൂരിലേക്ക് അടുത്തിടെയാണ് കുടുംബം താമസം മാറിയത്.
പ്രതിയുടെ മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്സാൻ, അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവർക്കായി പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിൽ ഒന്നിച്ചു ഖബറുകൾ ഒരുങ്ങി. അഫ്സാന്റെ മൃതദേഹം പേരുമലയിലേക്കാണ് പൊതു ദർശനത്തിനായി എത്തിച്ചത്. 13 കാരനെ അവസാനമായി കാണാൻ നൂറുകണക്കിന് ആളുകളാണ് അവിടെ എത്തിയത്.
advertisement
പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സൽമാബീവിയുടേ മൃതദേഹം കൊണ്ടുവന്നത്. ലത്തീഫിന്റേയും ഷാഹിദയുടേയും മൃതദേഹങ്ങൾ എസ് എൻ പുരം ചുള്ളാളത്തെ വീട്ടിലേക്കും കൊണ്ട് വന്നു. പൊതുദർശനത്തിന് ശേഷം ഒന്നിച്ചു പാങ്ങോട്ട് ജുമാ മസ്ജിദിൽ എത്തിച്ചു.
advertisement
എന്നും കേട്ടുണരാറുള്ള പാങ്ങോട്ട് ജുമാ മസ്ജിദിലെ ബാങ്കുവിളി അവസാനമായി കേട്ട് സൽമാ ബീവിയുടെ മൃതദേഹം ആദ്യം ഖബറടക്കി. പിന്നാലെ മകനും മകന്റെ ഭാര്യയും പേരമകനും ഉൾപ്പടെ ആ കുടുംബത്തിലെ 4 പേരെയും സംസ്കരിച്ചു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പടെ നിരവധിപേരാണ് അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
February 25, 2025 8:47 PM IST