തൊടുപുഴ: ഭാര്യാമാതാവിനെ വീടുകയറി മര്‍ദിച്ചശേഷം കാല് തല്ലിയൊടിച്ച് മുങ്ങിനടന്ന പ്രതിയെ ആറുവർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തല ഇരുട്ടുതോട് മൂഴിമലയില്‍ അജേഷ് ജേക്കബ് (38) ആണ് പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസുകളില്‍ പ്രതിയായ ശേഷം മുങ്ങിനടക്കുന്നവരുടെ കൂട്ടത്തില്‍നിന്നാണ് അജേഷിന്റെ പേര് പൊലീസിന്റെ ശ്രദ്ധയില്‍വരുന്നത്.
തുടര്‍ന്ന് നടത്തിയ നീക്കത്തില്‍ യൂട്യൂബറായ പ്രതിയെ തന്ത്രപരമായി പോലീസ് പിടികൂടുകയായിരുന്നു. ആറുവര്‍ഷം മുന്‍പാണ് അജേഷ് ഭാര്യാമാതാവിനെ ആക്രമിച്ചത്. സംഭവം കേസായെങ്കിലും അജേഷ് ഒളിവില്‍പോയി. എന്നാല്‍ അടുത്തിടെ മീന്‍പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്തിരുന്നു. ഇതിനായി അജേഷ് തൊടുപുഴ എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ എറണാകുളം മുനമ്പം, ഗോശ്രീ പാലങ്ങള്‍, ബോള്‍ഗാട്ടി എന്നിവിടങ്ങളാണെന്ന് വ്യക്തമായി. ആളൊഴിഞ്ഞ ഭാഗത്തുനിന്നാണ് ചിത്രീകരണമെന്നും പൊലീസ് മനസ്സിലാക്കി. ചിത്രീകരണ സ്ഥലങ്ങളില്‍ മാറ്റാളുകളുടെ സാന്നിധ്യം ഉണ്ടെങ്കില്‍ ഇയാള്‍ സ്ഥലത്തെത്തില്ല. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ എടുക്കാന്‍ പ്രതിക്ക് സഹായം ചെയ്തിരുന്നയാളെ പൊലീസ് കണ്ടെത്തി. ഇയാളില്‍നിന്ന് പ്രതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി മീന്‍പിടിത്തം ഷൂട്ടുചെയ്യാന്‍ താത്പര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചാണ് പിടികൂടിയത്.
തൊടുപുഴ ഡിവൈ എസ് പി ജിം പോളിന്റെ നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി സി വിഷ്ണുകുമാര്‍, എസ് ഐ ബൈജു പി ബാബു, പ്രൊബേഷനറി എസ് ഐ നിഖില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സനീഷ് ടി എ, രതീഷ് നാരായണന്, ഗണേഷ്, ജിഷ, രാജേഷ് കെ വി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Idukki, Kerala police, Thodupuzha, Youtuber