തിരുവനന്തപുരം: ഉദ്ഘാടക സ്ഥാനത്തു നിന്ന് ഒഴിവാക്കിയെന്ന തരത്തില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ വി.കെ.പ്രശാന്ത് എംഎൽഎ. ഭീകരമായ നുണയാണ് തനിക്കെതിരെ എഴുതി വച്ചിരിക്കുന്നതെന്നും ഇതിലൂടെ എന്ത് തരം ആഹ്ളാദമാണ് നേടുന്നതെന്നുമാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎൽഎ ചോദിക്കുന്നത്. മാധ്യമപ്രവർത്തകരെ എപ്പോഴും സ്നേഹത്തോടെയാണ് കാണാറുള്ളതെന്ന് പോസ്റ്റിൽ വ്യക്തമാക്കിയ പ്രശാന്ത്, വ്യാജവാര്‍ത്തകൾ ഒരു വിശദീകരണവും നൽകാതെ തയ്യാറാക്കി പ്രസീദ്ധികരിക്കുന്നവരെ നിങ്ങളാണ് തിരുത്തേണ്ടതെന്നും പറയുന്നു.
തിരുവനന്തപുരം സർക്കിൾ സഹകരണയൂണിയൻ വാരാഘോഷ ചടങ്ങിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന വി കെ പ്രശാന്തിനെ അവസാനനിമിഷം ഒഴിവാക്കിയെന്നും എംഎൽഎയെ പാർട്ടി വെട്ടി നിരത്തിയെന്നുമുള്ള തരത്തിൽ ചില മാധ്യമങ്ങള്‍ വാർത്തകൾ നൽകിയിരുന്നു. ഇത് ഭീകരമായ നുണയാണെന്ന് അറിയിച്ചു കൊണ്ടാണ് എംഎൽഎയുടെ വിശദീകരണ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
എന്ത് തരം ആഹ്ളാദമാണ് നിങ്ങൾക്ക് കിട്ടുന്നത് .
ഇന്ന് രാവിലെ മണ്ഡലത്തിലെ പര്യടന പരിപാടിയ്ക്ക് ഇടയിലാണ് ഈ വാർത്ത ശ്രദ്ധയിൽ പെടുന്നത് . എന്തൊരു ഭീകരമായ നുണയാണ് ഈ എഴുതി പിടിപ്പിച്ചിരിയ്ക്കുന്നത് . എന്താണ് വസ്തുത ? ഈ മാസം 8 മുതൽ 10 വരെ തീരുമാനിച്ചിരുന്ന മണ്ഡല പര്യടനം ആർ എസ് എസ് ക്രിമിനലുകൾ ഡിവൈഎഫ്ഐ ജില്ലാ നേതാക്കളെ ഉൾപ്പെടെ മൃഗീയമായി ആക്രമത്തിച്ചതിന്റെ പശ്ചാത്തലത്തിൽ , ഒരു സംഘർഷം ഉണ്ടാക്കേണ്ടതില്ല എന്ന പാർട്ടിയുടെ തീരുമാനപ്രകാരം 15 മുതൽ 17 വരെ ആക്കിയിട്ടുണ്ട്. അത് നടന്നു വരികയാണ് . സഹകരണ യൂണിയൻ വാർഷികവും നേരത്തെ തീരുമാനിച്ച പരിപാടി ആണ് . ഒരു ഉത്ഘാടനത്തെക്കാൾ പ്രധാനമാണ് മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ടു നന്ദി പറയുന്നത് എന്നാണു എന്റെ എളിയ അഭിപ്രായം . പാർട്ടിയും അങ്ങനെ തന്നെയാണ് കാണുന്നത് . അത് കൊണ്ട് തന്നെ തീയതിയുടെ കാര്യത്തിൽ യാതൊരു പ്രശ്‌നവുമില്ലാതെ ഏറ്റവും ജനകീയമായി പര്യടനം മുന്നോട്ടു പോവുകയാണ് . ഈ പര്യടനത്തിൽ ജനങ്ങളോട് നടത്തിയ അഭ്യർഥന തോർത്തും, പൊന്നാടയും ഒഴിവാക്കി പുസ്തകങ്ങൾ നൽകണം എന്നാണ് . ക്‌ളാസ് റൂം വായനശാലയ്ക്ക് വേണ്ടിയാണ് അത്തരം ഒരു അഭ്യർത്ഥന നടത്തിയത്. ജനങ്ങൾ അത് സർവാത്മനാ ഏറ്റെടുത്തു . പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ലഭ്യമാവുകയാണ് . അങ്ങനെ വളരെ നല്ല നിലയ്ക്ക് മുന്നോട്ടു പോകുമ്പോൾ അതിനിടയിൽ ഇങ്ങനെ അസത്യങ്ങൾ വിളിച്ചു പറയുന്നതിലൂടെ നിങ്ങൾ എന്ത് തരം ആഹ്ളാദമാണ് നേടുന്നത് . മാധ്യമ പ്രവർത്തകരെ വളരെ സ്നേഹത്തോടെ ആണ് എപ്പോഴും കാണാറുള്ളത് . തലസ്ഥാനത്തെ വലിയൊരു വിഭാഗം മാധ്യമ പ്രവർത്തകരുടെ സഹകരണം നഗരസഭയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടും ആയിട്ടുണ്ട് . എന്റെ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകരോട് ഒരു അപേക്ഷയെ ഉള്ളു ,ഇത്തരം വ്യാജ വാർത്തകൾ ഒരു വിശദീകരണവും നൽകാതെ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നവരെ നിങ്ങളാണ് തിരുത്തേണ്ടത്. കൂടുതൽ ഇക്കാര്യത്തിൽ പറയുന്നില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.