KT Jaleel| 'ഇത്രയൊക്കെയായിട്ടും ജലീലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കുന്ന ചേതോവികാരമെന്താണ്?' ; വിടി ബല്‍റാം
- Published by:Gowthamy GG
- news18-malayalam
Last Updated:
കെ.ടി. ജലീലിനെ വച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ എൽഡിഎഫിനോടടുപ്പിക്കാൻ കഴിയും എന്ന് പിണറായി വിജയനും സിപിഎമ്മും ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ ആ ധാരണ തിരുത്താനാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മുന്നോട്ടു വരേണ്ടതെന്ന് ബൽറാം പോസ്റ്റിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം: അഞ്ച് വർഷത്തിനിടെ ഇത്രയുമധികം ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെടി ജലീലിനെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് വി ടി ബൽറാം എംഎൽഎ. ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് ബൽറാമിന്റെ വിമർശനം. ജലീൽ രാജി വച്ചാൽ അധികം വൈകാതെ ആ കുന്തമുന തനിക്ക് നേരെയും നീളുമെന്ന് ഭയന്നിട്ടാണോ അതോ ജലീൽ ഇടനിലക്കാരനായിരിക്കുന്ന മറ്റേതെങ്കിലും സ്ഥാപിത ശക്തികൾ പിണങ്ങുമെന്ന് ഭയന്നിട്ടാണോ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് എന്നും ബൽറാം ചോദിക്കുന്നു.
കെ.ടി. ജലീലിനെ വച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ എൽഡിഎഫിനോടടുപ്പിക്കാൻ കഴിയും എന്ന് പിണറായി വിജയനും സിപിഎമ്മും ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ ആ ധാരണ തിരുത്താനാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മുന്നോട്ടു വരേണ്ടതെന്ന് ബൽറാം പോസ്റ്റിൽ വ്യക്തമാക്കുന്നു. തൻറെ ഹീന പ്രവൃത്തികൾക്ക് മറയൊരുക്കുന്നതിനായി ആളുകളുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും ദുരുപയോഗിക്കുക എന്ന പതിവു തന്ത്രം പുറത്തെടുക്കാൻ ഇത്തവണയെങ്കിലും ജലീൽ തയ്യാറാവില്ല എന്നു പ്രതീക്ഷിക്കുന്നതായും ബൽറാം.
വി. ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
സ്വന്തമായി ഒരു പാർട്ടി അംഗത്വം പോലുമില്ലാത്ത കെ.ടി.ജലീൽ മൂന്ന് തവണയായി എൽഡിഎഫ് എംഎൽഎയാണ്. അഞ്ച് വർഷത്തോളമായി മന്ത്രിയും. ഞാൻ മുൻപൊരിക്കൽ ചോദിച്ചിരുന്നത് പോലെ ഈ സർക്കാരിന് സൽപ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി ഈ അഞ്ച് വർഷത്തിനിടയിൽ മന്ത്രി ജലീലിൻ്റെ ഭാഗത്തു നിന്നുണ്ടായതായി ആർക്കെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയുമോ? ഇല്ലെന്ന് മാത്രമല്ല, ഓരോ കാലത്തും ഇദ്ദേഹം ചെയ്തുവയ്ക്കുന്ന വൃത്തികേടുകൾ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുർവ്വിധിയാണ് ഇടതുപക്ഷാനുഭാവികളായ പാവങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നത്.
advertisement
സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന് രാജിവച്ച് പുറത്ത് പോകേണ്ടി വന്നത് അദ്ദേഹം നടത്തിയ ബന്ധു നിയമനങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ജലീലിനെതിരെ ഉയർന്നത് ബന്ധു നിയമനം മാത്രമല്ല മാർക്ക് തട്ടിപ്പ്, സർവ്വകലാശാല നിയമ ലംഘനം മുതൽ ഇപ്പോൾ കള്ളക്കടത്ത്, നയതന്ത്ര ചട്ടലംഘനം അടക്കമുള്ള നിരവധി ഗുരുതര വിഷയങ്ങളാണ്.
advertisement
ഭരണഘടന പ്രകാരം ഒരു മന്ത്രി തൽസ്ഥാനത്ത് തുടരുന്നത് "ഗവർണറുടെ പ്ലെഷർ" അയാൾക്ക് മേൽ ഉള്ള കാലത്തോളം മാത്രമാണ്. എന്നാൽ നേരത്തേ സർവ്വകലാശാല മാർക്ക് ദാന വിഷയത്തിൽ ബഹു.ഗവർണർ രേഖാമൂലം അതൃപ്തി പ്രകടിപ്പിച്ചയാളാണ് മന്ത്രി ജലീൽ. ഇപ്പോഴിതാ രാജ്യദ്രോഹപരമായ മാനങ്ങളുള്ള ഒരു കേസിൽ കേന്ദ്ര കുറ്റാന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയായും കെ ടി ജലീൽ മാറിയിരിക്കുന്നു.
ഇത്രയൊക്കെയായിട്ടും ജലീലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയെ നിർബ്ബന്ധിതനാക്കുന്ന ചേതോവികാരമെന്താണ്? ജലീൽ രാജി വച്ചാൽ അധികം വൈകാതെ ആ കുന്തമുന തനിക്ക് നേരെയും നീളുമെന്നുള്ള മുഖ്യമന്ത്രിയുടെ അപായഭീതി മാത്രമാണോ കാരണം? അതോ ജലീൽ ഇടനിലക്കാരനായിരിക്കുന്ന മറ്റേതെങ്കിലും സ്ഥാപിത ശക്തികൾ പിണങ്ങുമെന്നുള്ള ഭയമാണോ?
advertisement
കെ.ടി. ജലീലിനെ വച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ/ചില വിഭാഗങ്ങളെ എൽഡിഎഫിനോടടുപ്പിക്കാൻ കഴിയും എന്ന് പിണറായി വിജയനും സിപിഎമ്മും ധരിച്ചു വച്ചിട്ടുണ്ടെങ്കിൽ ആ ധാരണ തിരുത്താനാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മുന്നോട്ടു വരേണ്ടത്.
തൻ്റെ ഹീന പ്രവൃത്തികൾക്ക് മറയൊരുക്കുന്നതിനായി ആളുകളുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും ദുരുപയോഗിക്കുക എന്ന പതിവു തന്ത്രം പുറത്തെടുക്കാൻ ഇത്തവണയെങ്കിലും ജലീൽ തയ്യാറാവില്ല എന്നും പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 12, 2020 4:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel| 'ഇത്രയൊക്കെയായിട്ടും ജലീലിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കുന്ന ചേതോവികാരമെന്താണ്?' ; വിടി ബല്‍റാം