മന്ത്രി ജലീലിന് എതിരെ വീണ്ടും മാർക്ക് ദാന ആരോപണം

Last Updated:

അദാലത്ത് നടത്തി തോറ്റ വിദ്യാർത്ഥികൾക്ക് മാർക്ക് ദാനം ചെയ്തു എന്നാണ് ആരോപണം

#ആർ. കിരൺ ബാബു
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് എതിരെ മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം ജി സർവ്വകലാശാലയിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്ത് അദാലത്ത് നടത്തി തോറ്റ വിദ്യാർത്ഥികൾക്ക് മാർക്ക് ദാനം ചെയ്തു എന്നാണ് ആരോപണം. അക്കാദമിക് വിഷയങ്ങളിൽ തീരുമാനം എടുക്കാൻ അധികാരം ഇല്ലാത്ത അദാലത്തിൽ എടുത്ത തീരുമാനം ചട്ടവിരുദ്ധവും അഴിമതിയും ആണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മന്ത്രി രാജിവച്ച് ജ്യുഡീഷ്യൽ അന്വേഷണം നേരിടണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച മന്ത്രി സർവ്വകലാശാലാ സിൻഡിക്കേറ്റ് തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്നും വിശദീകരിച്ചു. ഒരു വിദ്യാർത്ഥിയുടെ ന്യായമായ ആവശ്യം അദാലത്തിൽ വന്നാൽ അത് പരിഗണിക്കണം എന്ന നിർദ്ദേശം സ്വാഭാവികമായും ഉണ്ടാകും. അതിനാണ് അദാലത്ത് നടത്തുന്നത്. മാർക്ക് കൂട്ടി നൽകാനുളള തീരുമാനം അദാലത്തിന്റേതല്ല, സിൻഡിക്കേറ്റിന്റേതാണെന്നും മന്ത്രി വിശദീകരിച്ചു.
advertisement
അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും പരാജയം ഉറപ്പായത് കണ്ടാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം എന്നും കെ.ടി. ജലീൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവിന്റെ ആരോപണം ഇങ്ങനെ
പരീക്ഷയിൽ തോറ്റ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് അനധികൃതമായി ഒരു മാർക്ക് കൂട്ടി നൽകി ജയിപ്പിക്കാൻ മന്ത്രി കെ.ടി. ജലീൽ ഇടപെട്ടു. എം.ജി. സര്‍വ്വകലാശാലയിൽ അദാലത്തിന്റെ മറവിലാണ് മാര്‍ക്ക് ദാനം. മുമ്പ് സർവ്വകലാശാല തന്നെ നിരസിച്ച ആവശ്യമാണ് അദാലത്തിൽ അംഗീകരിച്ചത്. ഇതേത്തുടർന്ന് സിൻഡിക്കേറ്റ് യോഗം തോറ്റ എല്ലാ വിദ്യാർത്ഥികൾക്കും മോഡറേഷന് പുറമേ അഞ്ച് മാർക്ക് വരെ നൽകാൻ തീരുമാനിച്ചു. വിവിധ സർവ്വകലാശാലകളിൽ ഇതുപോലെ അദാലത്ത് നടത്തി മാർക്ക് ദാനം നടത്തിയിട്ടുണ്ട്.
advertisement
പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി
തോറ്റ വിഷയം ജയിക്കാൻ ഒരു വിദ്യാർത്ഥി ഒരു മാർക്ക് ആവശ്യപ്പെട്ടപ്പോൾ തോറ്റ എല്ലാ വിദ്യാർത്ഥികൾക്കും അഞ്ച് മാർക്ക് വരെ നൽകാനുളള തീരുമാനത്തെ പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
2019 ഫെബ്രുവരിയില്‍ കോട്ടയം സര്‍വ്വകലാശാലയില്‍ നടന്ന ഫയല്‍ അദാലത്തില്‍ കോതമംഗലത്തെ സ്വാശ്രയ കോളേജിലെ ഒരു ബി.ടെക് വിദ്യാര്‍ത്ഥിനി ആറാം സെമസ്റ്റര്‍ സപ്‌ളിമെന്ററി പരീക്ഷയില്‍ എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. എന്നാല്‍ നേരത്തെ ഈ കുട്ടിക്ക് എന്‍.എസ്.എസ്. ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാല്‍ വീണ്ടും അനുവദിക്കാന്‍ ചട്ടമില്ലെന്നു കാണിച്ച് സര്‍വ്വകലാശാലാ ഉദ്യോഗസ്ഥര്‍ കുറിപ്പെഴുതി. അപേക്ഷ പരിഗണിക്കാനാവില്ലെന്ന് കാണിച്ച് ജോയിന്റ് രജിസ്ട്രാറും തീര്‍പ്പു കല്പിച്ചു. അപേക്ഷ വൈസ് ചാന്‍സലറും തളളി.
advertisement
എന്നാൽ അദാലത്തിൽ ഈ കുട്ടിയുടെ അപേക്ഷയിൽ മാർക്ക് കൂട്ടി നൽകാൻ തീരുമാനിച്ചു. മന്ത്രിക്ക് താൽപ്പര്യമുളള വിഷയമായതിനാൽ സിൻഡിക്കേറ്റ് ഔട്ട് ഓഫ് അജണ്ടയായി ഈ വിഷയം പരിഗണിച്ചു. സമാന ആവശ്യങ്ങൾ വേറെയും ഉയർന്നു. ഒടുവിൽ സര്‍വ്വകലാശാല ബി.ടെക്ക്. പരീക്ഷകളില്‍ ഏതെങ്കിലും സെമസ്റ്ററുകളില്‍ ഏതെങ്കിലും ഒരു വിഷയം മാത്രം വിജയിക്കാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള മോഡറേഷന് പുറമേ പമാവധി അഞ്ചു മാര്‍ക്ക് കൂടി നൽകി വിജയിപ്പിക്കാൻ തീരുമാനിച്ചു.
സര്‍വ്വകലാശാലാ ചട്ടമനുസരിച്ച് പരീക്ഷകളില്‍ മാര്‍ക്ക് കൂട്ടി നൽകാനുളള അധികാരം പാസ് ബോര്‍ഡുകള്‍ക്കാണ്. അതും റിസല്‍ട്ട് വരുന്നതിന് മുന്‍പ്. പരീക്ഷയുടെ ടാബുലേഷന്‍ ജോലികള്‍ തീര്‍ന്ന ശേഷം എക്‌സാമിനേഷന്‍ പാസ് ബോര്‍ഡ് ചേര്‍ന്ന് പരീക്ഷയുടെ കാഠിന്യം, വിദ്യാര്‍ത്ഥികളുടെ മൊത്തത്തിലുള്ള പ്രകടനം, പരാതികള്‍, എക്‌സാമിനര്‍മാരുടെ അഭിപ്രായം തുടങ്ങിയവ വിലയിരുത്തി മോഡറേഷന്‍ നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കും.
advertisement
നൽകുന്നെങ്കിൽ എത്ര മാര്‍ക്ക് വരെ എന്നതും തീരുമാനിക്കും. അതാണ് നടപ്പാക്കുക. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് റീവാല്യുവേഷന്‍ മാത്രമാണ് മാർക്ക് മാറ്റത്തിനുളള ഏക വഴി. ഫലം വന്ന ശേഷം മാര്‍ക്ക് കൂട്ടി നല്‍കി തോറ്റവരെ ജയിപ്പിക്കാന്‍ സവ്വകലാശാലാ സിന്റിക്കേറ്റിന് അധികാരമില്ല.
മന്ത്രിക്ക് അധികാരമില്ല
മന്ത്രിക്ക് സര്‍വ്വകലാശാലയുടെ അക്കാദമിക്ക് വിഷയങ്ങളിൽ ഇടപെടാന്‍ അധികാരമില്ല. സര്‍വ്വകലാശാല നിയമത്തില്‍ പ്രൊ ചാന്‍സലര്‍ എന്ന നിലയില്‍ പരിമിതമായ അധികാരം മാത്രമേ മന്ത്രിക്കുള്ളൂ. ചാന്‍സലറായ ഗവര്‍ണറുടെ അസാന്നിദ്ധ്യത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വഹിക്കാം. ഇവിടെ മന്ത്രി ഇല്ലാത്ത അധികാരമാണ് പ്രയോഗിച്ചു എന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയർത്തുന്നത്.
advertisement
സിൻഡിക്കേറ്റ് തീരുമാനത്തിന്റെ പകർപ്പും വീഡിയോ തെളിവുകളും സഹിതമാണ് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്. അദാലത്തിൽ മന്ത്രി വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുന്നതും പ്രൈവറ്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതും പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പങ്കെടുക്കുന്നതും പ്രസംഗിക്കുന്നതും വീഡിയോയിൽ ഉണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ജലീലിന് എതിരെ വീണ്ടും മാർക്ക് ദാന ആരോപണം
Next Article
advertisement
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope November 18 | പങ്കാളിയുമായി ആശയവിനിമയം നടത്തുക; പ്രണയത്തിന് മുൻഗണന നൽകുക: ഇന്നത്തെ പ്രണയഫലം അറിയാം
  • തുറന്ന ആശയവിനിമയം പ്രണയബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും

  • വൃശ്ചികം രാശിക്കാർക്ക് പ്രണയപരവും സംതൃപ്തവുമായ ഒരു ദിവസമായിരിക്കും

  • തുലാം രാശിക്കാർക്ക് അഭിപ്രായവ്യത്യാസങ്ങൾ

View All
advertisement