തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നടത്തിയ സർവ്വേകളിലൊന്നും കേരളത്തിലെ കോൺഗ്രസിന് ആശ്വസിക്കാൻ വകയില്ല. അതുകൊണ്ടുതന്നെ സ്ഥാനാർഥി നിർണയത്തിൽ ശക്തമായ ഇടപെടലിനാണ് കേന്ദ്ര നേതാക്കൾ തലസ്ഥാനത്ത് പറന്നിറങ്ങിയത്. എന്നാൽ എഐസിസി നേതാക്കൾ മനസിൽ കണ്ടത് മുഴുവൻ നടപ്പാക്കാൻ സാധിച്ചോ? യുവാക്കൾ, വനിതകൾ, പുതുമുഖങ്ങൾ എന്നിവർക്ക് 50 ശതമാനം സീറ്റ് നൽകുമെന്നായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ ഉമ്മൻചാണ്ടി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ തുടർ ചർച്ചകളിൽ ഇത് 60 ശതമാനം സീറ്റുകളിൽ വരെയായി.
ഇന്നലെ നടന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷം അധ്യക്ഷൻ കെ.എച്ച് പാട്ടീൽ തന്നെ ഇക്കാര്യം വ്യക്തമാക്കി. സിപിഎം പരമാവധി പുതുമുഖങ്ങൾക്ക് അവസരം നൽകുമ്പോൾ പ്രതിരോധിക്കാൻ കോൺഗ്രസും തയ്യാറെടുക്കയാണ്. പക്ഷേ എഐസിസി ലക്ഷ്യമിട്ട മാനദണ്ഡങ്ങളിൽ ചിലത് സ്ക്രീനിങ് കമ്മിറ്റിയിൽ ആവിയായി.
Also Read രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ
രണ്ട് തവണ തുടർച്ചയായി ജയിച്ചവർക്ക് സി.പി.എമ്മിൽ സീറ്റില്ല, കോൺഗ്രസിലാകട്ടെ രണ്ട് തവണ തോറ്റതാണ് സീറ്റ് നിഷേധിക്കാനുള്ള മാനദണ്ഡം. സ്ക്രീനിങ് കമ്മിറ്റി അംഗം ഉൾപ്പടെ പങ്കെടുത്ത യോഗത്തിൽ പുറത്തുവരാത്ത മറ്റൊരു മാനദണ്ഡം കൂടി ചർച്ച ചെയ്യപ്പെട്ടിരുന്നു. തുടർച്ചയായി നാലു തവണ എം.എൽഎയായിരുന്നവർ മൽസരിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡിന്റ നിർദേശം. ഇളവ് ഉമ്മൻചാണ്ടിക്ക് മാത്രം. ഇത് നടപ്പാക്കാനായിരുന്നു തെരഞ്ഞെടുപ്പ് സമിതിയോഗത്തിലെ തീരുമാനവും. കെ.സി ജോസഫ്, വി ഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവരെ ഈ നിബന്ധന ബാധിക്കും. ഇവരിൽ ചിലരെ ഉമ്മൻചാണ്ടി തന്നെ ഫോണിൽ വിളിച്ച് കാര്യം അറിയിച്ചു. മാറി നിന്നാൽ സീറ്റ് നഷ്ടപ്പെടുമെന്നുള്ളർക്ക് ഇളവ് നൽകാമെന്നും ഉറപ്പ് നൽകി. എന്നാൽ ആ നിബന്ധന ഉൾപ്പെടുത്തരുതെന്നും അത് തെറ്റായ സന്ദേശമുണ്ടാക്കുമെന്നുമായിരുന്നു സീറ്റ് നഷ്ടപ്പെടുന്നവരുടെ പ്രതികരണം. വിഡി സതീശനും തിരുവഞ്ചൂരുമാണ് നീക്കത്തെ എതിർത്തത്. ഇതോടെ ഹൈക്കമാൻഡിന്റ നിർദേശം സമിതിക്ക് തള്ളേണ്ടിവന്നു.
Also Read 'ത്രികാലജ്ഞാനിയാണ് സ്വാമി...'; ഐഫോണ്‍ വിവാദത്തില്‍ സന്ദീപാനന്ദഗിരിയെ ട്രോളി കെ.എസ് ശബരീനാഥന്‍
20 വർഷം ജനപ്രതിനിധികളായിരുന്നവർ മാറണമെന്ന നിബന്ധന പ്രാവർത്തികമായിരുന്നെങ്കിൽ നഷ്ടം ഇരു ഗ്രൂപ്പുകൾക്കുമുണ്ട്. എ ഗ്രൂപ്പിൽ പ്രമുഖരായ കെസി ജോസഫും തിരുവഞ്ചൂരും മാറി നിൽക്കേണ്ടി വരും. ഐ ഗ്രൂപ്പിൽ നിന്ന് വിഡി സതീശനും എ പി അനിൽകുമാറും മാറേണ്ടി വരും. നഷ്ടം ഗ്രൂപ്പുകൾക്കാണെങ്കിലും ഈ നീക്കത്തിലൂടെ എന്തെങ്കിലും തരത്തിലുളള നേട്ടം കണക്കുകൂട്ടിയവരുണ്ടോ.
സംവാദത്തിൽ തോമസ് ഐസകിനോട് ഏറ്റുമുട്ടി താരപരിവേഷത്തിലാണ് വി ഡി സതീശൻ 2011 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. യുഡിഎഫ് ജയിച്ച് മന്ത്രിസഭ വന്നപ്പോൾ ഉറപ്പായും മന്ത്രി സ്ഥാനത്തേക്ക് സതീശനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. സതീശനെ അന്ന് കടുംവെട്ട് വന്നത് ഡൽഹിയിൽ നിന്നാണെന്നായിരുന്നു പിന്നീടുളള അണിയറ സംസാരം. ഡൽഹിയിൽ അന്ന് കരുനീക്കിയവർ തന്നയാണോ ഇത്തവണയും സതീശനെ ലക്ഷ്യമിട്ട് നാല് ടേം നിബന്ധന കൊണ്ടുവന്നതെന്ന ചോദ്യവുമുണ്ട്. എന്തായാലും തന്ത്രശാലിയായ ഉമ്മൻചാണ്ടിയുടെ ആ ചെക്കിൽ നാല് വിജയം നേടിയവർ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് അവസരം നൽകേണ്ട എന്നതാണ് മറ്റൊരു മാനദണ്ഡം. തുടർച്ചയായ രണ്ട് നിയമസഭാ പരാജയം ഏറ്റുവാങ്ങിയവരിൽ പ്രമുഖൻ എം ലിജു മാത്രം. ലോക്സഭയിലും നിയമസഭയിലും പരാജയപ്പെട്ടവർ എന്ന മാനദണ്ഡം വന്നിരുന്നെങ്കിൽ ഗ്രൂപ്പ് മാനേജർമാരിൽ നിരവധി പേർ പുറത്തു പോയെനെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Central Election commission, Congress, KC venugopal, Kerala Assembly Election 2021, Kerala Assembly Polls 2021, Oomman chandy, Vd satheeasan