സാമൂഹ്യ മാധ്യമ നിയന്ത്രണ ആക്ടിന്റെ മറവിൽ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു: ഇടതു സർക്കാരിനെതിരെ വെൽഫെയർ പാർട്ടി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
വ്യക്തികൾക്ക് സമൂഹമധ്യത്തിൽ തന്റെ കണ്ടെത്തലുകളും അഭിപ്രായങ്ങളും തികച്ചും നിർഭയമായി പറയുവാനുള്ള അവകാശമാണ് ജനാധിപത്യ ക്രമത്തിൽ നിലനിൽക്കേണ്ടത്.
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപം തടയാനെന്ന പേരിൽ പോലീസ് ആക്ടിൽ ഇടതു സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതി ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. വ്യക്തികളെ അപമാനപ്പെടുത്തുക, അപകീർത്തിപ്പെടുത്തുക പോലുള്ള കാര്യങ്ങളെ മുൻനിർത്തി സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ പൊലീസ് അധികാരമുപയോഗിച്ച് നിയന്ത്രിക്കാനുള്ള തീരുമാനം തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അത്തരം ഇടപെടലുകൾ നടത്തുന്ന വ്യക്തികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അമിതാധികാരം പോലീസ് സേനയ്ക്ക് നൽകുന്നത് പൗരാവകാശ ലംഘനവും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പലപ്പോഴും സർക്കാറിന്റേയും പൊലീസ് അടക്കമുള്ള വിവിധ ഭരണകൂട സംവിധാനങ്ങളുടെയും ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ സമൂഹമധ്യത്തിൽ ചർച്ചയാക്കുന്നതിൽ സൈബർ ഇടങ്ങൾ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇതിനെ ഏകപക്ഷീയമായി റദ്ദ് ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പൊതുജനാഭിപ്രായം തേടാതെ പോലീസ് ആക്ടിലെ 118-ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് 118 എ ക്യാബിനറ്റ് പാസാക്കിയത്.
Also Read മന്ത്രി ജലീലിനെതിരെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; എടപ്പാൾ സ്വദേശി യാസറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
വ്യക്തികൾക്ക് സമൂഹമധ്യത്തിൽ തന്റെ കണ്ടെത്തലുകളും അഭിപ്രായങ്ങളും തികച്ചും നിർഭയമായി പറയുവാനുള്ള അവകാശമാണ് ജനാധിപത്യ ക്രമത്തിൽ നിലനിൽക്കേണ്ടത്. ഐടി നിയമത്തിലെ 66 എ വകുപ്പും കേരള പോലീസ് നിയമത്തിലെ 118 ഡി വകുപ്പും ഭരണഘടനാവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി 2015 - ൽ റദ്ദ് ചെയ്തിരുന്നു. പ്രസ്തുത വകുപ്പുകളുടെ ചുവടുപിടിച്ച് പുതുതായി സംസ്ഥാന സർക്കാർ ചുട്ടെടുക്കുന്ന ഭേദഗതി ഭരണകൂടത്തിന്റെ അതിക്രമങ്ങൾക്ക് നേരെയുള്ള ഇടപെടലുകളെ തടയിടുന്നതിനു വേണ്ടിയാണ് എന്നുള്ളത് വ്യക്തമാണ്.
advertisement
സൈബർ മേഖലയിൽ നടക്കുന്ന ദുരുപയോഗത്തെ തടയുന്നതിന് വിശദമായ പൊതുജനാഭിപ്രായം തേടിക്കൊണ്ടുള്ള സമഗ്രമായ നിയമനിർമാണമാണ് സർക്കാർ നടത്തേണ്ടത്. സമൂഹ മാധ്യമങ്ങളെ കൂടാതെ നിലവിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം കൂടിയായി മാറുന്ന പോലീസ് ആക്ടിലെ പുതിയ ഭേദഗതി എന്തുവിലകൊടുത്തും ചെറുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 23, 2020 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമൂഹ്യ മാധ്യമ നിയന്ത്രണ ആക്ടിന്റെ മറവിൽ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു: ഇടതു സർക്കാരിനെതിരെ വെൽഫെയർ പാർട്ടി

