മദ്യസെസ് പിരിച്ചിട്ടും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരേ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും വിശദീകരണം തേടിയിരുന്നു
കൊച്ചി: പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്ത് യാചനാസമരം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച മറിയക്കുട്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. അഞ്ച് മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്നാണ് മറിയക്കുട്ടിയുടെ ഹര്‍ജിയിലെ ആക്ഷേപം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും വിശദീകരണം തേടിയിരുന്നു. പെന്‍ഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ട്. ഇതുവരെ പിരിച്ച തുക പെന്‍ഷന്‍ നല്‍കാന്‍ മതിയായതാണ്. പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കണം. ഭാവിയില്‍ പെന്‍ഷന്‍ കുടിശ്ശിക വരുത്തരുതെന്നുമാണ് മറിയക്കുട്ടിയുടെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക.
പെന്‍ഷന്‍ മുടങ്ങിയതിനാല്‍ മരുന്ന് ഉള്‍പ്പെടെ മുടങ്ങിയെന്ന് മറിയക്കുട്ടി ഹര്‍ജിയില്‍ പറയുന്നു. യാചനാ സമരം നടത്തിയതിനു പിന്നാലെ മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നു ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. തുടര്‍ന്ന് മറിയക്കുട്ടിയുടെ പേരില്‍ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ കത്തു നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ വാര്‍ത്തയില്‍ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ വിദേശത്താണെന്ന രീതിയില്‍ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത പിശകാണെന്നും ഖേദപ്രകടനത്തില്‍ പറഞ്ഞു.
advertisement
മറിയക്കുട്ടിയുടെ സഹോദരി റെയ്ച്ചല്‍ വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസം. ഇതാണ് തെറ്റിദ്ധരിക്കാന്‍ ഇടയായതെന്നും ദേശാഭിമാനി വിശദീകരിച്ചു. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമി ഉണ്ടായിരുന്നു. എന്നാലിതിന് പട്ടയമില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വിറ്റു. ഇപ്പോള്‍ ഇരുന്നൂറേക്കര്‍ എന്ന സ്ഥലത്താണ് മറിയക്കുട്ടിയുടെ താമസം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 20, 2023 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യസെസ് പിരിച്ചിട്ടും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരേ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും