സബ്‌സിഡിക്കു മാത്രമായി ഓഫീസുകൾ; സ്വയം ചികിൽസിക്കാൻ കർഷകർ

Last Updated:

പത്തനംതിട്ട ജില്ലയുടെ കിഴക്കേയറ്റത്തുള്ള ശബരിമലയേക്കുറിച്ച് രാജ്യ വ്യാപകമായി ചർച്ച ചെയ്യുമ്പോഴാണ് പടിഞ്ഞാറേയറ്റത്തുള്ള പെരിങ്ങരയിലെ രണ്ടു മരണങ്ങളോ അവയുടെ കാരണങ്ങളോ ശ്രദ്ധയാകർഷിക്കാതെ പോകുന്നത്. നാട്ടിൽ 90 ശതമാനം പേരും ' അരിയാഹാരം ' കഴിക്കുന്നവരായിട്ടും നെല്ലിന് മരുന്നടിച്ച് രണ്ടു പേർ മരിച്ചത് എങ്ങനെയെന്ന് ആരും ചോദിച്ചില്ല. മാധ്യമങ്ങൾ കണ്ണടയ്ക്കുമ്പോൾ മൂന്നാം കണ്ണാകുന്ന സാമൂഹ്യ മാധ്യമങ്ങളും കണ്ണടച്ചിരുപ്പാണ്. മലയാളത്തിലും സംസ്‌കൃതത്തിലും 'കണ്ടം വഴി ഓടാൻ' ആഹ്വാനം ചെയ്യുന്ന സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും 'കണ്ടത്തിൽ' രണ്ടു മരണം ഉണ്ടായിട്ട് നിശബ്ദരാണ്.

ചന്ദ്രകാന്ത് വിശ്വനാഥ്
ഒരു അസുഖം വന്നാൽ ചികിൽസിക്കാൻ അടുത്തെങ്ങും ഡോക്ടർ ഇല്ലാതെ വരുമ്പോൾ സ്വയം ചികിത്സ നടത്തി കുഴപ്പത്തിലാകുന്നതിനു തുല്യമാണ് തിരുവല്ല പെരിങ്ങരയിലെ കർഷകരുടെ അവസ്ഥ. " ഒരു ലിറ്റർ വെള്ളത്തിൽ 10 മില്ലി കലക്കിയാൽ പുഴു പോകുന്നില്ല. എന്നാപ്പിന്നെ 20 മില്ലി അടിച്ചേക്കാം എന്ന മട്ടിലാണ് കാര്യങ്ങൾ. കൃഷി ഓഫിസുകൾ സബ്‌സിഡി നൽകാനുള്ള കേന്ദ്രങ്ങളായി മാറിയതിന്റെ ഫലമാണ്. കീട ബാധയുണ്ടായാൽ പാടത്തു വന്നു കണ്ട് ഫലപ്രദമായ കീട നാശിനി പറഞ്ഞു തരാൻ ആളില്ല. സ്വാഭാവികമായും കർഷകർ അവർക്കു തോന്നുന്ന തരത്തിൽ. അത് എങ്ങനയൊക്കെയാകുമെന്നു പറയാൻ വയ്യ", പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, സംസ്ഥാന കാർഷിക വികസന ബോർഡ് എന്നിവയിലെ അംഗവും അപ്പർ കുട്ടനാട് കർഷക സംഘം പ്രസിഡന്‍റുമായ സാം ഈപ്പൻ പറഞ്ഞു. മൂന്നു മാസമായി ഇവിടെ കൃഷി ഓഫീസർ ഇല്ലാതായിട്ട് . " ഞങ്ങൾ ഡയറക്ടറേറ്റിൽ ചെന്ന് പറഞ്ഞ് പുതിയ ഓഫീസർ ഓർഡറായിട്ടുണ്ട്. ട്രാൻസ്ഫർ ആണ്. ചാർജ് എടുത്തിട്ടില്ല. ഉടൻ വരുമെന്ന് കരുതുന്നു" അദ്ദേഹം പറഞ്ഞു.
advertisement
ഈ മരണത്തെക്കുറിച്ച് നാം നിശബ്ദരാകുന്നത് എന്തുകൊണ്ട്?
തിരുവല്ലയിൽ നിന്നും നാലു കിലോമീറ്റർ പടിഞ്ഞാറു മാറി പെരിങ്ങര, കാവുംഭാഗം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പെരിങ്ങര പഞ്ചായത്തിന് 16.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. അതിരുകൾ കിഴക്കുഭാഗത്ത് തിരുവല്ല മുനിസിപ്പാലിറ്റിയും പടിഞ്ഞാറുഭാഗത്ത് മുട്ടാർ വില്ലേജും തെക്കുഭാഗത്ത് നെടുമ്പ്രം വില്ലേജും വടക്കുഭാഗത്ത് പായിപ്പാട് പഞ്ചായത്തുമാണ്. സമുദ്രനിരപ്പിൽനിന്ന് താഴെ വെള്ളക്കെട്ടുകൾ നിറഞ്ഞ കുട്ടനാട്ടിൽ ഉൾപ്പെട്ട ഈ പഞ്ചായത്ത് 1956 വരെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു.
advertisement
പത്തനംതിട്ട ജില്ലയിലെ 60 ശതമാനം നെൽകൃഷിയും ഇവിടെയാണ്. ഏതാണ്ട് ആയിരത്തോളം കർഷകരും മൂവായിരത്തിലേറെ ഏക്കർ നെൽ കൃഷിയുമുണ്ടിവിടെ. നാട്ടുകാരും ബംഗാളികളുമായി രണ്ടായിരത്തോളം പേർ കാർഷിക വൃത്തി ചെയ്യുന്നു. രണ്ടു പേർ മരിക്കാനിടയായ വേങ്ങൽ ഇരുകര പാടശേഖരം ഏതാണ്ട് 200 ഏക്കർ വരും. "കർഷകർ രണ്ടു തരത്തിലുണ്ട്. ഉപജീവനമായി കൃഷി ചെയ്യുന്നവരും കാഴ്ചയ്ക്കു വേണ്ടി നടത്തുന്നവരും. രണ്ടാമത്തെ കൂട്ടർക്ക് ലാഭമോ നഷ്ടമോ പ്രശ്നമല്ല. ഉപജീവനത്തിനായി ചെയ്യുന്നവർക്ക് കൃഷി നഷ്ടമാണ് . കൃഷി ആദായകരമാക്കാൻ ചെയ്യുന്ന മാർഗങ്ങൾ അപകടം വിളിച്ചു വരുത്തുന്നു എന്ന് പറയാതിരിക്കാൻ വയ്യ, " 1953 ൽ രൂപീകരിച്ച പെരിങ്ങര പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് കൂടിയായ സാം ഈപ്പൻ പറഞ്ഞു.
advertisement
കാർഷിക ജോലികൾക്കായി ആളെ കിട്ടാതിരിക്കുകയും ചിലവ് കൂടുകയും ചെയ്യുമ്പോൾ എളുപ്പ പണി തേടി പോകുന്നവരാണ് അധികവും. " ഉദാഹരണത്തിന് ഒരേക്കർ പുരയിടം കാടു വെട്ടിത്തെളിക്കാൻ ആളെ നിർത്തുന്നതിന്റെ പത്തിലൊന്നു ചെലവിൽ മരുന്നടിച്ചാൽ കാര്യം നടക്കും. 800 രൂപ കൊടുത്താലേ ഒരാളെ ഒരു ദിവസം പണിക്ക് കിട്ടൂ.രണ്ടാഴ്ച അത്തരമൊരാൾ ചെയ്യുന്ന പണി 1500 രൂപ ചെലവാക്കി റൗണ്ട് അപ്പ് പോലെയുള്ള മരുന്നടിച്ചാൽ തീരും," ഒരു കർഷകൻ പറഞ്ഞു. എന്നാൽ ഈ കീടനാശിനി പ്രയോഗം രണ്ടു തരത്തിലാണ് ദോഷം ചെയ്യുന്നത്. മഴ വരുമ്പോൾ പുരയിടത്തിൽ നിന്നും വെള്ളം ഒഴുകി ജലസ്രോതസുകളിലേക്ക് ചേരും. കൂടാതെ മണ്ണിൽ ലയിച്ച് ഭൂഗർഭസ്രോതസുകളെ മലിനമാക്കും.
advertisement
വേണ്ടത്ര മുൻകരുതൽ ഇല്ലാതെ തൊഴിലാളികൾ കീടനാശിനി തളിക്കുന്നതും അപകടം വരുത്തി വെക്കുന്നുണ്ട്. "മുമ്പ് 10 ശതമാനം മാത്രം വിഷാംശമുള്ള ഡി ഡി ടി തളിക്കുമ്പോൾ എടുത്തിരുന്നതിന്റെ നൂറിൽ ഒരംശം പോലും 100 ശതമാനം വിഷമുള്ള കീടനാശിനികൾ ഉപയോഗിക്കുമ്പോൾ എടുക്കുന്നില്ല എന്നതാണ് വാസ്തവം." സാം ഈപ്പൻ പറഞ്ഞു.
തയ്യാറാക്കിയത്- ചന്ദ്രകാന്ത് വിശ്വനാഥ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സബ്‌സിഡിക്കു മാത്രമായി ഓഫീസുകൾ; സ്വയം ചികിൽസിക്കാൻ കർഷകർ
Next Article
advertisement
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെമുതൽ
  • യുപിഐ ഇടപാടുകൾക്ക് ഇനി ബയോമെട്രിക് ഓതൻ്റിക്കേഷൻ, ഒക്ടോബർ 8 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

  • ഉപയോക്താക്കളുടെ സുരക്ഷയും സൗകര്യവും വർദ്ധിപ്പിക്കാൻ ആധാർ ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് ഓതൻ്റിക്കേഷൻ.

  • മുംബൈ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സംവിധാനം പ്രദർശിപ്പിക്കാൻ എൻപിസിഐ പദ്ധതിയിടുന്നു.

View All
advertisement