മഫ്തിയിലെത്തിയപ്പോൾ തടഞ്ഞതിന് പൊലീസുകാരിക്ക് സസ്പെൻഷൻ: കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ ആരാണ്?
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡ് കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയതിലൂടെയും ഐശ്വര്യ വാർത്തകളിൽ നിറഞ്ഞു. അരമണിക്കൂറിനുള്ളില്‍ ഹൃദയം കൊച്ചിയിലെത്തിക്കാൻ ഐശ്വര്യയുടെ സമയോജിത ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞു.
മഫ്തിയിലെത്തിയപ്പോള്‍ തടഞ്ഞ പൊലീസുകാരിയെ ട്രാഫിക്ക് ഡ്യൂട്ടിലേക്ക് മാറ്റിയതോടെയാണ് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ വീണ്ടും വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി സിറ്റി ഡിസിപിയായി ഐശ്വര്യ ചാര്‍ജെടുത്തത്. ഇതോടെ ഐശ്വര്യ ഡോങ്റെ ആരാണെന്ന് തിരയുകയാണ് സോഷ്യൽമീഡിയ.
മുംബൈയിൽ നിന്ന്
1995ൽ മുംബൈയിലാണ് ഐശ്വര്യ ഡോങ്റെ ജനിച്ചത്. എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ഡാങ്‌റെയുടെയും അഞ്ജലി ഡോങ്റെയുടെയും മകൾ. പഠിച്ചതും ഉന്നത വിദ്യാഭ്യാസം നേടിയതും മുംബൈയിൽ. മുംബൈ സെന്റ് സേവിയേഴ്‌സ് കോളജില്‍ ഇക്കണോമിക്‌സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി. ഐഎഎസ് ആഗ്രഹിച്ചാണ് 2017ൽ സിവില്‍ സർവീസ് പരീക്ഷ എഴുതിയത്. ആദ്യ പരിശ്രമത്തില്‍ തന്നെ 196ാം റാങ്ക് നേടി. തുടര്‍ന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു. 25കാരിയായ ഐശ്വര്യ അവിവാഹിതയാണ്.
ശംഖുമുഖം അസി. കമ്മീഷണർ
2019 സെപ്തംബറിലായിരുന്നു ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായി ചുമതലയേറ്റത്. ജൂലൈ മാസത്തില്‍ പൂന്തുറ കോവിഡ് ഹോട്ട്‌സ്‌പോട്ടായപ്പോള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അന്ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറായ ഐശ്വര്യ മുന്നിട്ടിറങ്ങി. കലുഷിതമായി നിന്ന അന്തരീക്ഷം തണുപ്പിക്കുന്നതിനും സമവായ ശ്രമങ്ങൾക്കും യുവ പൊലീസ് ഓഫീസർ നേതൃത്വം നൽകിയതോടെ അവർ ശ്രദ്ധിക്കപ്പെട്ടു.
advertisement
Also Read- മഫ്തിയിലെത്തിയപ്പോൾ തടഞ്ഞ പൊലീസുകാരിക്ക് സ്ഥലം മാറ്റം; വിശദീകരണവുമായി ഡിസിപി ഐശ്വര്യ ഡോങ്റെ
കോവിഡ് കാലത്ത് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ ഹൃദയം കൊച്ചിയിലെത്തിക്കാന്‍ നേതൃത്വം നല്‍കിയതിലൂടെയും ഐശ്വര്യ വാർത്തകളിൽ നിറഞ്ഞു. അരമണിക്കൂറിനുള്ളില്‍ ഹൃദയം കൊച്ചിയിലെത്തിക്കാൻ ഐശ്വര്യയുടെ സമയോജിത ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞു. ഒരു ജീവനും രക്ഷിച്ചു. ഇതോടെ സോഷ്യൽമീഡിയയിൽ നിറഞ്ഞ കൈയടികളാണ് ഐശ്വര്യ ഡോങ്റെക്ക് ലഭിച്ചത്.
വിവാദം
എറണാകുളം നോർത്തിലെ വനിതാ പൊലീസ് സ്റ്റേഷനിലെ പാറാവ് ജോലി ചെയ്ത പൊലീസുകാരി, മഫ്തിയിൽ കടന്നുവന്ന ഐശ്വര്യയെ തടയുകയായിരുന്നു. ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഈ പൊലീസുകാരിയെ ഡിസിപി രണ്ടുദിവസത്തേക്ക് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റി. സ്റ്റേഷനിലേക്ക് ഒരു യുവതി കയറി വന്നപ്പോള്‍ പാറാവിലുണ്ടായിരുന്ന പൊലീസുകാരി തടഞ്ഞ് കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. യുവതി യൂണിഫോമില്‍ അല്ലാത്തതിനാല്‍ ഡിസിപിയാണെന്ന് വനിതാ പൊലീസിന് മനസിലായില്ല. മാത്രമല്ല, പുതുതായി ചുമതലയേറ്റതിനാല്‍ മുഖപരിചയവും ഇല്ലായിരുന്നു. പിന്നാലെയാണ് ഡിസിപിയെയാണ് താന്‍ തടഞ്ഞതെന്ന് വനിതാ പൊലീസിന് മനസിലായത്. ഡിസിപി ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് ശ്രദ്ധിച്ചില്ലെന്നാണ് പൊലീസുകാരിയുടെ മറുപടി. സംഭവത്തില്‍ വിശദീകരണം നല്‍കിയെങ്കിലും തൃപ്തികരമല്ലെന്ന് പറഞ്ഞ് രണ്ടുദിവസത്തേക്ക് ട്രാഫിക്കിലേക്ക് സ്ഥലംമാറ്റുകയായിരുന്നു.
advertisement
വിമർശനം
ഡിസിപിയുടെ നടപടിക്കെതിരെ പൊലീസുകാര്‍ക്കുള്ളില്‍ കടുത്ത വിമർശനമാണ് ഉയരുന്നത്. അടുത്തിടെ ചുമതലയേറ്റ ഡിസിപി യൂണിഫോമില്‍ അല്ലാതെ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് പൊലീസുകാര്‍ ചോദിക്കുന്നു. മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങളുള്ളപ്പോള്‍ സ്റ്റേഷനിലേക്ക് വരുന്നയാളെ ചോദ്യമില്ലാതെ കയറ്റിവിട്ടാല്‍ അതും കൃത്യവിലോപമായി കാണില്ലേയെന്നും പൊലീസുകാർ ചോദിക്കുന്നു.
'ശ്രദ്ധ കുറവ്'
പാറാവ് ജോലി ഏറെ ജാഗ്രതയോടെ ചെയ്യേണ്ടതാണെന്നും അ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയ്ക്ക് ശ്രദ്ധ കുറവുണ്ടായിയെന്നുമാണ് ഡിസിപി ഐശ്വര്യ ഡോങ്റെ പറയുന്നത്. ഔദ്യോഗിക വാഹനത്തില്‍ വന്നിറങ്ങിയത് അവര്‍ ശ്രദ്ധിച്ചില്ലെന്നും ഐശ്വര്യ പറഞ്ഞു. ട്രാഫിക്കില്‍ അവര്‍ നല്ല രീതിയിലാണ് ജോലി ചെയ്യുന്നതെന്നും അതിനെ അഭിനന്ദിക്കുന്നെന്നും ഐശ്വര്യ പറയുന്നു.
advertisement
കമാൻഡിങ് ഓഫീസർ
ആഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ കമാൻഡിങ് ഓഫീസറായിരുന്നു ഐശ്വര്യ. വിമർശനങ്ങളാണ് ഐശ്വര്യക്ക് എന്നും ഊർജം പകർന്നത്. 22ാം വയസിൽ ആദ്യ ശ്രമത്തിനിറങ്ങുമ്പോൾ സിവിൽ സർവീസ് കിട്ടാൻ പോകുന്നില്ലെന്ന് പലരും പറഞ്ഞു. അത് വെല്ലുവിളിയായി ഏറ്റെടുത്താണ് ഐശ്വര്യ ഐപിഎസ് നേടിയത്. ''കേരളത്തിൽ എത്തിയപ്പോൾ ഏറ്റവും അധികം മിസ് ചെയ്യുന്നത് മഹാരാഷ്ട്രയിലെ തെരുവോര കടകളിലെ ഭക്ഷണമാണ്. ഇപ്പോള്‍ കേരളീയ ഭക്ഷണം ഇഷ്ടപ്പെട്ടുതുടങ്ങി. നെയ്യപ്പവും ഇടിയപ്പവുമാണ് ഇഷ്ടം. ''- അടുത്തിടെ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഡോങ്റെ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 14, 2021 12:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മഫ്തിയിലെത്തിയപ്പോൾ തടഞ്ഞതിന് പൊലീസുകാരിക്ക് സസ്പെൻഷൻ: കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ ആരാണ്?