തിരുവനന്തപുരം: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു വിജയിച്ചതിന് പിന്നാലെ, വോട്ടിനെ ചൊല്ലി കേരളത്തിൽ രാഷ്ട്രീയ വിവാദം. കേരളത്തിലെ 140 എംഎൽഎമാരിൽ ഒരാളുടെ വോട്ട് എൻഡിഎ സ്ഥാനാർഥിയായ മുർമുവിനാണ് ലഭിച്ചത്. ഇതാരുടെ വോട്ടെന്ന ചർച്ചയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നടക്കുന്നതും. ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വോട്ട് മുർമുവിന് ലഭിച്ചുവെന്ന വാർത്ത പുറത്തുവന്നത്. ഇരുമുന്നണിയിലെയും ചില ഘടകകക്ഷി എംഎൽഎമാരെയാണ് നേതൃത്വം സംശയിക്കുന്നത്.
യശ്വന്ത് സിൻഹയ്ക്ക് കേരളത്തിൽ നിന്നും മുഴുവൻ വോട്ടും ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് കുറഞ്ഞു. കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്തായാലും കേരളത്തിലെ ക്രോസ് വോട്ടിങ് വരുംദിവസങ്ങളില്‍ വലിയ ചർച്ചയാകുമെന്നുറപ്പാണ്.
Also Read- കണക്കു തെറ്റിയോ? രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു വോട്ട് ദ്രൗപദി മുർമുവിന്
ഇരുമുന്നണികളും പരസ്പരം ആരോപണങ്ങളുമായി എത്താനാണ് സാധ്യത. കേരളത്തിലെ 140 എംഎൽഎമാർക്ക് പുറമെ രണ്ട് പേർ കൂടി കേരളത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയിരുന്നു. തിരുനൽവേലി എം പി എസ്. ജ്ഞാനതിരവിയവും ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎ നീൽ രത്തൻ സിംഗും. ഇതിൽ തിരുനൽവേലി എംപി കോവിഡ് ബാധിതനായതിനാൽ പിപിഇ കിറ്റ് ധരിച്ചെത്തി നാലുമണിക്ക് ശേഷമാണ് വോട്ടുചെയ്തത്. കേരളത്തിലാണ് വോട്ട് ചെയ്തതെങ്കിലും ഇവരുടെ വോട്ട് അതാത് സംസ്ഥാനങ്ങളുടെ കൂട്ടിത്തിലാകും കൂട്ടുക. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ്. ഈ മൂല്യമുള്ള ഒരു വോട്ടുതന്നെയാണ് മുർമുവിന് ലഭിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നേരത്തെ ജനതാദൾ എസ് കേന്ദ്ര നേതൃത്വം ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ കേരള ഘടകം ഇടതുമുന്നണിയ്ക്കൊപ്പം നിൽക്കാൻ തീരുമാനിക്കുകയും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കെ കൃഷ്ണൻകുട്ടിയും മാത്യു ടി തോമസുമാണ് വോട്ട് യശ്വന്ത് സിൻഹയ്ക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. കേരളഘടകത്തിന് സ്വതന്ത്ര നിലപാട് എടുക്കാൻ ഗൗഡ അനുമതി നൽകിയതിനെ തുടര്‍ന്നായിരുന്നു. ഇതോടെ കേരളത്തിലെ 140 എംഎൽഎമാരുടെയും വോട്ട് യശ്വന്ത് സിൻഹ ഉറപ്പിച്ചതായിരുന്നു. കേരളം സന്ദർശിച്ച യശ്വന്ത് സിൻഹ ഇരുമുന്നണികളുടെയും പിന്തുണ ഉറപ്പാക്കിയിരുന്നു. ബിജെപിക്ക് നിയമസഭാംഗങ്ങൾ ഇല്ലാത്ത കേരളത്തിൽ പിന്തുണ തേടി ദ്രൗപദി മുർമു വന്നതുമില്ല.
Also Read- ചരിത്രവിജയം! ദ്രൗപദി മുർമു ഇന്ത്യയുടെ 15ാം രാഷ്ട്രപതി
നിയമസഭയിൽ ഒരംഗം മാത്രമുള്ള കക്ഷികളിലേക്കും സംശയമുനനീളുന്നുവെന്നാണ് സൂചന. മുന്നണിയിൽ നിന്ന് അകലം പാലിക്കുന്ന ഘടക കക്ഷി എംഎല്‍എയും സംശയനിഴലിലാണ്. ഏതായാലും വരും ദിവസങ്ങളിൽ ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങൾക്കാകും കേരളം സാക്ഷ്യം വഹിക്കുക.
രഹസ്യ ബാലറ്റ് മുഖേനയാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ വിപ്പ് ബാധകമല്ല. കേരളത്തിലെ ഒരു എംഎൽഎയുടെ വോട്ട് മൂല്യം 152 ആണ്. 140 പേരുടെയും വോട്ട് ഉറപ്പിക്കാൻ കഴിഞ്ഞാൽ ഇവിടെനിന്ന് യശ്വന്ത് സിൻഹയ്ക്കു ലഭിക്കുന്ന വോട്ട് മൂല്യം 21,280 ആയിരിക്കും. എന്നാൽ ഇതിൽ ഒരു എംഎൽഎയുടെ വോട്ട് മൂല്യം കുറച്ചാണ് സിൻഹയ്ക്ക് ലഭിച്ചത്. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് കിട്ടിയത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.