കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ അക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷി (35) നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
സംസാരശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബർ ടാപ്പിങ് ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ അക്രമണം. തുടർന്ന് പരിക്കേറ്റ റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർ മരിച്ചിരുന്നു. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്.
കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) കാട്ടുപോത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചാലക്കുടി മേലൂർ ജനവാസ മേഖലയിലും കാട്ടുപോത്തിറങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.