കാസര്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നാളെ കാസര്കോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ്. മുഖ്യമന്ത്രിയുടെ വരവറിയിച്ചുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജാഥ നടത്തി പ്രതിഷേധം.
‘നാടുവാഴുന്ന പേടിത്തൊണ്ടന് പിണറായി തമ്പുരാന് നാളെ കാസര്കോട്ടേക്ക് എഴുന്നള്ളുന്നൂ… ആരും പുറത്തിറങ്ങാതെ വീടിനുള്ളില് തന്നെ കഴിയേണ്ടതാണ്…മരുന്നും അവശ്യ സാധനങ്ങളും വാങ്ങേണ്ടവര് ഇന്നുതന്നെ വാങ്ങേണ്ടതാണ്…ആശുപത്രിയില് പോകേണ്ടവര് ഇന്നുതന്നെ അഡ്മിറ്റ് ആകേണ്ടതാണ്…’ വിദേശത്തേക്ക് പോകേണ്ടവർ ഇന്ന് തന്നെ എയർപോർട്ടിലേക്ക് പോകേണ്ടതാണ്… ഇങ്ങനെ നീളുന്നു യൂത്ത് കോണ്ഗ്രസിന്റെ വിളംബം.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി ജോമോന് ജോസ്, ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്ധന സെസ് അടക്കമുള്ള വിഷയങ്ങളില് മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.