• HOME
  • »
  • NEWS
  • »
  • law
  • »
  • മോദിയുടെ ബിരുദ വിവരങ്ങള്‍ കൈമാറേണ്ട; വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കി; കെജ്രിവാളിന് 25000 രൂപ ഹൈക്കോടതി പിഴ വിധിച്ചു

മോദിയുടെ ബിരുദ വിവരങ്ങള്‍ കൈമാറേണ്ട; വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കി; കെജ്രിവാളിന് 25000 രൂപ ഹൈക്കോടതി പിഴ വിധിച്ചു

മോദിയുടെ ബിരുദ വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തത്

  • Share this:

    അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.മോദിയുടെ പേരിലുള്ള ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. കൂടാതെ പിഴയായി 25000 രൂപ ഡല്‍ഹി മുഖ്യമന്ത്രിയില്‍ നിന്ന് ഈടാക്കാനും ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ഉത്തരവിട്ടു.

    2016ല്‍ മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന ഡോ. ശ്രീധര്‍ ആചാര്യലുവാണ് അപേക്ഷകനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ഗുജറാത്ത്, ഡല്‍ഹി സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

    ഇതിനെതിരെ ഗുജറാത്ത് സര്‍വകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 1978ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1983ല്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി എന്നാണ് മോദി വ്യക്തമാക്കിയിരുന്നത്. ഇക്കാര്യത്തില്‍ മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും ബിരുദ വിവരങ്ങള്‍ കൈമാറണമെന്ന് നിര്‍ബന്ധിക്കാന്‍ വിവരാവകാശ കമ്മീഷന് സാധിക്കില്ലെന്നുമാണ് സര്‍വകലാശാല കോടതിയില്‍ വാദിച്ചത്.

    മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഗുജറാത്ത് സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

    Published by:Arun krishna
    First published: