Lavalin Case: ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി വെച്ചു; ഇത് 29 തവണ
- Published by:Rajesh V
- news18-malayalam
Last Updated:
വൈകിട്ട് 3.30ന് ശേഷമാണ് ലാവലിൻ ഹർജികൾ പരിഗണനയ്ക്ക് വന്നത്. സിബിഐയ്ക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷനൽ സൊളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ ഇല്ലാത്തതിനാൽ അൽപസമയം കഴിഞ്ഞ് പരിഗണിക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു തള്ളിയ കോടതി ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി
ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. ഇത് 29 തവണയാണ് ലാവലിൻ ഹർജി മാറ്റിവയ്ക്കുന്നത്. ആറു വർഷത്തോളമായി കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ കഴിഞ്ഞ 11ന് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സമയക്കുറവ് കാരണം പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ 9ാം നമ്പർ ആയാണ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഒരിക്കൽക്കൂടി മാറ്റിവയ്ക്കുകയായിരുന്നു. ഹർജി പരിഗണിക്കുന്ന അടുത്ത തീയതി അറിയിച്ചിട്ടില്ല.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ഈ ബെഞ്ച് പരിഗണിച്ച മറ്റു രണ്ടു ഹർജികളിൽ വാദം കേൾക്കുന്നത് നീണ്ടുപോയതോടെ വൈകിട്ട് 3.30ന് ശേഷമാണ് ലാവലിൻ ഹർജികൾ പരിഗണനയ്ക്ക് വന്നത്. സിബിഐയ്ക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷനൽ സൊളിസിറ്റർ ജനറൽ എസ് വി രാജു കോടതിയിൽ ഇല്ലാത്തതിനാൽ അൽപസമയം കഴിഞ്ഞ് പരിഗണിക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു തള്ളിയ കോടതി ഹർജികൾ പിന്നീട് പരിഗണിക്കാനായി മാറ്റി.
advertisement
Also Read- സ്ത്രീയുടെ അസ്ഥികൂടം മൂന്നു വര്‍ഷമായി മോര്‍ച്ചറിയില്‍; സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി
ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതുവഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളളരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതിവിധി 2017ൽ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ സിബിഐയുടേതടക്കം ഹർജികളും വിചാരണ നേരിടേണ്ടവർ തങ്ങൾക്കും ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജികളുമാണ് സുപ്രീം കോടതിയിലുള്ളത്.
Location :
New Delhi,New Delhi,Delhi
First Published :
October 31, 2023 6:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
Lavalin Case: ലാവലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി വെച്ചു; ഇത് 29 തവണ