മുസ്ലിം സ്ത്രീക്ക് തുല്യ സ്വത്ത് നൽകാത്തതെന്ത്? ഹർജി പരിശോധിക്കാൻ സുപ്രീംകോടതി
- Published by:Rajesh V
- news18-malayalam
Last Updated:
ഏഴ് പെൺമക്കളും അഞ്ച് ആൺമക്കളുമുള്ള പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്ക് കൊടുത്ത വിഹിതം തനിക്ക് നൽകാതിരുന്നത് വിവേചനപരമാണെന്ന് കാണിച്ച് നൽകിയ ഹർജിയിൽ സുപ്രീംകോടതി എതിർകക്ഷികൾക്ക് നോട്ടീസ് നൽകി
ന്യൂഡല്‍ഹി: കേരളത്തിലെ മുസ്ലിം പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്ക് നൽകിയ അതേ വിഹിതം പെൺമക്കൾക്ക് നൽകാത്തത് പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഹോദരിക്ക് തുല്യവിഹിതം കൊടുക്കാൻ സഹോദരന്മാർ തയാറല്ലേ എന്നും മൊത്തം സ്വത്തും പിടിച്ചെടുക്കാനാണോ സഹോദരന്മാർ ആഗ്രഹിക്കുന്നതെന്നും ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
ഏഴ് പെൺമക്കളും അഞ്ച് ആൺമക്കളുമുള്ള പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്ക് കൊടുത്ത വിഹിതം തനിക്ക് നൽകാതിരുന്നത് വിവേചനപരമാണെന്ന് കാണിച്ച് വടകര ചോമ്പാലയിലെ കുഞ്ഞിപ്പള്ളിക്കടുത്തുള്ള സഹോദരങ്ങളെ എതിർ കക്ഷികളാക്കി മുംബൈയില്‍ താമസക്കാരിയായ അവരുടെ സഹോദരി ബുഷ്റ അലി സമർപ്പിച്ച ഹര്‍ജിയിൽ സുപ്രീം കോടതി എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
വിചാരണ കോടതിയിൽ സ്വത്ത് ഭാഗിക്കുന്നതിനുള്ള അന്തിമ ഉത്തരവിനായി അപേക്ഷ നൽകിയപ്പോഴാണ് ബുഷ്റ അലി സിവിൽ കേസിന്റെ ആദ്യഘട്ടത്തിൽ ഉന്നയിക്കാത്ത ഇത്തരമൊരു വാദം ഉന്നയിച്ചതെന്ന് പറഞ്ഞ് വിചാരണ കോടതിയും ഹൈക്കോടതിയും ബുഷ്റയുടെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അവർ സുപ്രീംകോടതിയിൽ വന്നത്.
advertisement
Also Read- ശൈശവ വിവാഹ കേസുകളിൽ അറസ്റ്റിലാകുന്ന മുസ്ലീം ഹിന്ദു അനുപാതം ഏകദേശം തുല്യമെന്ന് ആസാം മുഖ്യമന്ത്രി
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യം വടകരയിലെ സഹോദരനുവേണ്ടി ഹാജരായ അഡ്വ. സുൽഫിക്കർ അലി ബോധിപ്പിച്ചു. സഹോദരിയുടെ വിഹിതം കൊടുക്കാൻ സഹോദരൻ തയാറല്ലേ എന്ന് ജസ്റ്റിസ് കൃഷ്ണ മുരാരി ചോദിച്ചപ്പോൾ രാജ്യത്ത് നിലവിലുള്ള മുസ്ലിം വ്യക്തി നിയമപ്രകാരം ബാധ്യസ്ഥമായ വിഹിതം ബുഷ്റ അലിക്ക് കൊടുക്കുന്നുണ്ട് എന്ന് അഭിഭാഷകൻ മറുപടി നൽകി.
advertisement
മൊത്തം സ്വത്തും പിടിച്ചെടുക്കാനാണ് സഹോദരൻ ആഗ്രഹിക്കുന്നതെന്നും സ്വത്തിൽ തുല്യവിഹിതം സഹോദരിക്ക് നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് മുരാരി ഇതിനോട് പ്രതികരിച്ചു. വിഷയം തങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കി ജസ്റ്റിസ് മുരാരി എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സഹോദരനോട് ആവശ്യപ്പെട്ടു.
ബുഷ്റയുടെ വാദങ്ങൾക്ക് മറുപടി നൽകാൻ നാലാഴ്ച സമയം നൽകി. അതു കഴിഞ്ഞ് സഹോദരങ്ങൾക്ക് മറുപടി നൽകാൻ ബുഷ്റക്ക് രണ്ടാഴ്ചയും അനുവദിച്ചു. ആറാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.
advertisement
കുടുംബസ്വത്ത് വീതിക്കാൻ വിചാരണ കോടതി നിയോഗിച്ച അഡ്വക്കേക്കറ്റ് കമ്മീഷണർ 1937ലെ മുസ്ലിം വ്യക്തി നിയമ പ്രകാരം അത് വീതംവെച്ചത് ഭരണഘടനാവിരുദ്ധമാണെന്നും സഹോദരന്മാർക്ക് നൽകിയ അതേ ഓഹരി തനിക്കും വേണമെന്നും ഹർജിയിൽ ബുഷ്റ വാദിച്ചിരുന്നു.
അഡ്വ. കമ്മീഷണർ തനിക്കായി കണക്കാക്കിയത് 4.82 സെന്റ് സ്ഥലമാണെന്നും ഇത് വിവേചനപരമാണെന്നും ഹർജിയിലുണ്ട്. 1937ലെ ശരീഅത്ത് നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരമുള്ള സ്വത്ത് വീതംവെപ്പിൽ ലിംഗസമത്വം ഇല്ലെന്നും ആണ്മക്കള്ക്ക് ഉള്ളതുപോലുള്ള തുല്യ അവകാശം കുടുംബത്തിലെ പെണ്മക്കള്ക്ക് ലഭിക്കുന്നില്ലെന്നും ബുഷ്റ അലിയുടെ അഭിഭാഷകരായ ബിജോ മാത്യു ജോയ്, മനു കൃഷ്ണന് എന്നിവര്‍ വാദിച്ചു.
Location :
New Delhi,New Delhi,Delhi
First Published :
March 18, 2023 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
മുസ്ലിം സ്ത്രീക്ക് തുല്യ സ്വത്ത് നൽകാത്തതെന്ത്? ഹർജി പരിശോധിക്കാൻ സുപ്രീംകോടതി