കൊൽക്കത്തയിലെ പുസ്തകമേളയിലെത്തിയത് 29 ലക്ഷം പേർ; വിറ്റത് 27 കോടിയുടെ പുസ്തകങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
പുസ്തകമേളയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റഴിച്ചത് ഈ വർഷം ആണെന്നും റിപ്പോർട്ട്
ജനുവരി 31 ന് സമാപിച്ച കൊൽക്കത്തയിലെ അന്താരാഷ്ട്ര പുസ്തകമേളയിൽ 29 ലക്ഷം പേർ എത്തിയതായി സംഘാടകർ. മേളയുടെ ഭാഗമായി മൊത്തം 27 കോടി പുസ്തകങ്ങളാണ് വിറ്റഴിച്ചത്. പുസ്തകമേളയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റഴിച്ചത് ഈ വർഷം ആണെന്നും റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ വർഷം മേളയിൽ വിറ്റഴിച്ചത് 25 കോടി പുസ്തകങ്ങൾ ആയിരുന്നു.
"കഴിഞ്ഞ തവണ 25 ലക്ഷം ആളുകളാണ് പുസ്തക മേളയ്ക്ക് സാക്ഷ്യം വഹിച്ചതെങ്കിൽ ഇത്തവണ അത് 29 ലക്ഷം ആളുകളാണ്. ഇത് പുസ്തകമേളയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് ആണ്", മേളയുടെ സംഘാടകരായ പബ്ലിഷേഴ്‌സ് ആൻഡ് ബുക്ക് സെല്ലേഴ്‌സ് ഗിൽഡ് ജനറൽ സെക്രട്ടറി, സുധാങ്ഷു ഡേ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനുവരി 18 മുതൽ 31 വരെയായിരുന്നു പുസ്തകമേള സംഘടിപ്പിച്ചത്.
ജനുവരി 31 ന് രാവിലെ വരെ പുസ്തകമേള സന്ദർശിക്കാൻ എത്തിയ ആളുകളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. പുതുക്കിയ എസ്റ്റിമേറ്റ് ഈ നിരക്കിനേക്കാൾ കൂടുതലായിരിക്കുമെന്നാണ് കണക്കുകൂട്ടൽ എന്നും ജനറൽ സെക്രട്ടറി പറഞ്ഞു. 3,15,000 രൂപയുടെ പുസ്തകങ്ങൾ വാങ്ങിയ ഒരു വായനക്കാരനെ പബ്ലിഷേഴ്‌സ് ആൻഡ് ബുക്ക് സെല്ലേഴ്‌സ് ഗിൽഡ് ആദരിക്കുകയും ചെയ്തിരുന്നു. അധ്യാപകൻ കൂടിയായ ദേബബ്രത ചാറ്റർജി എന്ന വായനക്കാരനെയാണ് ആദരിച്ചത്.
advertisement
"അച്ചടിച്ച കാര്യങ്ങൾ വായിക്കാനും പുസ്തകങ്ങളുടെ ആ ഗന്ധം അനുഭവിക്കാനും കൂടുതൽ കാര്യങ്ങൾ അറിയാനും താല്പര്യമുള്ള വായനക്കാരുടെ ഇടയിൽ കൊൽക്കത്ത പുസ്തകമേളക്ക് ഇനിയും സ്ഥാനം ഉണ്ടാകും. സ്റ്റാളിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ വാങ്ങാം. മറ്റ് പുസ്തക മേളകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ സാഹിത്യകൃതികളും റോമൻ ഇതിഹാസങ്ങളും ഉൾപ്പെടുന്ന വലിയൊരു വിഭാഗം പുസ്തകങ്ങളുടെ വിൽപന തന്നെയുണ്ട് " ഗിൽഡിലെ മുതിർന്ന ഉദ്യോഗസ്ഥനായ അപു ഡേ വ്യക്തമാക്കി.
47-ാമത് പുസ്തകമേളയാണ് ഇപ്പോൾ സമാപിച്ചത്. ഇത്തവണത്തെ പുസ്തകമേള കൂടുതൽ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി മാപ്പുകളും ക്യുആർ കോഡുകളും സംഘാടകർ ഉൾപ്പെടുത്തിയിരുന്നു. പങ്കെടുക്കുന്നവർക്ക് എളുപ്പത്തിൽ ഓൺലൈൻ ആക്‌സസ് ലഭിക്കുന്നതിനു വേണ്ടിയാണ് ഇത് അവതരിപ്പിച്ചതെന്ന് ഗിൽഡ് പ്രസിഡൻ്റ് ത്രിദിബ് ചാറ്റർജി പറഞ്ഞു. 48-ാമത് അന്താരാഷ്ട്ര കൊൽക്കത്ത പുസ്തകമേള 2025 ജനുവരിയിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ഷെഡ്യൂളും മറ്റ് അന്താരാഷ്ട്ര പുസ്തകമേളകളും ഉൾപ്പെടെ വിവിധ കാര്യങ്ങൾ പരിശോധിച്ച ശേഷം കൃത്യമായ ഒരു തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ചാറ്റർജി അറിയിച്ചു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 08, 2024 9:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കൊൽക്കത്തയിലെ പുസ്തകമേളയിലെത്തിയത് 29 ലക്ഷം പേർ; വിറ്റത് 27 കോടിയുടെ പുസ്തകങ്ങൾ