കേരളത്തിൽ ആത്മഹത്യ ചെയ്ത മലേഷ്യക്കാരന് സമർപ്പിച്ച നോവൽ കെഎസ്ഇബി കരാറുകാരും എൻജിനീയർമാരും വാങ്ങുന്നത് എന്തുകൊണ്ട് ?

Last Updated:

അനന്തമായി നിർമാണം നീളുന്ന പള്ളിവാസലിലെ 60 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ പശ്ചാത്തലത്തിൽ ജേക്കബ്ജോസ് മുതിരേന്തിക്കൽ എന്ന എൻജിനീയർ എഴുതിയ നോവലാണ് ‘ടണൽ @ പള്ളിവാസൽ’.

തിരുവനന്തപുരം: 'രസം എങ്ങനെ ഉണ്ടാകുന്നു' എന്ന് ഉദയനാണ് താരം സിനിമയിൽ ജഗതി ശ്രീകുമാർ ചോദിക്കുമ്പോൾ 'രസം ഉണ്ടാവുകയല്ലല്ലോ ഉണ്ടാക്കുകയല്ലേ' എന്ന് ശ്രീനിവാസൻ പറഞ്ഞത് പോലെയാണ് കേരളത്തിലെ അഴിമതിയുടെ ചരിത്രം. വ്യവസായങ്ങൾ ഉയരാത്ത ഈ നാട്ടിൽ റോഡുകളും പാലങ്ങളും അണക്കെട്ടുകളും നിർമിക്കുന്നതിനുള്ള പദ്ധതികളിൽ കാലതാമസം വരുത്തി എങ്ങനെ ശാസ്ത്രീയമായി അഴിമതി ചെയ്യാം എന്ന് കണ്ടുപിടിച്ച ആയിരക്കണക്കിന് മിടുക്കന്മാരുടെ ചരിത്രമാണത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കാലം കടന്നു പോകുമ്പോൾ അഴിമതിക്കാരിൽ ഏറെയും രക്ഷപെട്ടു പോകുന്നു.
പൊതു സംവിധാനത്തിലെ അഴിമതിയെ വിമർശിക്കുന്ന സിനിമകളും നാടകങ്ങളും പുസ്തകങ്ങളും ഏറെയുണ്ടെങ്കിലും എങ്ങനെയാണ് അഴിമതിയുടെ രീതികൾ എന്ന് വിശദമാക്കുന്ന ഒരു രചനയിതാ. ‘ടണൽ @ പള്ളിവാസൽ’.
ജന ജീവിതം സുഗമമാക്കുന്നതിനും സംസ്ഥാനത്തെ പുരോഗതിയിലേക്കും നയിക്കേണ്ട ജലവൈദ്യുത പദ്ധതികളുടെയും കുടിവെള്ള പദ്ധതികളുടെയും പിന്നിലെ അഴിമതിയുടെ പൊള്ളുന്ന യാഥാർഥ്യങ്ങൾ പുസ്തകത്തിലേക്ക് പകർത്തിയെഴുത്തിയിരിക്കുന്നത് ഒരു സാഹിത്യകാരനല്ല.
advertisement
ഏതാണ്ട് അഞ്ചു വർഷം നേരിട്ടുകണ്ടറിഞ്ഞ കാര്യങ്ങൾ നോവലായി എഴുതിയ ജേക്കബ്ജോസ് മുതിരേന്തിക്കൽ ഒരിക്കൽ ഇതേ സ്ഥലത്ത് ജോലി ചെയ്തിരുന്ന ഒരു എൻജിനീയറാണ്. അനന്തമായി നിർമാണം നീളുന്ന പള്ളിവാസലിലെ 60 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ പശ്ചാത്തലത്തിൽ ജേക്കബ്ജോസ് മുതിരേന്തിക്കൽ എന്ന എൻജിനീയർ എഴുതിയ നോവലാണ് ‘ടണൽ @ പള്ളിവാസൽ’.
നോവൽ എന്നതിലുപരി, കേരളത്തിലെ പണി നടക്കാത്ത അനേകം ജലവൈദ്യുത പദ്ധതികളിലെ അഴിമതിയുടെ റിപ്പോർട്ടിന്റെ പകർപ്പാണ് ഈ പുസ്തകം.
കഥ പറയുമ്പോൾ
ഉത്തരേന്ത്യയിലെ കണ്‍സ്ട്രക്ഷൻ സൈറ്റുകളിൽ ജോലി ചെയ്തിരുന്ന സോണി ജോസ് എന്ന എൻജിനീയർ ഹൈറേഞ്ചിലെ പള്ളിവാസലിലേക്ക് ജോലി ഏറ്റെടുക്കാനായി വരുന്നിടത്താണ് നോവൽ തുടങ്ങുന്നത്. 3000 കോടി രൂപയോളം വരുന്ന വലിയ കുംഭകോണത്തിന്റെ ചുരുളുകളാണ് നിവരുന്നതെന്ന് നോവലിസ്റ്റ് ആദ്യ ഖണ്ഡികയിൽ സൂചിപ്പിക്കുന്നുണ്ട്.
advertisement
ടണൽ നിർമാണത്തിലെ സാങ്കേതികയും അതിൽ നടക്കുന്ന അഴിമതിയും, യന്ത്രങ്ങളുടെ സ്ഥാപിക്കലിലെ അഴിമതിയുമടക്കം പലതരം തട്ടിപ്പുകൾ എങ്ങനെയാണ് നടക്കുന്നതെന്ന് 18 അധ്യായങ്ങളിലായി വിവരിക്കുന്നുണ്ട്. മണ്ണിനടിയിൽ പാറയില്ലാത്ത ഭാഗത്ത് തുരങ്കം കുഴിച്ച് മണ്ണിടിഞ്ഞത് മേഘസ്ഫോടനം കാരണം എന്ന റിപ്പോർട്ട് കൊടുത്തതിന്റെ വിവാദചരിത്രവും ഇതിലുണ്ട്.
ആറു വർഷങ്ങൾക്കുശേഷം മുംബൈയിലെ ഓഫിസിൽ തിരിച്ചെത്തുമ്പോൾ അഴിമതിക്കാരുടെ നീക്കങ്ങൾക്കൊടുവിൽ വ്യാജ പരാതികളിലുള്ള നടപടിയായി സോണി ജോസിനു ജോലി നഷ്ടപ്പെടുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.
advertisement
അഴിമതി എങ്ങനെ ശാസ്ത്രീയമായി നടത്താം
കേരളത്തിലെ ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്തുകൊണ്ടാണ് അനിശ്ചിതമായി നീളുന്നത് എന്നതിന് നായകൻ സോണി ജോസ് കണ്ടെത്തുന്ന ഉത്തരം ഇങ്ങനെ: ‘‘ തമാശരൂപത്തിൽ പറയുകയാണെങ്കിൽ ക്ലയന്റിന്റെ മാസപ്പടി സിസ്റ്റമാണ് കേരളത്തിലെ ചെറുകിട ജലവൈദ്യുത പദ്ധതികൾ താമസിക്കാൻ ഇടയാക്കുന്നത്. ഉദാഹരണമായി നാലുകൊല്ലത്തിൽ തീരേണ്ട പള്ളിവാസൽ പ്രോജക്റ്റ് കൃത്യമായി പണി പൂർത്തിയാക്കിയിരുന്നെങ്കിൽ ഒരു ക്ലയന്റ് എൻജിനീയർക്ക് 48 മാസപ്പടിയേ കിട്ടൂ. ഇപ്പോഴത് 12 കൊല്ലമായിട്ടും തീരാത്തതുകൊണ്ട് അവർക്ക് 140 മാസപ്പടി കിട്ടി. എത്ര സന്തോഷകരമായ കാര്യം, എത് ഊർജസ്വലമായ ആസൂത്രണം!’’
advertisement
‘‘ പള്ളിവാസലിലെ മാസപ്പടിയുടെ കണക്കുകൾ ഇങ്ങനെയാണ്: ചീഫ് എൻജിനീയർ: 25,000 ക, എക്സിക്യൂട്ടീവ് എൻജിനീയർ: 10,000 ക, അസി.എക്സി. എൻജിനീയർ: 7500 ക, അസി. എൻജിനീയർ: 5000 ക, സബ് എൻജിനീയർ 3000 ക. പണി നടന്നാലുമില്ലെങ്കിലും മേൽപ്പറഞ്ഞ തുക പ്രധാന കരാറുകാരൻ‍ നിർബന്ധമായും നൽകിയിരിക്കണം. അത് ക്യാഷ് ആയി അവർ പറയുന്ന സ്ഥലത്തും സമയത്തും എത്തിച്ചുകൊടുക്കണം’’– ആറാം അധ്യായത്തിൽ പറയുന്നു.
advertisement
യഥാർത്ഥ സംഭവങ്ങളിലെ കഥാപാത്രങ്ങൾക്ക് സാങ്കൽപിക പേരുകൾ നൽകി എഴുതിയതിനാൽ നോവൽ എന്നതിനുപകരം സാങ്കേതിക നോവലെന്നാണ് ജേക്കബ് ജോസ് പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. 111 പേജുള്ള പുസ്തകം വായിച്ചുകഴിഞ്ഞാൽ അര നൂറ്റാണ്ടു കാലത്തെ അഴിമതിയുടെ ഒരു ചെറു ചിത്രം കിട്ടും.
കേരളത്തിലെ റോഡ് നവീകരണം നടത്തി പണം കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന മലേഷ്യക്കാരനായ ലീ സീ ബെന്നിന്റെ ഓർമകൾക്ക് മുന്നിലാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ചരിത്രകാരൻ ഡോ.എം.ജി.എസ്. നാരായണനാണ് അവതാരിക.
ലീ സീ ബെന്നിന്റെ ആത്മഹത്യ
തൈക്കാട്‌-കഴക്കൂട്ടം, തൈക്കാട്‌-കൊട്ടാരക്കര, കൊട്ടാരക്കര-ചെങ്ങന്നൂര്‍, ആലപ്പുഴ-ചങ്ങനാശേരി എന്നീ നാല്‌ റോഡുകളില്‍ 127 കിലോമീറ്റര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്‌ കെഎസ്‌ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലേഷ്യയിലെ പതിബെല്‍ കമ്പനിയുമായി 2002ല്‍ യുഡിഎഫ്‌ സര്‍ക്കാര്‍ 215 കോടി രൂപയുടെ അന്തിമകരാര്‍ ഒപ്പിട്ടത്‌. പണി മുടങ്ങിയാല്‍ പതിബെലിന്‌ 96 കോടി രൂപ വരെ നഷ്‌ടപരിഹാരം ആവശ്യപ്പെടാന്‍ കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. അതേസമയം പണിയില്‍ വീഴ്‌ച വരുത്തുന്ന കമ്പനികളെ തൊടാന്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല. റോഡുപണിയില്‍ സര്‍ക്കാരിന്‌ നേരിട്ട്‌ പങ്കില്ലെങ്കിലും പണി മുടങ്ങിയാല്‍ സര്‍ക്കാരും ഉത്തരവാദിയാകുമെന്നും കരാര്‍ വ്യവസ്ഥ ചെയ്‌തിരുന്നു. ചെയ്ത ജോലിയുടെ പണം കിട്ടാതെ പദ്ധതിയുടെ ചീഫ് എഞ്ചിനീയർ മലേഷ്യക്കാരനായ ലീ സീ ബെൻ ഒരു കുറിപ്പെഴുതി വെച്ച് 2006 നവംബർ 11 ന് ആത്മഹത്യ ചെയ്തു.
advertisement
എഴുത്തുകാരൻ
കണ്ണൂർ ചന്ദനക്കാംപാറയിൽ ജനിച്ച ജേക്കബ് ജോസ് മുതിരേന്തിക്കൽ പാലക്കാട് എൻഎസ്എസ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങ് ബിരുദം നേടി. രാജസ്ഥാൻ ചമ്പൽ ഫെർടിലൈസേഴ്സ്, മംഗലാപുരം എംആർപിഎൽ റിഫൈനറി, ജാംനഗർ എസ്സാർ റിഫൈനറി, പളളിവാസൽ 60 മെഗാവാട്ട് ഹൈഡൽ പ്രോജക്റ്റ് എന്നിവയിൽ എൻജിനീയറായി ജോലി നോക്കി. ഇപ്പോൾ കോഴിക്കോട് താമസം.
നോവൽ വാങ്ങിയവരിൽ അധികവും കെഎസ്ഇബിയുടെ വിവിധ പദ്ധതികളിലെ ചില കരാറുകാരും ചില എൻജിനീയർമാരുമാണെന്നും അതിന് ഒരു കാരണവും ഉണ്ടത്രേ തങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുകയാണ് ലക്ഷ്യമെന്നാണ് ജേക്കബ് ജോസ് പറയുന്നത്.
വളരെയധികം റിസ്ക് ഉള്ള ഒരു കാര്യമായിരുന്നു ഇതെന്ന് അദ്ദേഹം പറയുന്നു. " ജീവനു പോലും ഭീഷണിയുള്ള കാര്യമാണ് എന്നറിയാം. സമൂഹത്തോടും രാജ്യത്തോടും കുറച്ച് സ്‌നേഹം ഉള്ളതിനാലാണ് ഇങ്ങനെ എഴുതണം എന്ന് തോന്നിയത്. എന്റെ കഥ തന്നെയാണിത്. കുടുംബത്തിൽ നിന്നടക്കം ആരിൽ നിന്നും ഒരു പിന്തുണയും ഉണ്ടായില്ല,".
നോവൽ എന്ന സങ്കേതത്തിലെ ശൈലിയോ ആഖ്യാന മികവോ മിഴിവോ അല്ല, ഒരു സംവിധാനത്തിന് ഒപ്പം സഞ്ചരിച്ച ഒരാൾ അതിലെ കടുത്ത അഴിമതിയുടെ നാൾവഴികൾ സാങ്കേതിക തികവോടെ രേഖപ്പെടുത്താൻ കാണിച്ച ധൈര്യം എന്നതാണ് ‘ടണൽ @ പള്ളിവാസൽ’ എന്ന പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
കേരളത്തിൽ ആത്മഹത്യ ചെയ്ത മലേഷ്യക്കാരന് സമർപ്പിച്ച നോവൽ കെഎസ്ഇബി കരാറുകാരും എൻജിനീയർമാരും വാങ്ങുന്നത് എന്തുകൊണ്ട് ?
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement