31 ദിവസം കോവിഡുമായി മല്ലടിച്ച് ജിവിതത്തിലേക്ക് തിരിച്ചുവന്ന ഡിംപിൾ ഗിരീഷ് എന്ന മോഹിനിയാട്ടം നർത്തകിയ്ക്ക് പറയാൻ ഒരുപാടുണ്ട്. ഒരു ജലദോഷമായി തുടങ്ങി, ശ്വാസം കിട്ടാതെ പിടഞ്ഞ അവസ്ഥയിൽ ഐസിയുവിൽ കിടന്ന അവസ്ഥയാണ് ഡിംപിൾ വിവരിക്കുന്നത്. '
കോവിഡ് നിസാര രോഗമല്ല, പനി പോലെയൊക്കെ വന്നു പോയാൽ കുഴപ്പമില്ല. എന്നെ പോലെ ചെറിയ ഡസ്റ്റ് അലർജി ഉള്ളവർക്ക് പോലും കോവിഡ് എത്ര ഭീകരൻ ആയിരുന്നുവെന്ന് ഓർത്തു നോക്കൂ. ഏതെങ്കിലും രീതിയിൽ അലര്ജി ഇല്ലാത്തവർ കുറവാണ് ... ശ്രദ്ധിക്കണം, സൂക്ഷിക്കണം... ഒരു ജലദോഷം പോലും നിസാരമെന്ന് കരുതി അവഗണിക്കരുത്'- ഡിംപിൾ പറയുന്നു.
ഡിംപിൾ ഗിരീഷിന്‍റെ കുറിപ്പ്ഒരു കോവിഡ് വന്നതിന് ഇത്രയ്ക്കും പറയാനുണ്ടോ എന്ന് കരുതുന്നവരോട് കൂടെയാണ്... ഒരുപാടുണ്ട് പറയാൻ. കോവിഡ് ബാധിച്ച മൂന്ന് കോടി ജനങ്ങളിൽ ഒരുവൾ മാത്രമാണ് ഞാൻ, എന്നിട്ടും ഞാനിത് പറയുന്നത് ഭയന്നിട്ട് തന്നെയാണ്. ഞാൻ കടന്നു പോയ അവസ്ഥയിലൂടെ ഇനിയാരും പോവരുതെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
ഓഗസ്റ്റ് 22 ന് രാവിലെ ഉണരുമ്പോൾ ചെറിയ ജലദോഷം തോന്നി, തൊണ്ടയിൽ ഒരു ഇറിറ്റേഷൻ അത്ര മാത്രം. സ്വാഭാവികമായും കോവിഡ് ആണോയെന്ന് സംശയം തോന്നാം. അതിനും ഒരാഴ്ച മുൻപ് ഹസ്ബൻഡിന് ഇതേപോലെ ഒരു ജലദോഷം വന്നിരുന്നു. ആവി പിടിച്ചും ചുക്ക് കാപ്പി കുടിച്ചുമൊക്കെയാണ് അത് മാറിയത്. അതുകൊണ്ട് തന്നെ കോവിഡ് ആണോയെന്ന് സംശയം പറഞ്ഞപ്പോഴേ ചൂട് വെള്ളം കുടിക്ക് ആവി പിടിക്ക് എന്നൊക്കെ പറഞ്ഞു ഗിരി. ഞാനും അപ്പോൾ ജലദോഷം തന്നെയെന്ന് ഉറപ്പിച്ചുകൊണ്ട് ചൂട് വെള്ളം കുടിച്ചും ചുക്ക് കാപ്പി കുടിച്ചും ആവി പിടിച്ചുമൊക്കെ അതിനെ പ്രതി രോധിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഇടയ്ക്കൊന്ന് കുറഞ്ഞെന്ന് തോന്നിയാലും പിറ്റേ ദിവസം വീണ്ടും തൊണ്ടവേദനയോ ശരീര വേദനയോ ഒക്കെ തോന്നും. ബോഡി പെയിൻ കുറയാതെ വന്നപ്പോൾ dolo കഴിച്ചു നോക്കി.
അപ്പോഴേക്കും ഒരാഴ്ച പിന്നിട്ടിരുന്നു ജലദോഷം തുടങ്ങിയിട്ട്.
ഓഗസ്റ്റ് ഇരുപത്തി എട്ടിനു ഡോക്ടറിനെ വിളിച്ചു സംസാരിച്ചപ്പോൾ x ray എടുക്കാൻ പറഞ്ഞു. X ray നോർമൽ ആണെങ്കിൽ പേടിക്കണ്ട എന്തായാലും റിസൾട്ട് പറയൂന്ന് പറഞ്ഞു ഡോക്ടർ. ഇരുപത്തി ഒൻപതിന് പോയി x ray എടുത്തപ്പോൾ നോർമൽ ആണ്. പക്ഷേ ചുമ കുറയാത്തത് കൊണ്ട് augmentin 625 ഉം azeethromycine ഉം കഴിക്കാൻ പറഞ്ഞു ഡോക്ടർ. അടുത്ത ദിവസങ്ങളിലും dolo കഴിച്ചു ഒപ്പം antibiotics ഉം.
തിരുവോണത്തിന് പകൽ പുറത്തു പോയി വന്നു, സദ്യ കഴിച്ചു കിടന്നുറങ്ങി. ഉണരുമ്പോൾ നല്ലപോലെ പനിച്ചു തുടങ്ങിയെന്നു തോന്നിയപ്പോൾ dolo കഴിച്ചു ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞു നോക്കിയപ്പോൾ temperature 99.9, കൂടെ ചുമയും ശ്വാസം മുട്ടലും. അപ്പോഴൊരു പേടി തോന്നി. ഡോക്ടറിനെ വിളിച്ചപ്പോൾ വേഗം ഹോസ്പിറ്റലിൽ വരാൻ പറഞ്ഞു. രാത്രി ഒൻപത് മണിയോടെ ഹോസ്പിറ്റലിൽ എത്തി അഡ്മിറ്റ് ആയി... കാത്തിരിക്കുന്ന ദുരിത പർവ്വത്തെ പറ്റിയൊന്നും അപ്പോ ചിന്തിച്ചിട്ട് പോലുമില്ല....
രണ്ട് ദിവസം ഞാൻ നോർമൽ ആയിരുന്നു, പക്ഷേ ആദ്യം മുതൽക്കേ അവരെനിക്ക് ഓക്സിജൻ സപ്പോർട്ട് തരുന്നുണ്ടായിരുന്നു. ഇവർക്ക് വേറെ പണിയൊന്നും ഇല്ലേയെന്ന് തോന്നി അപ്പോ... പിന്നെ പിന്നെ ഒരു സെക്കന്റ് പോലും ഓക്സിജൻ മാസ്ക് ഇല്ലാതെ ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥ ആയി... ഓരോ ദിവസം കഴിയും തോറും നില വഷളായിക്കൊണ്ടിരുന്നു. ഏഴാം തീയതി ആയപ്പോൾ ലങ്സ് ഏറ്റവും മോശം അവസ്ഥയിൽ എത്തിയിരുന്നു. അന്ന് രാത്രിയിൽ ഒന്നരയോടെ ICU വിലേക്ക് മാറ്റി. അപ്പോഴും ICU വിലേക്ക് പോവില്ലെന്നൊക്കെ ഞാൻ വാശി പിടിച്ചിരുന്നു. ഡോക്ടർ കുറെ സമാധാനിപ്പിച്ചപ്പോൾ ആണ് പോവാൻ തയാറായത്.
ബോധത്തോടെ ഒരു മനുഷ്യന് കിടക്കാവുന്ന ഇടമല്ല ICU എന്ന് അവിടെത്തിയപ്പോഴാണ് മനസിലായത്. അത് വേറൊരു ലോകമാണ്. നമുക്ക് തീരെ പരിചിതമല്ലാത്ത സ്ഥലം, പിന്നെ സംഭവിച്ചതൊക്കെ ഓർത്തെടുക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ്. നമ്മുടെ ശരീരം നമ്മുടേത് അല്ലാതെയാവുന്ന അവസ്ഥ. അവർ എന്തൊക്കെയോ ചെയ്യുന്നു... ദേഹം മുഴുവൻ വയറുകളും ട്യൂബ്കളും കൊണ്ട് നിറയുന്നു ... ആകെ അസ്വസ്ഥത,മനസ് കൈ വിട്ടു പോവും പോലെ...
Non - invasive ventilation സപ്പോർട്ട് തരാൻ വേണ്ടി മാസ്ക് മുഖത്ത് വെച്ചപ്പോൾ പേടിച്ചു പോയി, ഒച്ച വെച്ചു ബഹളം കൂട്ടി ട്യൂബും വയറുകളും എല്ലാം വലിച്ചു പറിച്ചു ദൂരെയെറിഞ്ഞു... അവിടെ ഉണ്ടായിരുന്ന മലയാളി ബ്രദറിന്റെ വാക്കുകൾ ഒന്നും എന്നെ സമാധാനിപ്പിച്ചില്ല. ഹൈ കോൺസെൻട്രേഷൻ ഓക്സിജൻ മാസ്ക് തന്നെ വീണ്ടും വെ ച്ചു. അപ്പോൾ സമയം രാത്രി രണ്ട് മണി ആയിട്ടുണ്ട് . ഡോക്ടർ ഗിരിയെ വിളിച്ചുണർത്തി വിവരങ്ങൾ പറഞ്ഞു. ഗിരി ആകെ പേടിച്ചു പോയി രാത്രി പത്തരയ്ക്ക് ഗുഡ് നൈറ്റ് പറഞ്ഞു കിടന്നതാണ്... പെട്ടെന്ന് ICU എന്നൊക്കെ കേട്ടപ്പോൾ പാവം വിരണ്ട് പോയി.. അപ്പോൾ തന്നെ ഗിരി എന്നെ ഫോണിൽ വിളിച്ചു, ഗിരിയുടെ പേടിച്ച ശബ്ദം കേട്ടപ്പോൾ എനിക്കൊന്നുമില്ല ഞാൻ ഓക്കെ ആണ്... വലിയ മാസ്കും പൈപ്പും ഒക്കെ കണ്ടു പേടിച്ചതാണ് വേറെ കുഴപ്പം ഒന്നുമില്ല എന്നൊക്കെ പറഞ്ഞു ഗിരിയെ സമാധാനിപ്പിച്ചു.
ഞാൻ ഒന്ന് ഓക്കേ ആയപ്പോൾ ബ്രദർ ഉം ഡോക്ടർ ഉം കൂടി വന്നു വീണ്ടും വെന്റിലേഷൻ സപ്പോർട്ട് തന്നു... അപ്പോഴും എനിക്കെന്തോ ശ്വാസം മുട്ടുന്ന പോലെ... ഓക്സിജൻ പതിനഞ്ചു ലിറ്റർ ഹൈ പ്രഷറിൽ തരുമ്പോ ഴും ഇടയ്ക്കിടെ ഞാൻ ശ്വാസം കിട്ടാതെ പിടയുന്നുണ്ടായിരുന്നു. ഓർക്കുമ്പോൾ ഒരു വിറയലാണ് ഇപ്പോഴും..
രാവിലെ ഒൻപതു മണിയോടെ ശ്വാസം മുട്ടൽ കൂടി വന്നു. സംസാരിക്കാൻ തീരെ പറ്റാതെയായി. വല്ലാത്ത പേടിയും ആശങ്കയും കൂടി വന്നു... ഫോൺ എടുത്തു കുടുംബ സുഹൃത്തിന്റെ ഫോണിലേക്ക് ഞാൻ മരിച്ചു പോവും, എന്നെ ഇവിടുന്ന് എവിടെ യെങ്കിലും കൊണ്ടു പോവണം ന്ന് മെസ്സേജ് അയച്ചു 😃. പക്ഷേ ഉച്ചയോടെ ഞാൻ ഏതാണ്ട് മെന്റലി നോർമൽ ആയി തുടങ്ങിയിരുന്നു. ഫിസിക്കലി ഒരു മാറ്റവും ഉണ്ടായതായി തോന്നിയില്ല.
അപ്പോഴേക്കും അണിയറയിൽ എന്നെ വേറെ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ നടക്കുന്നത് ഞാനറിഞ്ഞിരുന്നില്ല. രണ്ട് മണിക്ക് ആംബുലൻസ് വരുന്നു അൻപത് കീലോമീറ്റർ ദൂരെയുള്ള ഗിരിയുടെ ഫ്രണ്ട് ന്റെ ഹോസ്പ്പിറ്റലിലേക്ക് ഷിഫ്റ്റ് ആവുന്നു.
മൂന്നരയോടെ അവിടെയെത്തി വീണ്ടും ICU വിലേക്ക് കയറ്റുന്നു പഴയതൊക്കെ ആവർത്തിക്കുന്നു. അനങ്ങാൻ വയ്യാത്ത അവസ്ഥ.... ആകെ ആശ്വാസം ഫോൺ കയ്യിൽ തരുമെന്നത് മാത്രമാണ്.
ICU വിൽ വെച്ചു പലപ്പോഴും ഞാൻ ഡിപ്രെഷൻ മൂഡിലേക്ക് പോയി, പല തവണ അവിടുത്തെ സ്റ്റാഫിനോട് ഒ ക്കെ ദേഷ്യപ്പെട്ടു.. ഒരിക്കൽ അവരോടുള്ള ദേഷ്യത്തിന് മുഖത്തെ ഓക്സിജൻ മാസ്ക് വലിച്ചെറിഞ്ഞു. അതിപ്പോ പറയാൻ കാരണം ICU വിൽ കിടക്കുന്ന രോഗിയുടെ മാനസികാവസ്ഥയെ പറ്റി പറയാനാണ്. ആദ്യം ഞാൻ പറഞ്ഞത് പോലെ ബോധമുള്ള മനുഷ്യർക്ക് കിടക്കാൻ പറ്റിയ സ്ഥലമല്ല ICU. നമുക്ക് തീരെ പരിചിതമല്ലാത്ത ഒരു ലോകത്ത് നമ്മൾ എത്തിപ്പെടുക, അവിടെ നമ്മുടെ ശരീരം നമുക്ക് സ്വന്തമല്ലാതെയാവുക.അത്രയേറെ ശരീരവും മനസും ഒരേപോലെ തളർന്നു പോവും. മൂക്കിലും വായിലുമൊക്കെ ട്യൂബ് ഘടിപ്പിച്ച ഒരു കൂട്ടം മനുഷ്യരുടെ നടുവിൽ എത്തി പ്പെടുമ്പോൾ ഉണ്ടാവുന്ന മാനസിക സംഘർഷം അത് അനുഭവിച്ചവർക്ക് മാത്രം മനസിലാവുന്ന ഒന്നാണ്. ആ സമയത്ത് നമ്മളെ മനസിലാക്കി മുഖത്ത് ഒരു ഭാവ മാറ്റവും വരുത്താതെ അനുഭാവ പൂർവ്വം നമ്മളോട് ഇടപെടുന്ന ആരോഗ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാൽ ആണ് മതിയാവുക.
അന്ന് ഞാൻ കാണിച്ച അലമ്പ് ഒ ക്കെ ഓർക്കുമ്പോൾ ഇപ്പൊ ചിരിയും വിഷമവും വരും. എട്ട് ദിവസത്തിന് ശേഷം റൂമിലേക്ക് മറ്റുമ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. എന്റെ ശരീരം എനിക്ക് തിരികെ കിട്ടിയത് പോലെ... അതുവരെ അവരുടെ അധീനതയിൽ ആയിരുന്നു.
Also Read-
ഐപിഎസ് നേട്ടം ആദ്യാക്ഷരം പഠിപ്പിച്ച അധ്യാപികയ്ക്ക്; വൈറലായി ഒരു ഗുരു-ശിഷ്യ സമാഗമംറൂമിലേക്ക് മാറ്റിയിട്ടും ഓക്സിജൻ മാസ്ക് ഇല്ലാതെ ശ്വാസം എടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒരുമാതിരി മാനസികമായും ശാരീരികമായും നോർമൽ ആയി തുടങ്ങിയ ഇരുപത്തി നാലാമത്തെ ദിവസം വെളുപ്പിന് നാല് മണിക്ക് ഉണ്ടായ ശ്വാസം മുട്ടൽ മനസിനെ വീണ്ടും തളർത്തി കളഞ്ഞു. ഇൻജെക്ഷൻ തന്നിട്ട് നോർമൽ ആവാതെ വന്നപ്പോൾ ഇരുപത് മിനിട്ടോളം നെഞ്ചിലും പുറത്തും ശക്തിയിൽ ഇടിച്ചും പ്രെസ്സ് ചെയ്തും ഓക്സിജൻ ലെവൽ കൂട്ടി വെച്ചുമൊക്കെയാണ് ശ്വാസം തിരികെ കിട്ടിയത്... വല്ലാതെ തളർന്നു പോയ ദിവസമാണ് അന്ന്... ഏതാണ്ട് സുഖമായി തുടങ്ങിയെന്നു കരുതി സമാധാനമായി ഇരുന്നപ്പോൾ പെട്ടെന്ന് ഉണ്ടായ മാറ്റം ഒന്ന് തളർത്തി എന്ന് മാത്രം... ഒരു കൂട്ടം സുഹൃത്തുക്കൾ ഫോണിന്റെ അങ്ങേതലയ്ക്കൽ ഉള്ളത് കൊണ്ട് തന്നെ പെട്ടെന്ന് ഞാൻ നോർമൽ ആയി 😘.
ഇരുപത്തി ഒൻപതാം ദിവസം ഡോക്ടർ വന്നപ്പോൾ പറഞ്ഞു ഇനി വിൽ പവർ കൊണ്ട് മാത്രമേ രോഗമുക്തി നേടാൻ ആവുള്ളു ഓക്സിജിനും മെഡിസിനും ഓക്കെ പരിമിതികൾ ഉണ്ട്... സ്ട്രോങ്ങ് ആവൂയെന്ന്, പിന്നെയും എന്തൊക്കെയോ കൂടി ഡോക്ടർ പറഞ്ഞു അതൊന്നും ശ്രദ്ധിച്ചില്ല എന്ന് പറയുന്നതാവും ശരി. വിൽ പവർ അത് മാത്രമായിരുന്നു മനസ്സിൽ. ഡോക്ടർ പോയ ഉടൻ മുഖത്ത് നിന്ന് ഓക്സിജൻ മാസ്ക് അഴിച്ചു മാറ്റി വെ ച്ചു... കുറച്ചു നേരം അനങ്ങാതെ കിടന്നിട്ട് പതിയെ നടന്നു നോക്കി ശ്വാസം മുട്ടുന്നുണ്ട് നിർത്താതെ ചുമയും. തളർന്നു പോവരുത് ശക്തി യാർജ്ജിച്ചേ മതിയാവൂ... കുറച്ചു റസ്റ്റ് ചെയ്തും എഴുന്നേറ്റിരുന്നും പതിയെ നടന്നും പതിയെ പതിയെ ജീവിതത്തിലേക്ക് പിച്ച വെക്കുകയായിരുന്നു ഞാൻ അവിടെ.... ഓക്സിജൻ മാസ്ക് ഇല്ലാതെ ശ്വസിക്കാൻ പറ്റിയപ്പോൾ ഇടനാഴിയിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ സന്തോഷം കൊണ്ട് മനസ് പെയ്തൊഴിഞ്ഞു.
കോവിഡ് നിസാര രോഗമല്ല, പനി പോലെയൊക്കെ വന്നു പോയാൽ കുഴപ്പമില്ല. എന്നെ പോലെ ചെറിയ ഡസ്റ്റ് അലർ ജി ഉള്ളവർക്ക് പോലും കോവിഡ് എത്ര ഭീകരൻ ആയിരുന്നുവെന്ന് ഓർത്തു നോക്കൂ. ഏതെങ്കിലും രീതിയിൽ അലര്ജി ഇല്ലാത്തവർ കുറവാണ് ... ശ്രദ്ധിക്കണം, സൂക്ഷിക്കണം... ഒരു ജലദോഷം പോലും നിസാരമെന്ന് കരുതി അവഗണിക്കരുത്... ഡോക്ടർ നെ കണ്ടു മരുന്ന് കഴിക്കണം. അഥവാ രോഗം വന്നാലോ അത് മൂർച്ഛിച്ചാലോ ഭയം വേണ്ട. എനിക്കൊന്നുമില്ല ഞാൻ തിരികെ വരുമെന്ന് മനസിലുറപ്പിക്കുക... സ്വയം പറഞ്ഞു ബോധ്യപ്പെടുത്തുക ഇത്രയൊക്കെ മതി കോവിഡിനെ വന്ന വഴി പറഞ്ഞു വിടാൻ. ICU വിൽ കിടക്കുമ്പോഴും നൃത്ത വേദിയിൽ നിറഞ്ഞ് ആടുന്നത് കണ്ണടച്ചു ഞാൻ കണ്ടിട്ടുണ്ട്.... കരഘോഷം കേട്ടിട്ടുണ്ട്.. എന്റെ ഗുരുനാഥനെ,പ്രിയപ്പെട്ടവരെ, അമ്മയെ, അച്ഛനെ, ഗിരിയെ, മക്കളെ ഓക്കെ കാണാനുള്ള അതിയായ ആഗ്രഹം...നൃത്ത വേദിയിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം ഇതൊക്കെയാണ് എന്നെ തിരികെ കൊണ്ടുവന്നത്.... .. ഇതെന്റെ രണ്ടാം ജന്മമാണ്... അങ്ങനെ തന്നെ ഉറച്ചു വിശ്വസിക്കുന്നു 😊.
പോരുന്ന ദിവസം ആയപ്പോഴേക്കും ഹോസ്പിറ്റലിലെ സ്റ്റാഫ് ഒക്കെയായി നല്ല സൗഹൃദത്തിലായിരുന്നു. മുപ്പത്തി ഒന്നാം ദിവസം ഡിസ്ചാർജ് ആവുമ്പോൾ ആടിയും പാടിയും കെട്ടിപിടിച്ചും കരഞ്ഞും കേക്ക് മുറിച്ചുമാണ് ആരോഗ്യ പ്രവർത്തകർ എന്നെ യാത്രയാക്കിയത്.... പിരിഞ്ഞു പോരുമ്പോൾ എന്റെയും മനസും കണ്ണും ഒരേപോലെ നിറഞ്ഞു പെയ്തു..
മോഹിനിയാട്ടം നർത്തകിയാണ് 42കാരിയായ ഡിംപിൾ ഗിരീഷ്. ഭർത്താവും രണ്ട് മക്കൾക്കും ഒപ്പം മുംബൈയിലെ താനെയിലാണ് സ്ഥിര താമസം. ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള ഓലകെട്ടിയമ്പലമാണ് സ്വദേശം. ഭർത്താവ് ഗിരീഷ് നാട്ടിലും മുംബൈയിലും ബിസിനസ് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.