• HOME
  • »
  • NEWS
  • »
  • life
  • »
  • അകാലത്തിൽ പൊലിഞ്ഞ പ്രതിഭയ്ക്ക് സുഹൃത്തുക്കൾ ആദരവോടെ നൽകിയ അപൂര്‍വ സമ്മാനം

അകാലത്തിൽ പൊലിഞ്ഞ പ്രതിഭയ്ക്ക് സുഹൃത്തുക്കൾ ആദരവോടെ നൽകിയ അപൂര്‍വ സമ്മാനം

കവി ചിതയിലൊടുങ്ങുമ്പോൾ അയാളുടെ സങ്കൽപ്പലോകത്തെ ചാരമാകാൻ അവർ അനുവദിച്ചില്ല. അന്നത്തെ തീരുമാനമാണ് ''തീയും തണുപ്പു''മെന്ന കവിതാസമാഹാരം

manesh

manesh

  • Share this:
    ''വെയിൽ തിന്നുതീർത്ത തണലുകൾ
    ഏത് മരത്തിന്റെ വിത്തിലാണ്
    ഒളിഞ്ഞിരിക്കുന്നത്''

    പ്രതിഭയുടെ മിന്നൽ സ്പർശമില്ലാതെ ഇങ്ങനെയൊരു വരിയെഴുതുക അസാധ്യമാണ്. പക്ഷേ ഇനിയിങ്ങനെയൊരു വരി പിറക്കില്ല. അത് എഴുതാൻ ഇനി അയാളില്ല. കവിതയിൽ ജീവിച്ച ആ ചെറുപ്പക്കാരനെയും അയാളിലെ കവിതയെയും അരസികനായ നിരൂപകനേപ്പോലെ വന്ന് മരണം ഒരു നിമിഷം കൊണ്ട് വായിച്ചുതീർത്തുകളഞ്ഞു.



    അല്ലെങ്കിലും മരണം എന്നാണ് മനുഷ്യനോട് നീതിപുലർത്തിയിട്ടുള്ളത്. പക്ഷേ ആ മരണത്തെ വെല്ലുവിളിക്കാൻ അയാളുടെ കൂട്ടുകാർ തീരുമാനിച്ചുറപ്പിച്ചു. അക്ഷരങ്ങളുള്ള കാലത്തോളം അയാളെ അടയാളപ്പെടുത്താൻ അവർ നിശ്ചയിച്ചു. കവി ചിതയിലൊടുങ്ങുമ്പോൾ അയാളുടെ സങ്കൽപ്പലോകത്തെ ചാരമാകാൻ അവർ അനുവദിച്ചില്ല. അന്നത്തെ തീരുമാനമാണ് ''തീയും തണുപ്പു''മെന്ന കവിതാസമാഹാരം.

    Also read:Britain's Got Talent 2020| കലാ മികവിൽ ലോകത്തിൻറെ നെറുക തൊടാൻ മലയാളി പെൺകുട്ടി; പിന്തുണയുമായി കേരളം

    പത്തനംതിട്ട ജില്ലയിലെ കുന്നന്താനമെന്ന മലയോരഗ്രാമത്തിലാണ് മനേഷ് മാധവൻ ജീവിച്ചിരുന്നത്. അടുത്തറിയാവുന്നവരും സോഷ്യൽ മീഡിയയിലെ വായനക്കാരും യുവകവി എന്ന നിലയിൽ പ്രതിഭാശാലിയെന്ന് സാക്ഷ്യപ്പെടുത്തിയ ചെറുപ്പക്കാരൻ. സ്കൂൾ കാലം തൊട്ട് കവിതയെഴുതി, കോളജ് കാലത്ത് അക്ഷരങ്ങളുടെ അരികുകളെ ചെത്തിമിനുക്കി, സോഷ്യൽമീഡിയ കാലത്ത് വാക്കുകളുടെ മൂർച്ചകൂട്ടി മനേഷ് അങ്ങനെ എഴുതിക്കൊണ്ടേയിരുന്നു. പലയിടത്തും അച്ചടിച്ചുവന്നു. പത്രാധിപരുടെ കത്തുമായി മടങ്ങിവന്ന കവിതകളിലാകട്ടെ അവൻ ഒളിച്ചിരുന്നുമില്ല. ലക്ഷ്യത്തിലേക്ക് മെല്ലെ മെല്ലെ നടന്നടുക്കുകയായിരുന്നു.



    അങ്ങനെയൊരു നടപ്പിനിടയിൽ, 2018 ഏപ്രിൽ 13ന് തിരുവല്ല കെഎസ്ആർടിസി ബസ് ടെർമിനലിലേക്ക് വേഗമെത്തിയ ബസിന്റെ ചക്രങ്ങളിൽ മരണം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. മാന്നാറിലെ തുണിക്കടയിലെ കണക്കെഴുത്ത് ജോലിയും കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു മരണം മനേഷിനെ കവർന്നെടുത്തത്.

    പിറ്റേന്ന് മനേഷിനെ ചിതയിലേക്ക് വച്ച് സുഹൃത്തുക്കൾ തിരിഞ്ഞു നടന്നു. എങ്കിലും അവിടെ നിന്ന് പെട്ടന്നങ്ങ് പോകാൻ കഴിയാതെ സുഹൃത്തുക്കൾ മനേഷിനെക്കുറിച്ചും അവന്റെ കവിതകളെക്കുറിച്ചും എഴുതാതെ പോയ കവിതകളെക്കുറിച്ചും പറഞ്ഞുകൊണ്ടേയിരുന്നു. കവിതകളെല്ലാം ചേർത്ത് ഒരു പുസ്തകമിറക്കുകയായിരുന്നു മനേഷിന്റെ ജീവിതാഭിലാഷമെന്ന് അവരോർത്തു.

    Also read:'ന്യൂഡൽഹിയുടെ അവകാശം ചോദിച്ചുവരുന്ന രജനികാന്ത്; സംവിധായകനാകാതെ പോയ പ്രേംനസീർ'; ഡെന്നീസ് ജോസഫ് എഴുതുന്നു

    ചിത എരിഞ്ഞ് തീരുംമുമ്പ് അവരൊരു തീരുമാനത്തിലെത്തി. 'നമുക്ക് എന്തുകൊണ്ട് അങ്ങനെയൊരു പുസ്തകം ഇറക്കിക്കൂടാ?' മനേഷ് കൂടി അംഗമായ കവല എന്ന കൂട്ടായ്മയിലെ അംഗങ്ങളായിരുന്ന ആ കൂട്ടുകാർ മനേഷിന്റെ കവിതകൾ ചേർത്ത് എത്രയും വേഗമൊരു പുസ്തകമിറക്കാൻ അവർ തീരുമാനിച്ചു. പുസ്തകം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ധാരണയിലെത്തിയ ശേഷമാണ് കവല കൂട്ടായ്മയിലെ അംഗങ്ങൾ അന്ന് ചിതയ്ക്ക് അരുകിൽ നിന്നും പിരിഞ്ഞത്.



    അടുത്ത ദിവസങ്ങളിലൊന്നിൽ കൈവശമുണ്ടായിരുന്ന കയ്യെഴുത്ത് പ്രതികളെല്ലാം മനേഷിന്റെ ഭാര്യ ജിഷ കവല ഭാരവാഹികളെ ഏൽപ്പിച്ചു. പലകാലത്തെ നൂറ് കണക്കിന് കവിതകൾ. തിരുത്തി തിരുത്തി മനോഹരമാക്കിയ കവിതകളുടെ വലിയൊരു ശേഖരം. സുഹൃത്തുക്കൾക്ക് എസ്എംഎസായി പോലും കവിതകൾ അയച്ചുകൊടുക്കുന്ന ശീലം മനേഷിനുണ്ടായിരുന്നു. പരമാവധി സുഹൃത്തുക്കളിലേക്ക് അറിയിപ്പ് എത്തിച്ചു. നിരവധിയാളുകൾ കവല ഭാരവാഹികൾക്ക് കവിതകൾ അയച്ചുനൽകി. ആഴ്ചപ്പതിപ്പുകളിലും പത്രങ്ങളുടെ സപ്ലിമെന്റുകളിലും കോളജ് മാഗസിനുകളിലും വന്ന കവിതകളും കവല കണ്ടെത്തി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ഹൈക്കു കവിതകളും ശേഖരിച്ചു.

    അംഗങ്ങൾ ആ കവിതകളെല്ലാം ആവർത്തിച്ചാവർത്തിച്ച് വായിച്ചു. പ്രാഥമിക പരിശോധന പൂർത്തിയാക്കാൻ തന്നെ ദിവസങ്ങൾ വേണ്ടിവന്നു. കവി എസ് കലേഷ് മനേഷിന്റെ അയൽവാസിയാണ്. മനേഷിന്റെ എഴുത്തിനെ പരുവപ്പെടുത്തിയ വ്യക്തിയാണ്. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം പ്രസിദ്ധീകരണ യോഗ്യമായവ കലേഷിന് എത്തിക്കാനായിരുന്നു കവലുടെ തീരുമാനം.



    മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പുമാത്രം മനേഷ് തുടങ്ങിയ കവിതാ ബ്ലോഗിന് തീയും തണുപ്പും എന്നായിരുന്നു പേരിട്ടിരുന്നത്. മനേഷിന്റെ കവിതാക്ഷരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന തീയും തണുപ്പും പുസ്തകത്തിന്റെ പുറംചട്ടയിലേക്കും പകരാൻ കൂട്ടുകാർ തീരുമാനിച്ചു. കലേഷിനും അത് സമ്മതം. കവല കൈമാറിയ കവിതകൾ പരിശോധിച്ച് അന്തിമ തീർപ്പ് കൽപ്പിക്കുക എന്ന ശ്രമകരമായ ദൗത്യത്തിനൊപ്പം പുസ്കത്തിന്റെ ഡിസൈനും പേജുകളുടെ ലേഔട്ടും ചെയ്തുതരാമെന്ന് കലേഷ് സമ്മതിച്ചു. കൈയെഴുത്ത് പ്രതികളിൽ നിന്ന് ഓരോ കവിതയും കീബോർഡും കടന്ന് പുസ്തകത്തിനുള്ളിൽ കയറിയ സന്തോഷാധിക്യത്താൽ നിറഞ്ഞു ചിരിച്ചു.

    also read:തലവര മാറ്റിയെഴുതിയ 'രാജാവിന്റെ മകന്‍', ലാലിന്റേയും മലയാള സിനിമയുടേയും

    കലേഷിന്റെ സുഹൃത്തുക്കൾ വരച്ചു നൽകിയ ചിത്രങ്ങൾ കവിതകൾക്ക് തണലൊരുക്കി. ഇന്ത്യൻ കവിതകളെ ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ സച്ചിദാനന്ദന്റെ അവതാരിക മനേഷിന്റെ കവിതകളുടെ ഉൾക്കാഴ്ചകളിലേക്ക് പടികൾ പണിതു. ആത്മമിത്രം ടിജിൻ കെ സോമൻ പകർത്തിയ മനേഷിന്റെ ചിത്രവും അത് ചേർത്തുവച്ച് ഡോൺ വിൽസൺ പുലിക്കോട്ടിൽ രൂപകൽപ്പന ചെയ്ത കവർ ഡിസൈനും കൂടിയായപ്പോൾ 'തീയും തണുപ്പും' പൂർണവളർച്ചയെത്തി.



    ഇത്രയും മികച്ചൊരു പുസ്തകം മികച്ചൊരാൾ പ്രകാശനം ചെയ്യണമെന്ന കൂട്ടുകാരുടെ അന്വേഷണം അവസാനിച്ചത് മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസിൽ ആയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് കുന്നന്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ആയിരങ്ങളെ സാക്ഷിയാക്കി തീയും തണുപ്പും പ്രകാശനം ചെയ്യപ്പെട്ടു. നടൻ ഇർഷാദ് അലിയാണ് തീയും തണുപ്പും ഏറ്റുവാങ്ങിയത്.

    മനേഷിന്റെ മകൻ അഗ്നിമിത്രനെ വേദിയിലേക്ക് വിളിച്ചു വരുത്തി ആദ്യപ്രതി ഇർഷാദ് അലി സമ്മാനിച്ചു, ഒപ്പം ഒരു പ്രഖ്യാപനവും. പുസ്തകം വിറ്റുകിട്ടുന്ന പണം അഗ്നിമിത്രന്റെ കൈകളിൽ കൊടുക്കാൻ താൻതന്നെ എത്തും!!!. പുസ്തകപ്രകാശന വേദിയാകെ ആഹ്ലാദം നിറഞ്ഞു. മനേഷിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരവായി പുസ്തക പ്രകാശന ചടങ്ങ് മാറി. കവികളായ കുരീപ്പുഴ ശ്രീകുമാർ, എസ് കലേഷ്, മാധ്യമ പ്രവർത്തകനായ ടി എം ഹർഷൻ, നാടക പ്രവർത്തകൻ ജയചന്ദ്രൻ തകഴി, എൻ ലാൽകുമാർ, ശശികുമാർ, പ്രൊഫസർ ബി രവികുമാർ, കെ കെ രാധാകൃഷ്ണക്കുറുപ്പ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങി പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രകാശന ചടങ്ങ്. ഇടതുകോട്ടയായ കുന്നന്താനത്ത് പ്രമുഖ ഇടത് നേതാക്കൾ വന്നപ്പോൾ കൂടിയതിനെക്കാൾ വലിയ ജനക്കൂട്ടമാണ് പ്രകാശന ചടങ്ങിലേക്ക് ഒഴുകിയെത്തിയത്.



    പുസ്തക വില്പനയുടെ ഓരോ ഘട്ടത്തിലും ഇർഷാദ് അലി കവല ഭാരവാഹികളെ വിളിച്ച് അന്വേഷിച്ചു. ഇടയ്ക്ക് ചില പ്രതിസന്ധികളിൽ അകപെട്ടപ്പോഴും നടൻ അവർക്ക് താങ്ങായി. കവിത ഇഷ്ട്ടപ്പെടുന്ന, കവിത വായിക്കുന്ന ഒരാളുടെ ഉത്തരവാദിത്തമായാണ് നടൻ എന്നതിന്റെ തിരക്കുകൾക്ക് ഇടയിലും മനേഷിന്റെ കൂട്ടുകാർക്ക് വേണ്ടി അയാൾ സമയം കണ്ടെത്തിയത്.

    also read:Mammootty | പീലി മോളെ തേടി മമ്മൂക്കയുടെ പിറന്നാൾ സമ്മാനം 

    പുസ്തക വിൽപ്പന അവസാന ഘട്ടം എത്തിയപ്പോൾ കോവിഡ് മഹാമാരിക്കാലം തുടങ്ങിയിരുന്നു. ഇനിയൊരു പൊതുപരിപാടി സാധ്യമല്ലെന്ന് ഉറപ്പായപ്പോൾ പുസ്തകം വിറ്റ പണം കൈമാറുന്നത് മനേഷിന്റെ കൂട്ടുകാർക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി. അപ്പോഴും രക്ഷകനായി ഇർഷാദ് അലിയെത്തി. ചടങ്ങ് വേണ്ടെന്നും മനേഷിന്റെ മകനെ കണ്ട് തുക കൈമാറിയാൽ മതിയെന്നും ഇർഷാദ് നിർദ്ദേശിച്ചു. ഒന്നോ രണ്ടോ പേര് വന്നാൽ മതി, താൻ തുക അഗ്നിമിതന്റെ കൈകളിൽ വച്ചുകൊടുക്കാം എന്ന് പറഞ്ഞപ്പോൾ ആശങ്കയ്ക്ക് അവസാനമായി. അദ്ധ്യാപക ദിനത്തിൽ തുക കൈമാറാം എന്ന നിർദ്ദേശം മുന്നോട്ടുവച്ചതും ഇർഷാദ് അലിയായിരുന്നു. കായംകുളത്ത് മനേഷിന്റെ ഭാര്യ വീടിന്റെ മുറ്റത്ത് ലളിതമായ ചടങ്ങിൽ മനേഷിന്റെ മകൻ അഗ്നിമിത്രന്റെ കൈകളിൽ ആയിരം പുസ്തകം വിറ്റുകിട്ടിയ ഒരു ലക്ഷം രൂപ ഇർഷാദ് അലി വച്ചുകൊടുത്തു. തുക കൈമാറാൻ ക്ഷണിക്കാതിരുന്നിട്ടും പറഞ്ഞ വാക്ക് പാലിക്കാൻ മറക്കാതിരുന്നത് എങ്ങനെ എന്നു ചോദിച്ചപ്പോൾ, കവിയോടും കവിതയോടും നീതിപുലർത്തണം എന്നായിരുന്നു ഈ കോവിഡ് കാലത്ത് കവികളെക്കാൾ കൂടുതൽ കവിതകൾ സമൂഹമാധ്യമങ്ങളിലൂടെ ചൊല്ലിയ ഇർഷാദ് അലിയുടെ മറുപടി.



    ഈ മഹാമാരിക്കാലത്തെ പൊന്നിൻ തിളക്കമുള്ള, സർഗാത്മകതയുടെ ഉയരങ്ങളിൽ നിൽക്കുന്ന പ്രവർത്തിയാണ് കുന്നന്താനം എന്ന കൊച്ചു ഗ്രാമത്തിലെ വലിയ മനസുള്ള ചെറിയ കൂട്ടായ്മയായ കവല പൂർത്തീകരിച്ചത്. പുരോഗമന രാഷ്ട്രീയം വാക്കുകൾ കൊണ്ടല്ല, പ്രവർത്തികൊണ്ടു പൂർത്തിയാക്കണമെന്ന സന്ദേശം അവർ ലോകത്തിന് കാണിച്ചു കൊടുത്തു.


    മനുഷ്യനുള്ള കാലം വരേയ്ക്കും മനേഷിന്റെ ഓർമകൾ അടയാളപ്പെടുത്തി വയ്ക്കാൻ എന്താണ് ഇനി സാധ്യമായത് എന്ന അന്വേഷണത്തിലാണ് കവല കൂട്ടായ്‌മ. 'മരിച്ചവരുടെ ജീവിതം ജീവിച്ചിരിക്കുന്നവരുടെ ഓർമകളിലാണ്' എന്ന മാർക്കസ് ട്യൂലിയസ് സിസറോയുടെ വാക്കുകൾ അവർ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഓർക്കാൻ ആളുണ്ടെങ്കിൽ മരണത്തെ വെല്ലുവിളിക്കാമെന്ന് അവർ ലോകത്തോട് വിളംബരം ചെയ്യുന്നു. അതേ മരണ ശേഷം മനേഷ് മാധവൻ ഭാഗ്യവാനാണ്, നിശ്ചയമായും.
    Published by:Gowthamy GG
    First published: