അടുത്തിടെ നടന്ന ആസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സസിന്റെ പഠനമനുസരിച്ച് (study) പഴങ്ങള്‍ (fruits) ധാരളം കഴിയ്ക്കുന്നത് വിഷാദ രോഗത്തെ (depression) തടയും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദിവസേന പഴങ്ങള്‍ കഴിയ്ക്കുന്ന ആളുകളുടെ മാനസികാരോഗ്യം (mental health) വരെ മികച്ചതായിരിക്കുമെന്നും പഠനത്തില്‍ വിശദീകരിക്കുന്നു.
ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദിവസേന ധാരാളം പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. എത്രത്തോളം പഴം കഴിയ്ക്കുന്നോ അത്രത്തോളം മാനസികാരോഗ്യം മെച്ചപ്പെട്ടതായിരിക്കും എന്നാണ് പഠനം വ്യക്തമാക്കുന്നത്.
പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്ന ആളുകളില്‍ വിഷാദ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്.
യുകെയിലെ 428 പേരിലാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ ഇതിന്റെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പഴം, പച്ചക്കറികള്‍, മധുരപലഹാരങ്ങള്‍, മറ്റ് ലഘുഭക്ഷണങ്ങള്‍ എന്നിവയെല്ലാം മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നെല്ലാം പഠനത്തില്‍ വിശദമായി വ്യക്തമാക്കുന്നുണ്ട്.
പ്രായം, പൊതുജനാരോഗ്യം, ഓരോരുത്തരുടെയും ദൈനംദിന പ്രവര്‍ത്തനങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തായിരുന്നു പഠനം. പോഷകങ്ങള്‍ ധാരാളമുള്ള പഴവര്‍ഗ്ഗങ്ങളും ഗുണങ്ങള്‍ കുറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ പച്ചക്കറികള്‍ കഴിയ്ക്കുന്നതും മാനസികാരോഗ്യവും തമ്മില്‍ വലിയ ബന്ധമില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ഒരുപാട് പഴങ്ങള്‍ ഒറ്റയടിയ്ക്ക് കഴിയ്ക്കുന്നതിനേക്കാള്‍ ദിവസേന കുറച്ച് കുറച്ചായി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. പോഷകങ്ങള്‍ കുറഞ്ഞ പലഹാരങ്ങളും മറ്റും ധാരാളം കഴിയ്ക്കുന്ന ആളുകളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വളരെക്കൂടുതലാണ്. കൂടാതെ 'ഡെയ്‌ലി മെന്റല്‍ സ്ലിപ്പ്' എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് ഉത്കണ്ഠ, പിരിമുറുക്കം, നിരാശ, മാനസിക പ്രശ്‌നങ്ങള്‍ ഒക്കെ സാധാരണ ഒരു മനുഷ്യന് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതും പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നതുമായി ബന്ധമൊന്നുമില്ല. എന്നാല്‍ പോഷകങ്ങൾ കുറഞ്ഞ ചില ഭക്ഷണങ്ങളും ഇവയുമായി ബന്ധമുണ്ട്.
സാധനങ്ങള്‍ എവിടെയാണ് വെച്ചതെന്ന് മറന്നു പോവുക, എന്തിനാണ് മുറിയിലേയ്ക്ക് വന്നത് എന്ന് മറക്കുക, ചില സുഹൃത്തുക്കളുടെ പേരുകൾ മറന്നു പോവുക തുടങ്ങിയ ചെറിയ ഓര്‍മ്മക്കുറവുകള്‍ കണ്ടുവരാറുണ്ട്.
'ഭക്ഷണക്രമം എങ്ങനെയാണ് മാനസികാരോഗ്യത്തെ ബാധിക്കുക എന്ന കാര്യം പലര്‍ക്കും അറിയില്ല. പോഷക ഗുണങ്ങള്‍ കുറഞ്ഞ ഭകഷണം സ്ഥിരമായി കഴിയ്ക്കുന്നത് ചെറിയ ചെറിയ ഓര്‍മ്മ കുറവുകള്‍ ഉണ്ടാക്കുകയും പിന്നീട് ഇത് മാനസിക പ്രശ്‌നങ്ങളിലേയ്ക്ക് വഴി വെയ്ക്കുകയും ചെയ്യുന്നു' ഗവേഷകര്‍ വ്യക്തമാക്കി.
Also Read-
പൂന്തോട്ടം പരിപാലിച്ച് സമ്മർദ്ദം കുറയ്ക്കാം; മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനം
പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി ആന്റി ഓക്‌സിഡന്റുകളും ഫൈബറും മറ്റ് മൈക്രോന്യൂട്രിയന്റുകളും ധാരാളമായി കാണാന്‍ സാധിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വളരെയധികം ഗുണം ചെയ്യും. എന്നാൽ, പാചകം ചെയ്യുമ്പോള്‍ ഈ പോഷകങ്ങള്‍ ഇല്ലാതാകുന്നു. പഴങ്ങള്‍ സാധാരണ പാചകം ചെയ്യാത്തത് കൊണ്ടായിരിക്കാം പച്ചക്കറികളേക്കാള്‍ പഴങ്ങള്‍ കൂടുതലായി മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്നത് എന്ന ഗവേഷകര്‍ വിശദീകരിക്കുന്നു.
ലഘുഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ ആരോഗ്യത്തിന് ഗുണകരമാണോ എന്ന് മനസ്സിലാക്കണം. പഴങ്ങള്‍ ധാരാളം കഴിയ്ക്കുന്നത് എപ്പോഴും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.