മനുഷ്യ ശരീരത്തിൽ കഴുത്തിന്റെ മുൻഭാഗത്തായി കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്റെ മെറ്റാബോളിസം നിലനിർത്തുന്നിതലും വളർച്ചയിലും പ്രധാന പങ്കുവഹിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്. എന്നാൽ ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യ ശരീരത്തെ പല പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഇതിൽ ഉപാപചയ പ്രവർത്തനങ്ങളിൽ വരുന്ന മാറ്റങ്ങൾ ശരീരഭാരം കൂടുന്ന അവസ്ഥയിലേക്ക് ചിലരെ എത്തിക്കാം.
കൂടാതെ മുടികൊഴിച്ചിൽ, ഹൃദയമിടിപ്പ്,ഹോർമോൺ വ്യതിയാനങ്ങൾ, സീലിയാക് ഡിസീസ് , പ്രമേഹം എന്നീ ലക്ഷണങ്ങൾ ഹൈപ്പോതൈറോയിഡിസം ഉള്ളവരിലാണ് സാധാരണയായി കണ്ടുവരുന്നത്. തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കാത്ത അവസ്ഥ വരുമ്പോൾ ഇത് അതിവേഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.കൂടാതെ ഹൈപ്പോതൈറോയിഡിസം ഏതു പ്രായക്കാരെയും ബാധിക്കാവുന്ന അവസ്ഥയാണ്. ഇതിൽ ചെറിയ കുട്ടികൾ വരെ ഉൾപ്പെടുന്നു.
നിങ്ങൾക്ക് തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയിൽ ഈ ലക്ഷണങ്ങൾ ഉണ്ടാകാം.
1. അമിതമായ ക്ഷീണം അനുഭവപ്പെടുക
2. മരവിപ്പ്
3. മലബന്ധം
4. മുഖത്ത് നീര്, വരണ്ട ചർമ്മം
5. അമിതമായ കൊളസ്ട്രോൾ
6. സന്ധികളിലെ കഠിന വേദന
7. വിഷാദം, ഓർമ്മക്കുറവ്
അതേസമയം ഹൈപ്പോതൈറോയിഡിസം ബാധിച്ചിട്ടുള്ളവർക്ക് ശരിയായ ഭക്ഷണക്രമത്തിലൂടെ ശരീരഭാരം കുറയ്ക്കുക എന്നത് പലപ്പോഴും വലിയ വെല്ലുവിളിയായി മാറാറുണ്ട്. എന്നാൽ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വരുത്തുന്ന കൃത്യമായ മാറ്റങ്ങൾ കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നതാണ് .ഇതിനായി പ്രധാന പോഷകങ്ങൾ ഉൾപ്പെടുത്തി വളരെ ശ്രദ്ധാപൂർവം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. തൈറോയിഡിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളായ അയോഡിൻ, സെലിനിയം, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ദൈനംദിന ഭക്ഷണ ശൈലിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
ഈ അഞ്ചു ഭക്ഷണങ്ങളിലൂടെ തൈറോയ്ഡ് രോഗമുള്ളവർത്ത് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതാണ്. അവ ഏതൊക്കെ ആണെന്ന് നോക്കാം
സീഡ്‌സും നട്സും
സീഡ്‌സും നട്സും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. തൈറോയ്ഡ് ഗ്രന്ഥിയുടെ കൃത്യമായ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന സെലിനിയം, സിങ്ക് എന്നിവയുടെ ഉറവിടമാണ് ബ്രസീൽ നട്‌സ്. കൂടാതെ ചിയാ സീഡ്സും മത്തങ്ങ വിത്തുകളും സിങ്കിന്റെ സമ്പന്നമായ സ്രോതസ്സുകളാണ്. ഇവ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ബീൻസും പയറുവർഗ്ഗങ്ങളും
ബീൻസ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന്റെ മെറ്റാബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും.
Also read-Health | ചെറുപ്പക്കാരിൽ സ്ട്രോക്ക് വര്‍ധിക്കുന്നത് എന്തുകൊണ്ട്? കാരണങ്ങളറിയാം
മുട്ട
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗമുള്ളവർ അവരുടെ ഭക്ഷണത്തിൽ മുട്ടയുടെ മഞ്ഞ ഉൾപ്പെടുത്തണം. കാരണം ഇത് ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ സിങ്ക്, സെലിനിയം, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ്.
പച്ചക്കറികൾ
തക്കാളി, ക്യാപ്സിക്കം തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും തൈറോയ്ഡ് മൂലം ഉണ്ടാകുന്ന ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിറഞ്ഞ പച്ചക്കറികളാണ് ഇവ.
കഫീൻ അടങ്ങാത്ത പാനീയങ്ങളും വെള്ളവും
കഫീൻ അടങ്ങാത്ത പാനീയങ്ങളും വെള്ളവും ധാരാളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഏറെ സഹായകമാണ്.
ശരിയായ ചികിത്സ ഇല്ലാതെ പോയാൽ രോഗത്തിന്റെ സങ്കീർണ്ണതകൾ വർധിക്കാനുള്ള സാധ്യതയുണ്ട്. ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ തുടർന്നുള്ള ഹൃദ്രോഗം, വന്ധ്യത, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയവയ്ക്ക് ഇത് വഴിവെച്ചേക്കാം. കൂടാതെ ആളുകളിൽ പ്രമേഹം ഉണ്ടാകുന്നതിനും തൈറോയ്ഡ് ഒരു കാരണമായിട്ടുണ്ടെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ നേരത്തെയുള്ള രോഗനിർണയവും ശരിയായ ചികിത്സയും നിങ്ങളെ ഇതിനെ തുടർന്ന് ഉണ്ടാകുന്ന മറ്റ് രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കും. ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം രോഗികൾ യോഗ പോലുള്ള വ്യായാമങ്ങളും ശീലമാക്കുക. ഇതിലൂടെ എൻഡോക്രൈൻ സംവിധാനത്തെ ഉത്തേജിപ്പിക്കാനും മനുഷ്യ ശരീരത്തിലെ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാനും സാധിക്കുന്നു.
മദ്യപാനവും പുകവലിയും പൂർണ്ണമായും ഒഴിവാക്കുന്നതും തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. ഭക്ഷണത്തിൽ അയോഡൈസ്ഡ് ഉപ്പ്, മുളപ്പിച്ച തിനകൾ എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയിഡ് രോഗമുള്ളവർക്ക് ഏറെ ഗുണം ചെയ്യും. കൂടാതെ കാബേജ്, കോളിഫ്‌ളവർ, ബ്രൊക്കോളി, പേൾ മില്ലറ്റ്, മരച്ചീനി, നിലക്കടല എന്നിവയുടെ ഉപയോഗം കുറയ്ക്കുക. എന്നാൽ ഇവ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. കാരണം ഇവക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ക്യാൻസറിനെ പ്രതിരോധിക്കുന്നത്തിനുള്ള ഗുണങ്ങളുമുണ്ട്. കൂടാതെ ശരീരത്തിന് ആവശ്യമായ മറ്റ് അവശ്യ പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്.
എഴുതിയത്: എഡ്വിന രാജ്, ഹെഡ്, ക്ലിനിക്കൽ ന്യൂട്രീഷൻ ഡയറ്റിക്സ്, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബെംഗളൂരു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.