ഇന്റർഫേസ് /വാർത്ത /Life / Potato Milk | പാൽ അലർജി ഉള്ളവർക്ക് ഉരുളക്കിഴങ്ങ് പാൽ; വിപണിയിലെത്തിച്ച് സ്വീഡിഷ് കമ്പനി

Potato Milk | പാൽ അലർജി ഉള്ളവർക്ക് ഉരുളക്കിഴങ്ങ് പാൽ; വിപണിയിലെത്തിച്ച് സ്വീഡിഷ് കമ്പനി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

വിദഗ്ധരുടെ അഭിപ്രായത്തിൽ ഉരുളക്കിഴങ്ങ് പാൽ പോഷകങ്ങളാൽ സമ്പന്നമാണ്

  • Share this:

നമ്മുടെ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത സമീകൃതാഹാരമാണ് പാൽ (Milk). ധാരാളം പോഷകങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പാലും പാലുത്പന്നങ്ങളും കഴിക്കാൻ കഴിയാത്തവർക്കും വീഗനിസം പിന്തുടരുന്നവർക്കും പാലിന്റെ ആരോഗ്യ ഗുണങ്ങൾ എങ്ങനെ ലഭിക്കും? ബദാം മിൽക്ക്, സോയ മിൽക്ക് തുടങ്ങി സാധാരണ പാലിന് പകരമായി നിരവധി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവയ്‌ക്കെല്ലാം വലിയ വില നൽകേണ്ടി വരും. ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡൻ ആസ്ഥാനമായുള്ള DUG എന്ന കമ്പനി. ഡയറി മിൽക്കിന് പകരമായി ഉരുളക്കിഴങ്ങ് പാൽ (Potato Milk) വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കമ്പനി. ഡയറി മിൽക്കിനോളം മാത്രം ചെലവ് വരുന്ന ഉരുളക്കിഴങ്ങ് പാൽ വലിയ അളവിൽ ഉത്പാദിപ്പിക്കാനും കഴിയും.

എന്നാൽ ഈ പാൽ വിപണിയിലെത്തിയപ്പോൾ പലരും ആശ്ചര്യം പ്രകടിപ്പിക്കുകയുണ്ടായി. ഉരുളകിഴങ്ങ് കൊണ്ടുള്ള പാൽ പശുവിൻ പാലിനും ബദാം മിൽക്ക്, സോയ മിൽക്ക് എന്നിവയ്ക്കും എങ്ങനെ പകരമാകുമെന്നായിരുന്നു പലരുടെയും ചോദ്യം. കാരണം ഉരുളക്കിഴങ്ങ് പാൽ രുചികരമായ ഒന്നായിരിക്കുമെന്ന് പലരും കരുതുന്നില്ല. മാത്രമല്ല ഓട്‌സ് അല്ലെങ്കിൽ സോയ മിൽക്ക് പോലെ ഉരുളക്കിഴങ്ങ് പാൽ അത്ര ജനപ്രിയവുമല്ല. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ ഉരുളക്കിഴങ്ങ് പാൽ പോഷകങ്ങളാൽ സമ്പന്നമാണ്. കൂടാതെ സാധാരണ പാലിന്റെ അതേ കൊഴുപ്പുള്ള ഘടനയും ഉരുളക്കിഴങ്ങ് പാലിനുണ്ട്. പാൽ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് അധിക ചിലവില്ലാതെ വളരെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ കഴിയുന്നതാണ് എന്ന മെച്ചവുമുണ്ട്.

നിലവിൽ DUG എന്ന കമ്പനി തങ്ങളുടെ ഉരുളകിഴങ്ങ് പാൽ യുകെയിൽ വില്പനയ്ക്ക് എത്തിച്ചു കഴിഞ്ഞു. മറ്റ് നിരവധി യൂറോപ്യൻ വിപണികളിലും അമേരിക്കയിലും ചൈനയിലും ഉടനെ ഉരുളകിഴങ്ങ് പാൽ അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ഉരുളകിഴങ്ങ് പാലിന് ആരാധകർ കുറവാണെങ്കിലും മറ്റ് രാജ്യങ്ങളിൽ ഈ പാനീയം അതിവേഗം ജനപ്രീതി നേടുന്നുണ്ട്. ലാക്ടോസ് അടങ്ങിയിട്ടുള്ള പാൽ ഉപയോഗിക്കാൻ കഴിയാത്തവർക്ക് സ്വന്തം വീട്ടിൽ തന്നെ വേണമെങ്കിൽ ഉരുളകിഴങ്ങ് പാൽ ഉണ്ടാക്കാമെന്ന് കമ്പനി പറയുന്നു. ഉരുളക്കിഴങ്ങ് പാൽ വീട്ടിലുണ്ടാക്കുന്നതിനുള്ള പാചക കുറിപ്പുകൾ ഇതിനകം ഇന്റർനെറ്റിൽ ലഭ്യമാണ്.

ഉരുളകിഴങ്ങ് പാൽ വീട്ടിൽ ഉണ്ടാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച ശേഷം വെള്ളം ചേർത്ത് ബ്ലെൻഡറിൽ അരച്ചെടുക്കുക. ഈ മിശ്രിതം ഫിൽട്ടർ ചെയ്‌ത് എടുക്കുക. തുടർന്ന് ഇതിൽ വെള്ളം ചേർത്ത് കട്ടി കുറയ്ക്കുക.

പാൽ കൂടുതൽ പോഷകഗുണമുള്ളതാക്കാൻ ഉരുളക്കിഴങ്ങിനൊപ്പം ഗ്രീൻ പീസ്, റാപ്സീഡ് ഓയിൽ, പഞ്ചസാര, കാൽസ്യം കാർബണേറ്റ് എന്നിവയും ഉപയോഗിച്ചിട്ടുണ്ടെന്ന് DUG വ്യക്തമാക്കി. സോയ പാലിൽ കാണപ്പെടുന്നതിന്റെ നാലിരട്ടി പ്രോട്ടീൻ ഈ പാനീയത്തിന്റെ ഒരു ഗ്രാമിൽ അടങ്ങിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

Summary: How potato milk helps tide over lactose intolerance?

First published:

Tags: Milk