പുതുവത്സരത്തിൽ പുതിയ തീരുമാനങ്ങളെടുക്കുന്നവർ നിരവധിയാണ്. വ്യായാമം ചെയ്യണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണമെന്നും പലരും പ്രതിജ്ഞയെടുത്തിട്ടുണ്ടാകാം. പല തരം ഡയറ്റുകളെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാകും. അതിൽ മെഡിറ്ററേനിയൻ ഡയറ്റ് ആണ് ഏറ്റവും നല്ലതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിൽ പറയുന്നു. ശീലിക്കാൻ എളുപ്പമുള്ള ഭക്ഷണക്രമമാണിത്.
എന്താണ് മെഡിറ്ററേനിയൻ ഡയറ്റ്?
പഴങ്ങൾ, പച്ചക്കറികൾ, ഒലിവ് ഓയിൽ, മത്സ്യം, ധാന്യങ്ങൾ, ബീൻസ് എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഡയറ്റാണിത്. ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ, ലെബനൻ, തുർക്കി, മൊണാക്കോ എന്നിവയുൾപ്പെടെ 21 രാജ്യങ്ങളിൽ ഈ പരമ്പരാഗത ഭക്ഷണരീതി നിലവിലുണ്ട്.
മെഡിറ്ററേനിയൻ ഡയറ്റിൽപ്രധാനമായും ഉൾപ്പെടുന്നത് പഴങ്ങളും പച്ചക്കറികളും പോലുള്ള സസ്യാധിഷ്ഠിത ഭക്ഷണം ആണ്. അതൊടൊപ്പം ധാന്യങ്ങൾ, ബീൻസ്, പരിപ്പ്, കടൽ വിഭവങ്ങൾ, ചിക്കൽ, ഒലിവ് എണ്ണയിൽ നിന്നുള്ള അപൂരിത കൊഴുപ്പ് എന്നിവയെല്ലാം ചേരുമ്പോൾ ഈ ഡയറ്റ് പൂർണമാകുന്നു.
Also read- പെട്ടെന്നുള്ള ഹൃദയസ്തംഭനം: ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
മധ്യകാലഘട്ടത്തിലെ ഭക്ഷണ രീതികളുമായി ഈ ഡയറ്റിന് ബന്ധമുണ്ടെന്ന് ഇറാനിയൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച “ദി മെഡിറ്ററേനിയൻ ഡയറ്റ്: എ ഹിസ്റ്ററി ഓഫ് ഹെൽത്ത്” എന്ന പ്രബന്ധത്തിൽ സൂചിപ്പിക്കുന്നു. പുരാതന റോമാക്കാരും ഗ്രീക്കുകാരും ഈ തരത്തിലുള്ള ഭക്ഷണക്രമമാണ് പിന്തുടർന്നിരുന്നത് എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ബ്രെഡ്, വൈൻ, എണ്ണ, പച്ചക്കറികൾ, ചെറിയ അളവിൽ ഇറച്ചി, കടൽ വിഭവങ്ങൾ എന്നിവയൊക്കെ അടങ്ങിയതായിരുന്നു അവരുടെ ഭക്ഷണം.
ശ്രദ്ധിക്കേണ്ടത്
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ബീൻസ്, പരിപ്പ്, പയർവർഗ്ഗങ്ങൾ, ഒലിവ് ഓയിൽ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കോഴിയിറച്ചി, മുട്ട, ചീസ്, തൈര് എന്നിവ മിതമായ അളവിലാണ് കഴിക്കേണ്ടത്. സമുദ്രവിഭവങ്ങളും മത്സ്യവും ആഴ്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കണം. റെഡ് മീറ്റും മധുരപലഹാരങ്ങളും വല്ലപ്പോഴുമേ കഴിക്കാൻ പാടുള്ളൂ. വല്ലപ്പോഴും ഒരു ഗ്ലാസ് വൈനും ആകാം.
Also read- ക്ഷമ സൂപ്പിനേക്കാൾ ഗുണം ചെയ്യും; മാനസികാരോഗ്യം മെച്ചപ്പെടും; ദേഷ്യം കുറയ്ക്കാം
ഒരാളുടെ മെഡിക്കൽ ഹിസ്റ്ററി അടിസ്ഥാനമാക്കി ഈ ഡയറ്റ് കസ്റ്റമൈസ് ചെയ്യാമെന്ന് മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സോയ സർവെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന മെഡിറ്ററേനിയൻ ഡയറ്റ് ശരീരത്തിൽ ആരോഗ്യകരമായ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുന്നു എന്നും സോയ സർവെ പറഞ്ഞു.
മെഡിറ്ററേനിയൻ ഡയറ്റിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
ലളിതവും എന്നാൽ ഫലപ്രദവുമായ ഭക്ഷണ ക്രമമാണിത്. ക്യാൻസർ വരാനുള്ള സാധ്യതയും ഹൃദ്രോഗ സാധ്യതയും ഈ ഡയറ്റ് കുറയ്ക്കുന്നു. പൂരിത കൊഴുപ്പിന്റെ അളവ് കുറവായതിനാൽ ഹൃദയാരോഗ്യത്തിനും ഈ ഡയറ്റ് വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മെഡിറ്ററേനിയൻ ഡയറ്റിലൂടെ ശരീരഭാരം കുറയ്ക്കാൻ കഴിയുമോ?
ഈ ഡയറ്റ് പ്ലാനിലൂടെ ശരീരഭാരവും കുറയ്ക്കാം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്കൂടി ശ്രദ്ധിക്കണം എന്നു മാത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.