Health Tips | വേനൽക്കാലത്ത് ഗർഭിണികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരവും
- Published by:Sarika KP
- news18-malayalam
Last Updated:
വേനൽക്കാലത്ത് ഗർഭിണികൾ നേരിടുന്ന ചില പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം .
ഗർഭകാലത്ത് സ്ത്രീകൾക്ക് ശരിയായ പരിചരണം അനിവാര്യമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് ഇത് വളരെ പ്രധാനമാണ്. വേനൽക്കാലത്ത് ഗർഭിണികൾക്ക് ചൂട് ചിലപ്പോൾ വളരേയേറെ അസ്വസ്ഥതയുണ്ടാക്കിയേക്കാം
വേനൽക്കാലത്ത് ഗർഭിണികൾ നേരിടുന്ന ചില പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം .
1. ഗർഭകാലത്തിൻറെ തുടക്കത്തിൽ ഓക്കാനം, ഛർദ്ദി എന്നിവ 60-70% ഗർഭിണികളും അഭിമുഖീകരിക്കുന്ന ഒരു സാധാരണ കാര്യമാണ്. അമിതമായി ഛർദ്ദി ഉണ്ടായാൽ അത് നിർജ്ജലീകരണത്തിന് കാരണമായേക്കാം. അത്തരം സാഹചര്യങ്ങളിൽ ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ട്. ഇത് വേനൽക്കാലത്ത് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.
2. ദഹനക്കേട്, ഗ്യാസ്, വിശപ്പില്ലായ്മ എന്നിവ ഗർഭകാലത്ത് ഉണ്ടാകുന്ന ചില മറ്റ് പ്രശ്നങ്ങളാണ്. അന്നനാളം, ആമാശയം, കുടൽ എന്നിവയിലൂടെയുള്ള ഭക്ഷണത്തിന്റെ ചലനം മന്ദഗതിയിലാകും. കുടൽ പേശികളുടെ ആയാസം കുറയുന്നത് മൂലം പുളിച്ച് തികട്ടലും, നെഞ്ചെരിച്ചിലും വഷളാകാനും സാധ്യതയുണ്ട്. ഗർഭസ്ഥ ശിശു വളരുന്നതിന് അനുസരിച്ച് ആമാശയത്തിലെ അസ്വസ്ഥതകൾ വർദ്ധിക്കാനിടയുണ്ട്.
advertisement
3. എഡിമ-ഗർഭത്തിൻറെ ആദ്യ 3 മാസങ്ങൾക്ക് ശേഷം കാലുകളിലും കാൽപാദങ്ങളിലും നീരുണ്ടാക്കാൻ സാധ്യതയുണ്ട്. ഏകദേശം 60% ഗർഭിണികൾക്കും കാലുകളിലും കാൽപാദത്തിലും വീക്കമുണ്ടാകാറുണ്ട്. ചൂടുള്ള കാലാവസ്ഥയിൽ ഇത് വഷളാകാറുണ്ട്. പാദങ്ങൾ, കാലുകൾ, വിരലുകൾ, മുഖം എന്നിവിടങ്ങളിൽ അമിതമായ വീക്കം അല്ലെങ്കിൽ പെട്ടെന്നുള്ള നീർവീക്കം ഗർഭാവസ്ഥയിൽ ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. വിശ്രമം കൊണ്ട് ഈ നീർവീക്കം കുറയുന്നില്ലെൽ ഡോക്ടറെ കാണണം.
4. ഗർഭകാലത്ത് കണ്ട് വരുന്ന മറ്റൊരു പ്രശ്‌നമാണ് ശ്വാസതടസം. ഗർഭകാലം മുന്നോട്ട് പോകവേ വികസിച്ച് വരുന്ന ഗർഭപാത്രം ശ്വാസകോശത്തെ ഞെരുക്കുകയും ശ്വാസതടസ്സം ഉണ്ടാക്കുകയും ചെയ്യാം ചൂടുള്ള സമയത്ത് താപനിലയിലെ വ്യതിയാനം സ്ത്രീകൾക്ക് അനുഭവപ്പെടുന്ന ഈ ശ്വാസംമുട്ടൽ വർദ്ധിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് കിടക്കുമ്പോൾ ശ്വാസതടസ്സം കൂടാനിടയുണ്ട്.
advertisement
5. ചില ഗർഭിണികൾ മിക്കപ്പോഴും ചൂടും വിയർപ്പും അനുഭവപ്പെടുന്നതായി പരാതിപ്പെടാറുണ്ട്. ഗർഭിണികളല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ഗർഭിണികളുടെ ശരീരത്തിൽ 1-1.5 ലിറ്റർ അധിക രക്തമുണ്ട്, ഇത് കാരണം ആകാം കൂടുതൽ ചൂട് അനുഭവപ്പെടുന്നത്.
വേനൽക്കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ശരീരത്തിലെ ജലാംശം നിലനിർത്തുക: ഗർഭിണികളിൽ പലപ്പോഴും ശരീരത്തിന്റെ താപനില വർദ്ധിക്കാറുണ്ട്. എന്നാൽ ശരീര താപനിലയിൽ സ്ഥിരത നിലനിർത്തുക എന്നത് വളരെ പ്രധാനം. ചൂടിനെ ചെറുക്കാൻ ഏറ്റവും നല്ല ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നതാണ്. ശുദ്ധ ജലം, ജ്യൂസുകൾ എന്നിവ കുടിക്കുന്നതിലൂടെ ജലാംശം വർദ്ധിപ്പിക്കാൻ കഴിയും. ഉയർന്ന ജലാംശമുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുക.
advertisement
തണുത്ത വെള്ളത്തിൽ കുളിക്കുക : വേനൽക്കാലത്ത് ഉയർന്ന താപനിലയെ ചെറുക്കാൻ കുളിക്കുന്നതിനേക്കാൾ മികച്ചതായി ഒന്നുമില്ല. രാവിലെയും രാത്രി കിടക്കുന്നതിന് തൊട്ടുമുമ്പും തണുത്ത വെള്ളത്തിൽ കുളിയ്ക്കുന്നത് കൂടുതൽ ഉന്മേഷം നൽകും.
ശരിയായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക: സുഖകരമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. വേനൽക്കാലത്ത് ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കണം. വിയർപ്പ് പുറത്തുവിടുന്നതും വിയർപ്പ് സംഭരിക്കാത്തതുമായ കോട്ടൺ തുണിത്തരങ്ങൾക്ക് മുൻഗണന നൽകണം. ശ്വസനവും ചലനവും സുഗമമാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
മിതമായ കായിക പ്രവർത്തനം: ഗർഭിണികൾക്ക് എപ്പോഴും മിതമായ കായിക പ്രവർത്തനം ആവശ്യമാണ്.
advertisement
വേനൽക്കാലത്ത് ശാരീരിക വ്യായാമങ്ങൾ മാറ്റിവെക്കരുത്. നിങ്ങളുടെ ഡോക്ടർ അല്ലെങ്കിൽ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശത്തിനനുസരിച്ചുള്ള വ്യായാമ മുറകൾ സ്വീകരിക്കണം.
ശരീരഭാരം നിയന്ത്രിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന വ്യായാമങ്ങൾ പരിശീലിക്കുക.
നടത്തം, നീന്തൽ എന്നിവയാണ് കൂടുതലായി ശുപാർശ ചെയ്യുന്നത്.
ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക: വേനൽക്കാലത്ത് വൈകുന്നേരങ്ങളിൽ വളരെ വൈകി ഭക്ഷണം കഴിക്കരുത്. ലഘു ഭക്ഷണം കഴിക്കുക. പ്രഭാതഭക്ഷണം വളരെ പോഷകപ്രദമായിരിക്കണം. അഞ്ചുനേരം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഈ അഞ്ച് നേരത്തെ ഭക്ഷണങ്ങളിൽ കുറഞ്ഞത് ഒന്നോ രണ്ടോ പഴങ്ങളും പച്ചക്കറികളും അടങ്ങിയിരിക്കണം.
advertisement
ശാരീരികവും മാനസികവുമായ വിശ്രമം: ദിവസം ഒന്നോ രണ്ടോ തവണ ഉറങ്ങുക. ജനലുകൾ തുറന്നിടുകയും ശുദ്ധവായു മുറിയിലേക്ക് പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക. നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടു നിൽക്കുന്നതാണ് നല്ലത്.
ഗർഭകാലത്ത് ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഓരോ കാര്യങ്ങളും ചെയ്യാൻ ശ്രദ്ധിക്കുക.
(ഡോ. ജയശ്രീ നാഗരാജ് ഭാസ്ഗി, സീനിയർ കൺസൾട്ടന്റ്, ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബെംഗളൂരു)
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
June 03, 2023 6:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | വേനൽക്കാലത്ത് ഗർഭിണികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരവും