ബെംഗളൂരു: 23 വയസുകാരിയ്ക്ക് അപൂർവമായ യോനീ ശസ്ത്രക്രിയ നടത്തി ബംഗളൂരുവിലെ ഡോക്ടർമാർ. ആറു വയസു മുതൽ അപൂർവ ജനിതക രോഗവുമായി ജീവിച്ചിരുന്ന യുവതിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഈ പെൺകുട്ടിയുടെ ലിംഗം ഏതാണെന്ന് കൃത്യമായി നിർണയിക്കാൻ സാധിച്ചിരുന്നില്ല. അണ്ഡാശയവും വൃഷണവും യുവതിയിൽ കാണപ്പെട്ടിരുന്നെങ്കിലും അത് കൃത്യമായി വികാസം പ്രാപിച്ചിരുന്നില്ല. യോനിയും ഇല്ലായിരുന്നു. ഒടുവിൽ 23ാം വയസിൽ യുവതിയെ യോനി പുനർനിർമിക്കുന്ന ശസ്ത്രക്രിയക്ക് വിധേയയാകുകയായിരുന്നു.
യുവതിയുടെ ശരീരത്തിലെ ജനനഗ്രന്ഥി (Gonad) ചെറുപ്പത്തിലേ നീക്കം ചെയ്തിരുന്നു. ഒരു പെൺകുട്ടിയായാണ് മാതാപിതാക്കൾ യുവതിയെ വളർത്തിയത്. പ്രായപൂർത്തിയായതിനു ശേഷം ഏതു ലിംഗം സ്വീകരിക്കണം എന്ന് യുവതിക്ക് സ്വയം തീരുമാനിക്കുന്നതിനു വേണ്ടിയാണ് ശസ്ത്രക്രിയ നേരത്തേ നടത്താതിരുന്നത്.
Also Read- Toothbrush | നിങ്ങളുടെ ടൂത്ബ്രഷ് വൃത്തിയുള്ളതാണോ? എന്നാലും കുളിമുറിയിൽ വെക്കേണ്ട, കാരണമുണ്ട്
ഒടുവിൽ 23-ാം വയസിൽ, വിവാഹം കഴിക്കണം എന്ന ആഗ്രഹം തോന്നിത്തുടങ്ങിയപ്പോൾ ഒരു സ്ത്രീ ആയിത്തന്നെ ജീവിക്കാമെന്ന് യുവതി തീരുമാനിക്കുകയായിരുന്നു എന്ന് ചികിത്സിച്ച ഡോക്ടർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. യുവതിയിൽ കൂടുതലായി ഉണ്ടായിരുന്ന ഹോർമോൺ ടെസ്റ്റോസ്റ്റിറോൺ ആയിരുന്നതിനാൽ ജനിതകപരമായി പുരുഷനായിരുന്നു. പക്ഷേ, ശരീരം പുരുഷ ഹോർമോണുകളോട് പ്രതികരിച്ചിരുന്നില്ല. ഇതിനിടെ, യോനി സാവധാനം വികാസം പ്രാപിക്കാനും ആരംഭിച്ചു.
2022 നവംബറിലാണ് യുവതി സങ്കീർണമായ ഈ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. റോബോട്ടിക് ലാപറോസ്കോപിക് വജൈനൽ റികൺസ്ട്രക്ഷൻ (robotic laparoscopic vaginal reconstruction) എന്ന ശസ്ത്രക്രിയയാണ് യുവതിയിൽ നടത്തിയത്. നാലര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ വളരെ ലളിതമായിരുന്നു എന്നും ചുരുങ്ങിയ സമയം കൊണ്ട് യുവതി സുഖം പ്രാപിച്ചെന്നും ഡോക്ടർമാർ പറഞ്ഞു.
കഴിഞ്ഞ കുറേ മാസങ്ങളായി ഡോക്ടർമാർ യുവതിയെ നിരീക്ഷിച്ചു വരികയാണ്. യുവതിക്ക് പെനിട്രേറ്റീവ് സെക്‌സിൽ ഏർപ്പെടാമെന്നും എന്നാൽ ജനനഗ്രന്ഥി ഇല്ലാത്തതിനാൽ ഗർഭം ധരിക്കാനാകില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയ വിജയമാണെങ്കിലും ആജീവനാന്തം യുവതി ഹോർമോൺ റിപ്ലേസ്മെന്റ് തെറാപ്പിക്കും വിധേയയാകേണ്ടതുണ്ട്.
Also Read- രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ ശരീരം മുഴവുൻ വേദനയുണ്ടോ? കാരണങ്ങൾ ഇതാകാം
ടെസ്റ്റിക്കുലാർ ഫെമിനൈസേഷൻ സിൻഡ്രോം (Testicular Feminization Syndrome) എന്ന അപൂർവ രോഗമാണ് യുവതിയെ ബാധിച്ചിരുന്നത്. ആൻഡ്രോജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം (Androgen Insensitivity Syndrome (AIS)) എന്ന പേരിലും ഇത് അറിയപ്പെടുന്നു. അപൂർവമായ ഒരു ജനിതക വൈകല്യമാണ് ഇത്. 10,000 പേരിൽ ഏകദേശം ഒരാൾക്കു മാത്രമേ ഈ അവസ്ഥ ഉണ്ടാകാറുള്ളൂ എന്ന് യുവതിയെ ചികിത്സിച്ച ബംഗളൂരു ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ പറയുന്നു.
സാധാരണ XY ക്രോമസോമുകൾ ഉള്ള വ്യക്തികളിലാണ് ഈ ജനിതക വൈകല്യം ഉണ്ടാകുന്നത് എന്നും ഫോർട്ടീസ് ഹോസ്പിറ്റലിലെ ഡോ. കേശവമൂർത്തി പറഞ്ഞു. പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോഴാണ് സാധാരണയായി ഈ രോഗം നിർണയിക്കാറുള്ളത് എന്നും ഇവരിൽ ആർത്തവം ഉണ്ടാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ രോഗം ഉള്ള പല പെൺകുട്ടികൾക്കും ഗുഹ്യഭാഗത്തോ കക്ഷത്തിലോ രോമവളർച്ച ഉണ്ടാകാറില്ല. ഇവർക്ക് പ്രത്യുത്പാദന ശേഷി ഉണ്ടാകില്ലെന്നും ഇവർ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയരാകണമെന്നും ഡോ.കേശവമൂർത്തി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.