പൊണ്ണത്തടി അഥവാ അമിതവണ്ണം എന്ന ആരോഗ്യപ്രശ്നം മൂലം ബുദ്ധിമുട്ടുന്ന പലരും നമുക്കു ചുറ്റുമുണ്ട്. ലോകമെമ്പാടും, ഏകദേശം 800 ദശലക്ഷം ആളുകൾ ഈ ബുദ്ധിമുട്ടുമായി ജീവിക്കുന്നു എന്നാണ് കണക്ക്. അതേസമയം ദശലക്ഷക്കണക്കിന് ആളുകളെ ഇതിനിയും ബാധിക്കാനിരിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ പ്രശ്നത്തിനുള്ള പ്രായോഗിക പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ശരിയായ ചികിത്സ നടത്തി ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുന്നതിനും അത് നിലനിർത്തുന്നതിനും ആളുകളെ സഹായിക്കുന്നതിനുമായി എല്ലാ വർഷവും മാർച്ച് 4 ന് ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നു.
ആഗോളതലത്തിലെ പ്രവണതകൾ നിരീക്ഷിക്കുന്നത് ഉൾപ്പെടെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അമിതവണ്ണത്തിനെതിരെ പോരാടുകയാണ്. ഭക്ഷണവും ജീവിതശൈലിയും അമിതവണ്ണത്തിലേക്ക് നയിക്കുന്ന രണ്ട് കാര്യങ്ങളാണ്. നമ്മുടെ വേഗമേറിയ ജീവിതശൈലിയ്ക്കിടയിൽ നമ്മൾ എന്താണ് കഴിക്കുന്നതെന്ന് നിരന്തരം നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.
അമിതവണ്ണത്തിന് കാരണമാകുന്നതും ഒഴിവാക്കേണ്ടതുമായ പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം ;
വറുത്ത ആഹാരം
വറുത്ത ഭക്ഷണങ്ങളായ ഫ്രൈസ്, ചിപ്‌സ്, പക്കോഡകൾ എന്നിവയിൽ കലോറി കൂടുതലുള്ളതിനാൽ ഒറ്റയിരിപ്പിൽ ധാരാളം കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് ഫ്രെഞ്ച് ഫ്രൈകളും ചിപ്‌സും. പെട്ടെന്ന് തന്നെ ശരീരഭാരം വർദ്ധിക്കാൻ കാരണമാകുന്ന രണ്ട് ഭക്ഷണ പദാർത്ഥങ്ങളാണ് ഇവ. വാണിജ്യവശ്യങ്ങൾക്കായി വറുക്കുന്ന ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ എണ്ണകൾ അടങ്ങിയിട്ടുണ്ടാകാം. അക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നത് നല്ലതാണ്. കൂടാതെ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളും ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലം ഉണ്ടാകുന്നു.
ടെട്രാ പാക്ക് പാനീയങ്ങൾ
ടെട്രാ പായ്ക്കുകളിൽ വരുന്നതെല്ലാം അനാരോഗ്യകരമാണ്, ഒരുപക്ഷെ ഭൂമിയിലെ ഏറ്റവും അനാരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നായി ഇവയെ കണക്കാക്കുന്നു. അമിതവണ്ണമുള്ളവരും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും പഞ്ചസാര ചേർത്ത പാനീയങ്ങളും രുചിയുള്ള സോഡകളും നിർബന്ധമായും ഒഴിവാക്കണം. ഈ പാനീയങ്ങൾ അമിതമായി കഴിക്കുമ്പോൾ ശരീരഭാരം വർദ്ധിക്കുകയും ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്യും.
ബ്രെഡ്
ബ്രെഡ്, പ്രത്യേകിച്ച് വൈറ്റ് ബ്രെഡ് വളരെയധികം ശുദ്ധീകരിക്കപ്പെട്ടതും ധാരാളം പഞ്ചസാര ചേർത്തതുമാണ്. വൈറ്റ് ബ്രെഡിൽ ഗ്ലൈസെമിക് അടങ്ങിയിട്ടുണ്ട്, അത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. വിപണിയിൽ ഇപ്പോൾ ബ്രെഡിന് നിരവധി ബദലുകൾ ലഭ്യമാണ്. എല്ലാ ഗോതമ്പ് മാവ് ബ്രെഡിലും ഗ്ലൂറ്റൻ അടങ്ങിയിട്ടുണ്ട്, അത് ഒഴിവാക്കണം. കോൺ ബ്രെഡ് അല്ലെങ്കിൽ ബദാം ഫ്ലോർ ബ്രെഡ് തിരഞ്ഞെടുക്കാവുന്നതാണ്.
Also Read- ദിവസവും 11 മിനിറ്റെങ്കിലും നടക്കൂ; പത്തിലൊന്ന് അകാലമരണങ്ങളും തടയാമെന്ന് ഗവേഷകർ
മിഠായി
ഒരു ചെറിയ പാക്കറ്റിൽ പഞ്ചസാരയും എണ്ണകളും ശുദ്ധീകരിച്ച മാവും ചേർത്ത് പായ്ക്ക് ചെയ്ത് വരുന്ന കാൻഡി ബാറുകളും അനാരോഗ്യകരമാണ്. ഈ ബാറുകളിൽ ഉയർന്ന കലോറി ഉണ്ടാകും, മാത്രമല്ല പോഷകങ്ങളുടെ അളവ് തീരെ കുറവുമാണ്. ഒരു ശരാശരി വലിപ്പമുള്ള ബാറിൽ 200 മുതൽ 300 വരെ കലോറി അടങ്ങിയിരിക്കുന്നു, അതേസമയം വലിയവയിൽ അതിൽ കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. ഒരു കാൻഡി ബാറിനു പകരം ഒരാൾക്ക് ഒരു പഴം അല്ലെങ്കിൽ ഒരു പിടി പരിപ്പ് തിരഞ്ഞെടുക്കാവുന്നതാണ്.
പേസ്ട്രികളും കുക്കികളും
പേസ്ട്രികൾ, കുക്കികൾ, കേക്കുകൾ എന്നിവ ഒഴിവാക്കേണ്ട മറ്റ് ഭക്ഷണ വസ്തുക്കളാണ്, കാരണം അവയിൽ പഞ്ചസാര, ശുദ്ധീകരിച്ച മാവ് തുടങ്ങിയ അനാരോഗ്യകരമായ ചേരുവകൾ അടങ്ങിയിട്ടുണ്ട്. അവയിൽ ട്രാൻസ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട്, അവ ഹാനികരവും നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയുമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.