• HOME
 • »
 • NEWS
 • »
 • life
 • »
 • സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ; ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

സ്ത്രീകളിലെ ഹൃദയാഘാത ലക്ഷണങ്ങൾ; ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് വ്യത്യസ്ത രീതിയിലുള്ള ഹൃദയാഘാത ലക്ഷണങ്ങളുണ്ടാകാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്...

Heart

Heart

 • Share this:
  ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ നെഞ്ചുവേദനയോ അല്ലെങ്കിൽ ഇടതുകൈയിൽ അനുഭവപ്പെടുന്ന വേദനയോ ആണെന്നാണ് പലരുടെയും ധാരണ. എന്നാൽ ഹൃദയാഘാതം ഉണ്ടാകുമ്പോൾ, നിങ്ങൾ സിനിമകളിൽ കാണുന്നതു പോലുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ ചിലപ്പോൾ ഉണ്ടാകണമെന്നില്ല. എല്ലാ രോഗികൾക്കും ലക്ഷണങ്ങൾ ഒരുപോലെ ആകണമെന്നുമില്ല. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് വ്യത്യസ്ത രീതിയിലുള്ള ഹൃദയാഘാത ലക്ഷണങ്ങളുണ്ടാകാമെന്നാണ് ചില ഗവേഷണങ്ങളിലെ കണ്ടെത്തൽ.

  ഹൃദയാഘാതം ഉണ്ടാകുന്ന മിക്ക കേസുകളിലും, യഥാർത്ഥ ഹൃദയസ്തംഭനത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ രോഗികളിൽ ഇത്തരം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമെന്നാണ് പഠന റിപ്പോർട്ട്. ഹൃദയാഘാതത്തിന് ആഴ്ചകൾക്ക് മുമ്പുതന്നെ ഉണ്ടാകുന്ന ഇത്തരം ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  എന്തുകൊണ്ടെന്ന് അറിയാനാകാത്ത ക്ഷീണം

  2003ൽ എ‌എച്ച്‌എ ഹൃദയാഘാതത്തെ അതിജീവിച്ച അഞ്ഞൂറിലധികം സ്ത്രീകളിൽ ഒരു സർവേ നടത്തി. തുടർന്ന്, സർവേ ഫലങ്ങൾ സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തിനുള്ളിൽ ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ 95 ശതമാനം ആൾക്കാരിലും, ഏറ്റവും കൂടുതലായി ഉണ്ടായിരുന്നത് കാരണം വിശദീകരിക്കാനാകാത്ത ക്ഷീണമായിരുന്നു. ഗവേഷണ റിപ്പോർട്ടുകളനുസരിച്ച്, ഹൃദയാഘാതത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ 71 ശതമാനം സ്ത്രീകളും യാതൊരു കാരണവുമില്ലാതെ തളർച്ച അനുഭവിച്ചിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  Also Read- കോവിഡ് ബാധിച്ച് ഭർത്താവ് ഗുരുതരാവസ്ഥയിൽ; കൃത്രിമ ഗർഭധാരണത്തിന് യുവതിക്ക് അനുമതി

  "നിങ്ങൾക്കുണ്ടാകുന്ന അസ്വസ്ഥതയും ക്ഷീണവും വളരെ പെട്ടെന്ന് ഉണ്ടാകുന്നതാണെങ്കിൽ നിങ്ങൾ ഹൃദയാഘാതത്തെ പ്രതീക്ഷിക്കുക തന്നെ വേണം" ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ കാർഡിയോളജിസ്റ്റ് ലെസ്ലി ചോ പറയുന്നു. ചോയുടെ അഭിപ്രായത്തിൽ, നിങ്ങളുടെ പതിവ് വ്യായാമത്തിന് ശേഷം അനുഭവപ്പെടുന്ന ക്ഷീണം പോലെ വിശ്രമിക്കുന്ന സമയത്തും നിങ്ങൾക്ക് ക്ഷീണം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്.

  ഉറക്കമില്ലായ്മ

  നിങ്ങൾക്ക് സാധാരണ രീതിയിൽ ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ, അത് ആശങ്കയ്ക്ക് കാരണമാകുന്ന ഒന്നാണ്‌. ഹൃദയാഘാതത്തെ അതിജീവിച്ച 48 ശതമാനം സ്ത്രീകളും ഹൃദയാഘാതത്തിന് ഒരു മാസം മുമ്പുതന്നെ ഉറക്കം തടസ്സപ്പെട്ടിരുന്നതായി എഎച്ച്എ നടത്തിയ സർവേയിൽ അഭിപ്രായപ്പെട്ടു.

  നെഞ്ചുവേദന

  ഹൃദയാഘാതത്തെ അതിജീവിച്ച 31 ശതമാനം സ്ത്രീകളിലും നെഞ്ചിൽ കടുത്ത വേദന അനുഭവപ്പെട്ടിരുന്നതായും പഠനത്തിൽ കണ്ടെത്തി. എന്നാൽ ഹൃദയാഘാതമുണ്ടായ സമയത്ത് നെഞ്ചുവേദനയില്ലായിരുന്നുവെന്ന് 43 ശതമാനം പേരും അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് ഹൃദയാഘാത സമയത്ത് വേദനയുണ്ടാക്കാത്തത് സൈലന്റ് അറ്റാക്ക് ഉണ്ടാകുന്നതിനോ അല്ലെങ്കിൽ തെറ്റായ രോഗനിർണ്ണയം നടത്തി വീട്ടിലേക്ക് വിടുന്നതിനോ പ്രധാനകാരണമായി മാറുന്നുണ്ടെന്ന് അർക്കൻസാസ് യൂണിവേഴ്സിറ്റി ഫോർ മെഡിക്കൽ സയൻസസിലെ അദ്ധ്യാപകനായ ജീൻ സി. മക്സ്വീനി പറഞ്ഞു. “നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന സൂചനയെന്ന് പല ക്ലിനിക്കുകളും ഇപ്പോഴും കരുതുന്നുവെന്നും.” അദ്ദേഹം പറഞ്ഞു.

  ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

  ഹൃദയാഘാതമുണ്ടായാൽ സ്ത്രീകൾക്ക് ശ്വാസതടസ്സം അനുഭവപ്പെടാനുള്ള സാധ്യതയാണ്‌ മറ്റേതൊരു ലക്ഷണത്തേക്കാളും കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ട് നെഞ്ചുവേദനയോടു കൂടിയോ അല്ലാതെയോ നിങ്ങൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ഉടൻ ആശുപത്രിയിൽ പോകണമെന്ന് എഎച്ച്എ പറയുന്നു. ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള ജീവന്‌ അത്രത്തോളം ഭീഷണിയുണ്ടാകാത്ത സാഹചര്യങ്ങളിലും സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണങ്ങൾ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.

  അമിതമായ വിയർപ്പ്

  നല്ല തണുപ്പ് കാലത്ത് പോലും നന്നായി വിയർക്കുന്നത് ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമായി വിദഗ്ധർ കാണുന്നുണ്ട്. നിങ്ങളുടെ ധമനികൾ ബ്ലോക്കാകുമ്പോൾ, രക്തം പമ്പ് ചെയ്യുന്നതിന്‌ നിങ്ങളുടെ ഹൃദയത്തിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. ഈ അദ്ധ്വാനത്തിനിടയിൽ വിയർപ്പിലൂടെ ശരീരം നിങ്ങളുടെ ശരീരത്തിന്റെ താപനില കുറയ്ക്കാൻ ശ്രമിക്കുന്നു. ഇതാണ്‌ നിങ്ങളുടെ ശരീരം അസാധാരണമായ രീതിയിൽ വിയർക്കുന്നതിനു കാരണം. പലപ്പോഴും സ്ത്രീകളുടെ ശരീരം രാത്രി വിയർക്കുന്നത് ആർത്തവവിരാമത്തിന്റെ ലക്ഷണമായി കണക്കാക്കാറുണ്ട്. രാത്രികാലങ്ങളിൽ സ്ത്രീകളുടെ ശരീരം വിയർക്കുന്നത് ഹൃദയാഘാതം മൂലവുമാകാം എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെപ്പറ്റി ശരീരം നിങ്ങൾക്കു നൽകുന്ന ഒരു സൂചനയായിരിക്കാമിത്.

  നിങ്ങൾക്ക് ഈ ലക്ഷണങ്ങളിൽ എന്തെങ്കിലും ഉണ്ടാകുന്നെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ഡോക്ടറെ സമീപിപിക്കുകയും ആവശ്യമായ ചികിത്സാ നടപടികൾ കൈക്കൊള്ളുകയും വേണം. ഈ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിൽ എത്തുന്നതുവരെ കാത്തിരിക്കരുത്.
  Published by:Anuraj GR
  First published: