Rising India | ഒൻപത് സ്കൂളുകൾ സ്ഥാപിച്ച ഓട്ടോ ഡ്രൈവർ; 'റൈസിംഗ് ഇന്ത്യ റിയൽ ഹീറോ'സിൽ ഒരാളായി അഹമ്മദ് അലി
- Published by:Naseeba TC
- news18-malayalam
Last Updated:
സ്വന്തമായി ഓട്ടോ ഓടിച്ച് ലഭിച്ച പണം കൊണ്ട് ഒൻപത് സ്കൂളുകൾ സ്ഥാപിച്ച അഹമ്മദ് അലി
ഓട്ടോറിക്ഷ ഓടിച്ച് ലഭിച്ച പണം കൊണ്ട് ഒൻപത് സ്കൂളുകൾ സ്ഥാപിച്ച അസം സ്വദേശി അഹമ്മദ് അലി 2023 ലെ ന്യൂസ് 18 റൈസിംഗ് ഇന്ത്യ റിയൽ ഹീറോകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള ആളാണ് അഹമ്മദ് അലി. സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അഹമ്മദ് അലി വലിയൊരു പ്രചോദനമാണ്. 87 കാരനായ അദ്ദേഹം വലിയ സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ നിന്നുകൊണ്ടാണ് തന്റെ ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഒറ്റ ലക്ഷ്യത്തിനായി സ്കൂളുകൾ സ്ഥാപിച്ചത്.
സ്വന്തമായി ഓട്ടോ ഓടിച്ച് ലഭിച്ച പണം കൊണ്ട് ഒൻപത് സ്കൂളുകൾ സ്ഥാപിച്ച അദ്ദേഹം വിദ്യാഭ്യാസവും ദാരിദ്ര്യവും തമ്മിലുള്ള വിടവ് തന്നെ നികത്തി ഒരു വലിയ മാതൃകയായിരിക്കുകയാണ്. ദാരിദ്ര്യം മറികടക്കുന്നതിനും മികച്ച അവസരങ്ങൾ വഴി തുറക്കുന്നതിനും വിദ്യാഭ്യാസത്തിന് കഴിയുമെന്ന് അദ്ദേഹം മനസ്സിലാക്കി. ഗ്രാമത്തിൽ പഠനം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പുതിയ വഴി തുറക്കുകയാണ് അഹമ്മദ് അലി.
Also Read- ‘രാജ്യത്ത് നിയമം എല്ലാവര്‍ക്കും ഒരുപോലെ’; രാഹുല്‍ ഗാന്ധി വിഷയത്തില്‍ കേന്ദ്രമന്ത്രി എസ് ജയശങ്കര്‍
ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള ഇന്ത്യൻ സംസ്ഥാനമായ അസമിലെ പഥർകണ്ടിയിലെ ഖിലോർബന്ദ് എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം താമസിക്കുന്നത്.1978ൽ ആണ് അലി തന്റെ ആദ്യ സ്കൂൾ ആരംഭിച്ചത്. അത് അദ്ദേഹത്തിന്റെ ഗ്രാമമായ മധൂർബന്ദ് എന്ന സ്ഥലത്തായിരുന്നു. അന്ന് അദ്ദേഹം തന്റെ ഭൂമിയിൽ നിന്ന് ഒരു ഭാഗം വിറ്റ് സ്കൂളിന് സംഭാവനയായി നൽകുകയായിരുന്നു. അങ്ങനെയായിരുന്നു ആദ്യ സ്കൂളിന്റെ നിർമ്മാണം. ആദ്യ ഹൈസ്കൂൾ സ്ഥാപിച്ചത് 1990ലാണ്. ഇതിനുപുറമേ മൂന്ന് ലോവർ സെക്കൻഡറി സ്കൂളുകളും അഞ്ച് സെക്കൻഡറി സ്കൂളുകളും ഒരു ഹയർസെക്കൻഡറി സ്കൂളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഇനി ഭാവിയിൽ ഒരു കോളേജ് സ്ഥാപിക്കുക എന്നത് കൂടിയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ലക്ഷ്യം.
advertisement
Also Read- ‘ഇന്ത്യയുടെ ജി20 അധ്യക്ഷസ്ഥാനവും ആഗോള കടമകളും’: റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ
അതേസമയം സ്‌കൂളുകളുടെ നിർമ്മാണത്തിനായി സ്വന്തം ഭൂമി സംഭാവന ചെയ്യുക മാത്രമല്ല അദ്ദേഹം ചെയ്തത്. അവ നടത്തിക്കൊണ്ടുപോകുന്നതിലും അദ്ദേഹത്തിന്റെ കഠിന പരിശ്രമമുണ്ട്. അലി തന്റെ ഉപജീവനത്തിനായി പകൽ ഓട്ടോ ഓടിക്കുകയും രാത്രിയിൽ സ്കൂൾ നിർമാണത്തിന്റെ ചെലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായി മരപ്പണികളിൽ സഹായിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഈ കഠിനാധ്വാനം നിരവധി കുട്ടികളുടെ വിദ്യാഭ്യാസത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
advertisement
ഈ വലിയ പരിശ്രമങ്ങൾക്കുള്ള ഒരു മികച്ച പ്രതിഫലമായാണ് അദ്ദേഹത്തെ ഈ അവസരത്തിൽ ന്യൂസ് 18 റൈസിംഗ് ഇന്ത്യ റിയൽ ഹീറോസ് അവാർഡ് തേടി എത്തിയിരിക്കുന്നത്. മാർച്ച് 30 ന് ന്യൂഡൽഹിയിലെ താജ് പാലസ് ഹോട്ടലിൽ നടക്കുന്ന ന്യൂസ് 18 റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ അദ്ദേഹത്തിന് അവാർഡ് നൽകി ആദരിക്കും. അതേസമയം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്ത് ‘പരമ്പരയിലും അഹമ്മദ് അലിയുടെ കഥ പ്രധാനമന്ത്രി മുൻപ് പങ്കുവെച്ചിരുന്നു. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ഇച്ഛാശക്തിയുടെ മനോഹരമായ പ്രകടനമാണിത് എന്നും അദ്ദേഹത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 29, 2023 7:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Rising India | ഒൻപത് സ്കൂളുകൾ സ്ഥാപിച്ച ഓട്ടോ ഡ്രൈവർ; 'റൈസിംഗ് ഇന്ത്യ റിയൽ ഹീറോ'സിൽ ഒരാളായി അഹമ്മദ് അലി