പാനിപൂരി വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത് അഞ്ചു ലക്ഷം രൂപ; 36 കാരന്റെ വിജയഗാഥ
- Published by:Vishnupriya S
- news18-malayalam
Last Updated:
36 കാരനായ മനോജാണ് പാനിപ്പൂരി വിറ്റ് പ്രതിമാസം അഞ്ചു ലക്ഷം രൂപ സമ്പാദിക്കുന്നത്
സൗമ്യ കലാശ
ഒരു പാനിപ്പൂരി ബിസിനസിൽ നിന്നും എത്രമാത്രം ലാഭമുണ്ടാക്കാൻ സാധിക്കും? അക്കാര്യം എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പറഞ്ഞു വരുന്നത് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ദരന്ദകുക്ക് മാനെ സ്വദേശിയായ മനോജിനെക്കുറിച്ചാണ്. 36 കാരനായ മനോജ് പാനിപ്പൂരി വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത് അഞ്ചു ലക്ഷം രൂപയാണ്.
മംഗളൂരുവിൽ അഞ്ചു വർഷം സിറ്റി ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മനോജ് രണ്ടു വർഷം മുൻപാണ് സ്വദേശത്ത് മടങ്ങിയെത്തിയത്. തിരികെയെത്തിയതിനു ശേഷം ഉപജീവനത്തിനായി ആദ്യം ഓട്ടോറിക്ഷ ഓടിച്ചു. ഈ ഓട്ടോറിക്ഷാ യാത്രകൾക്കിടെയാണ് വഴിയോരങ്ങളിലുള്ള പാനി പൂരി കടകൾ മനോജിന്റെ ശ്രദ്ധയിൽ പെട്ടത്. ചിലരൊക്കെ തെരുവോരങ്ങളിലെ പാനി പൂരി കടകളിലേക്ക് പോകാനും മനോജിന്റെ ഓട്ടോ ബുക്ക് ചെയ്തിരുന്നു.
advertisement
ഈ പാനി പൂരി വിൽപനക്കാർക്കും ചാട്ട് വിൽപനക്കാർക്കും വലിയ ഡിമാൻഡ് ഉണ്ടെന്ന് മനോജ് അങ്ങനെ മനസിലാക്കി. അമ്മ മോഹിനിയോടും ഭാര്യ ധന്യയോടും മനോജ് ഇക്കാര്യം ചർച്ച ചെയ്തു. അങ്ങനെ സ്വന്തം വീട്ടിൽ തന്നെ പാനി പൂരി ഉണ്ടാക്കി വഴിയോരങ്ങളിലെ കച്ചവടക്കാർക്ക് വിൽക്കാൻ ആരംഭിച്ചു. ഇതോടൊപ്പം ഓട്ടോറിക്ഷ ഓടിക്കുന്നത് തുടരുകയും ചെയ്തു. ആദ്യകാലങ്ങളിൽ മനോജും കുടുംബവും ദിവസേന 4 മുതൽ 5 കിലോഗ്രാം വരെ പാനി പൂരികളാണ് ഉണ്ടാക്കിയിരുന്നത്. ഇതിലൂടെ അധികവരുമാനം നേടാനും കുടുംബത്തിനായി.
advertisement
ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ പാനി പൂരി നിർമാണം മുഴുവൻ സമയ ജോലിയായി ഏറ്റെടുക്കാൻ മനോജ് തീരുമാനിച്ചു. അന്വേഷങ്ങൾക്കൊടുവിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഒരു പാനിപൂരി നിർമാണ യന്ത്രം വാങ്ങി. 2.9 ലക്ഷം രൂപയായിരുന്നു ഇതിന്റെ വില. എന്നാൽ സോളാർ മെഷീൻ ആയതിനാൽ 70,000 രൂപ സബ്‌സിഡി ഇനത്തിൽ ലഭിച്ചു. സെൽകോയിൽ നിന്നാണ് മെഷീൻ വാങ്ങിയത്. സബ്‌സിഡി ലഭിക്കാൻ കമ്പനിയും മനോജിനെ സഹായിച്ചു.
വീട്ടുമുറ്റത്ത് ഒരു ചെറിയ നിർമാണ യൂണിറ്റ് സ്ഥാപിച്ച മനോജ് ഇപ്പോൾ ദിവസവും കുറഞ്ഞത് 40 കിലോ പാനി പൂരിയാണ് ഉണ്ടാക്കുന്നത്. ചിലപ്പോൾ, ഓർഡറുകൾ അധികം ലഭിക്കുമെന്നും മനോജ് പറയുന്നു. പുത്തൂരിൽ മാത്രമല്ല, സമീപ പ്രദേശങ്ങളായ സുള്ള്യ, കടബ, സുബ്രഹ്മണ്യ എന്നിവിടങ്ങളിലേക്കും മനോജ് ഇപ്പോൾ പാനിപൂരി വിൽക്കുന്നുണ്ട്. പാനി പൂരി ഉണ്ടാക്കാനും പാക്ക് ചെയ്യാനും വിതരണം ചെയ്യാനും ഇപ്പോൾ ഏഴോളം പേർ മനോജിന്റെ സഹായത്തിനുമുണ്ട്.
advertisement
“നേരത്തെ അഞ്ചു കിലോ പാനിപൂരി ഉണ്ടാക്കാൻ ഞങ്ങൾ ഒരുപാടു നേരം ജോലി ചെയ്തിരുന്നു. ഈ യന്ത്രം കിട്ടിയതോടെ അത് എളുപ്പമായി. ഞാൻ ഇപ്പോൾ ഓട്ടോ റിക്ഷ ഓടിക്കുന്നില്ല. ഒരു മണിക്കൂറിൽ 8000 പാനി പൂരി വരെ ഈ യന്ത്രം ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയും. ഞങ്ങൾ ഇപ്പോൾ ഇതിൽ പരിശീലനം ലഭിച്ച ഒരു സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്”, മനോജ് പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Karnataka
First Published :
August 11, 2023 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
പാനിപൂരി വിറ്റ് പ്രതിമാസം സമ്പാദിക്കുന്നത് അഞ്ചു ലക്ഷം രൂപ; 36 കാരന്റെ വിജയഗാഥ