പാബ്ലോ പിക്കാസോയുടെ 50-ാം ചരമവാർഷികമാണ് ഇന്ന്. മഹത്തരങ്ങളായ കലാസൃഷ്ടികളിലൂടെ ഇരുപതാം നൂറ്റാണ്ടിലെ അതുല്യനായ കലാകാരന്മാരിൽ ഒരാളാണ് പിക്കാസോ. കലയോടുള്ള അദ്ദേഹത്തിന്റെ സമീപനം, അതിരുകളില്ലാത്ത സർഗ്ഗാത്മകത എന്നിവ അദ്ദേഹത്തെ ലോകമെമ്പാടും അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഒരു കലാകാരനാക്കി മാറ്റി.
1881-ൽ സ്‌പെയിനിൽ ജനിച്ച പിക്കാസോ ബാല്യകാലം മുതൽക്കേ പ്രതിഭാശാലി ആയിരുന്നു. വ്യത്യസ്ത ശൈലികളും സാങ്കേതികതകളും നിരന്തരം പരീക്ഷിച്ച വ്യക്തിയായിരുന്നു പിക്കാസോ. വിശാലവും വൈവിധ്യമാർന്നതുമായ ഒരുപിടി കലാസൃഷ്ടികൾക്ക് അദ്ദേഹം ജന്മം നൽകി.
പിക്കാസോയെക്കുറിച്ച് നിങ്ങൾക്കറിയാത്ത അതിശയകരമായ ചില വസ്തുതകൾ
23 വാക്കുകൾ അടങ്ങിയ മാമോദീസാ പേര്
പാബ്ലോ പിക്കാസോയുടെ മാമോദീസാ പേരിൽ വിവിധ വിശുദ്ധന്മാരുടെയും കുടുംബാംഗങ്ങളുടെയും പേരുകൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മയുടെ പേരിന്റെ അവസാന നാമം പിക്കാസോ വൈ ലോപ്പസ് എന്നായിരുന്നു, അവിടെ നിന്നാണ് “പിക്കാസോ” എന്ന പേര് വന്നത്. പിതാവിന്റെ പേര് ജോസ് റൂയിസ് ബ്ലാസ്കോ എന്നായിരുന്നു.
പിക്കാസോയുടെ കഴിവിന്റെ ആദ്യകാല അടയാളങ്ങൾ
മിക്ക കുട്ടികളും ആദ്യ വാക്കുകളായി ഉച്ചരിക്കുക “അമ്മ” അല്ലെങ്കിൽ “അച്ഛൻ” എന്നായിരിക്കും. എന്നാൽ ആ സമയത്ത് പിക്കാസോ “പിസ്” എന്നായിരുന്നു ഉച്ചരിച്ചത് എന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞിരുന്നു. അത് പെൻസിലിന്റെ സ്പാനിഷ് പദത്തിന്റെ ചുരുക്കമാണ്. അതുകൊണ്ട് തന്നെ പിക്കാസോയുടെ കുടുംബം ചെറുപ്രായത്തിൽ തന്നെ അദ്ദേഹത്തെ ചിത്രകല പഠിപ്പിക്കാൻ തുടങ്ങി.
Also Read- അസുരനല്ല രാവണൻ; മഹാനായ രാജാവെന്ന് ശ്രീലങ്കക്കാർ; രാമായണം സർക്യൂട്ട് ടൂറിസം പദ്ധതിക്ക് പിന്തുണ
പിക്കാസോയുടെ കഴിവുകൾ
ചിത്രകലയ്ക്ക് പുറമേ ശിൽപിയും കവിയും നാടകകൃത്തും സെറ്റ് ഡിസൈനറുമായിരുന്നു പിക്കാസോ. ഒന്നാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം പാരീസിലെ ബാലെറ്റ് റസ്സുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു. തന്റെ ആദ്യ ഭാര്യ ഓൾഗ ഖോഖ്‌ലോവയെ കണ്ടുമുട്ടിയതും ഈ കാലത്താണ്. പിന്നീടുള്ള വർഷങ്ങളിൽ അദ്ദേഹം കവിതയെഴുതാൻ തുടങ്ങി. 1935-നും 1959-നും ഇടയിൽ 300-ലധികം കവിതകൾ എഴുതി. 1940-കളിൽ അദ്ദേഹം രണ്ട് സർറിയലിസ്റ്റ് നാടകങ്ങളും എഴുതി.
പിക്കാസോയുടെ ആദ്യകാല സൃഷ്ടികൾ
9 വയസ്സുള്ളപ്പോൾ പൂർത്തിയാക്കിയ പിക്കാസോയുടെ ആദ്യത്തെ പെയിന്റിംഗ് “ലെ പിക്കാഡോർ” ആയിരുന്നു. ഫസ്റ്റ് കമ്മ്യൂണിയൻ എന്ന ചിത്രം അദ്ദേഹത്തിന് 15 വയസ്സുള്ളപ്പോഴാണ് പൂർത്തിയാക്കിയത്.
Also Read- ജന്മദിനത്തില്‍ സങ്കടമോ ആശങ്കയോ തോന്നാറുണ്ടോ? അതാണ് ‘ബര്‍ത്ത്‌ഡേ ബ്ലൂസ്’
പഠനം
ചെറുപ്പം മുതലേ അസാധാരണമായ കഴിവുള്ള കലാകാരനാണെങ്കിലും പിക്കാസോ പഠനത്തിൽ പിന്നോട്ടായിരുന്നു. മാർക്കുകൾ വളരെ കുറവായിരിന്നു. എന്നാൽ അദ്ദേഹത്തിന്റെ കലാപരമായ കഴിവുകൾ ചെറിയ പ്രായത്തിൽ തന്നെ വെളിപ്പെട്ടിരുന്നതിനാൽ പലരും പിക്കാസോയെ ഒരു പ്രതിഭയായി തന്നെ കണക്കാക്കിയിരുന്നു.
ജനനം
പിക്കാസോയുടെ ജനനസമയത്ത് പ്രസവത്തിൽ ചില സങ്കീർണ്ണതകൾ ഉണ്ടായിരുന്നു. കുഞ്ഞ് മരിച്ചെന്ന് കരുതി ആയ കുഞ്ഞിനെ ഒരു മേശപ്പുറത്ത് കിടത്തി അമ്മയെ പരിചരിക്കുകയാണ് ചെയ്തത്. അമ്മാവനായ ഡോക്ടർ ഡോൺ സാൽവഡോർ ആണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്.
പ്രഗത്ഭനായ ചിത്രകാരൻ
75 വർഷത്തെ നീണ്ട കരിയർ പിക്കാസോയെ ലോകത്തിലെ ഏറ്റവും മികച്ച ചിത്രകാരൻ എന്ന പദവിക്ക് അർഹനാക്കി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച് പിക്കാസോ 13,500 പെയിന്റിംഗുകളും ഡിസൈനുകളും 100,000 പ്രിന്റുകളും കൊത്തുപണികളും 34,000 പുസ്തക ചിത്രീകരണങ്ങളും 300 ശിൽപങ്ങളും സെറാമിക്സും നിർമ്മിച്ചിട്ടുണ്ട്. പിക്കാസോയുടെ നിലവാരവുമായി പൊരുത്തപ്പെടാൻ നാളിതുവരെ മറ്റൊരു കലാകാരനും കഴിഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.