ബിരുദമില്ല, ജോലി പ്ലംബിംഗ്; യുവാവിന്റെ വാർഷിക ശമ്പളം 2 കോടിയിലധികം
- Published by:user_57
- news18-malayalam
Last Updated:
ഏറ്റവും കൂടുതൽ വരുമാനം നേടുന്ന പ്ലംബർമാരിൽ ഒരാളാണ് താനെങ്കിലും ജോലിഭാരം കാരണം ക്ഷീണം അനുഭവപ്പെടാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു
യുകെയിലെ കെൻസിംഗ്ടണിൽ പ്ലംബറായി ജോലി ചെയ്യുന്ന സ്റ്റീഫൻ ഫ്രൈയുടെ പ്രതിവർഷ സമ്പാദ്യം 2,10,000 പൗണ്ട് (ഏകദേശം 2.15 കോടി രൂപ) ആണ്. ഒരു പ്രാദേശിക തൊഴിൽ കേന്ദ്രത്തിന്റെ നിർദേശം അനുസരിച്ച് പ്ലംബിംഗിൽ അപ്രന്റീസ്ഷിപ്പ് നേടിയതോടെയാണ് ഫ്രൈയുടെ വിജയയാത്ര ആരംഭിച്ചത്. ഇരുപതുകളിൽ തന്നെ ഫ്രൈ തന്റെ കരിയർ തിരഞ്ഞെടുത്തു. പത്ത് വർഷം മുൻപാണ് ഫ്രൈ പിംലിക്കോ പ്ലംബേഴ്സിൽ ചേർന്നത്. ഇന്ന് കമ്പനിയിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്ന ജീവനക്കാരിൽ ഒരാളാണ് സ്റ്റീഫൻ ഫ്രൈ.
ഒരു സാധാരണ പ്രവൃത്തി ദിനം രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ ഫ്രൈ കൃത്യമായി ജോലി ചെയ്യും. ഇതിൽ ഒരു വിട്ടുവീഴ്ചയും വരുത്താറില്ല. രാത്രിയിൽ ചില അടിയന്തര ജോലികൾ വന്നാൽ അതിന് പോകാനും ഫ്രൈക്ക് മടിയില്ല. ആഴ്‌ചയിൽ 58 മണിക്കൂർ എന്ന കണക്കിലാണ് ഫ്രൈയുടെ ജോലി സമയം. പിംലിക്കോ പ്ലംബേഴ്സിലെ പകുതിയിലേറെ ജീവനക്കാരും പ്രതിവർഷം 100,000 പൗണ്ടിൽ കൂടുതൽ സമ്പാദിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.
പിംലിക്കോയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന പ്ലംബർമാരിൽ ഒരാളാണ് താനെങ്കിലും ജോലിഭാരം കാരണം തനിക്ക് ക്ഷീണം അനുഭവപ്പെടാറുണ്ടെന്നും ഫ്രൈ പറയുന്നു. എങ്കിൽപ്പോലും തന്റെ ജോലി വളരെയേറെ ആസ്വാദിച്ചാണ് ചെയ്യാറുള്ളതെന്നും ഫ്രൈ കൂട്ടിച്ചേർത്തു.
advertisement
“സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഈ ജോലി നിർത്തുന്ന കാര്യത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്റെ ജോലിയിൽ ഞാൻ അത്രയേറെ സംതൃപ്തനാണ്. ഒരു കഠിനാധ്വാനി എന്ന നിലയിൽ ഞാൻ അർപ്പണബോധമുള്ള വ്യക്തിയാണ്. എനിക്ക് ഈ ജോലി ചെയ്യാൻ കഴിയാതെ ആകുന്നത് വരെ ഞാൻ ജോലിയിൽ തന്നെ തുടരുമെന്നും ഫ്രൈ കൂട്ടിച്ചേർത്തു.
ഈ വർഷമാദ്യം എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമായ അഡ്‌സുന ഒരു യൂണിവേഴ്‌സിറ്റി ബിരുദം പോലും ആവശ്യമില്ലാതെ ശരാശരി യുകെ വരുമാനമായ 33,000 പൗണ്ട് (ഏകദേശം 33 ലക്ഷം രൂപ) ശമ്പളം വാഗ്ദാനം ചെയ്യുന്ന 20 തൊഴിലുകളുടെ ഒരു ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. 2023 മാർച്ചിൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ജോലികളിൽ ഒന്നിന് 90,000 പൗണ്ട് വാർഷിക ശമ്പളം ഉണ്ടായിരുന്നു. കംപ്യൂട്ടർ സയൻസ് യോഗ്യത വേണ്ടാത്തതും എന്നാൽ ഐടി മേഖലയിൽ തന്നെ ഉൾപെടുന്നതുമായ കനത്ത ശമ്പളമുള്ള തസ്തികകളും അഡ്‌സുന റിപ്പോർട്ടിലുണ്ടായിരുന്നു. ഈ രംഗത്തെ ഉയർന്ന ശമ്പളമുള്ള ജോലികളിൽ സ്‌ക്രം മാസ്റ്റർ, എത്തിക്കൽ ഹാക്കർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ തുടങ്ങിയവയും ഉൾപ്പെടുന്നു.
advertisement
2023 മാർച്ച് വരെ എത്തിക്കൽഹാക്കർമാരുടെ ശരാശരി വാർഷിക ശമ്പളം 61,497 പൗണ്ട് ആണ് (ഏകദേശം 63 ലക്ഷം രൂപ). മാത്രമല്ല എയർ ട്രാഫിക് കൺട്രോളർമാർ, ട്രെയിൻ ഡ്രൈവർമാർ, കൊമേഴ്‌സ്യൽ പൈലറ്റുമാർ തുടങ്ങിയ തൊഴിലുകളും കഴിഞ്ഞ മാസം ശരാശരി 50,000 പൗണ്ട് (ഏകദേശം 51 ലക്ഷം രൂപ) വരുമാനം വാഗ്ദാനം ചെയ്തവയിൽ ഉൾപ്പെട്ടിരുന്നു. ഈ ജോലികൾക്കൊന്നും യൂണിവേഴ്സിറ്റി ബിരുദം നിർബന്ധമല്ല എന്നതാണ് പ്രത്യേകത. എന്നാൽ GCSE യോഗ്യതകൾ അല്ലെങ്കിൽ മറ്റേതെങ്കിലും സർട്ടിഫിക്കേഷനുകൾ പോലുള്ള ചില വ്യവസ്ഥകൾ ആവശ്യമായി വന്നേക്കാം.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 06, 2023 12:47 PM IST