പ്രാണായാമത്തിന്റെയും ശ്വസനവ്യായാമത്തിന്റെയും ഗുണങ്ങൾ നമുക്ക് അറിവുള്ളതാണ്. എന്നാൽ ഇവയെ മറ്റൊരു തലത്തിലേയ്ക്ക് മാറ്റുകയാണ് അമേരിക്കയിലെ ഏറ്റവും പുതിയ ട്രെൻഡ്. ഏതെങ്കിലുമൊരിടത് ഒത്തുകൂടി നഗ്നരായിരുന്നു ശ്വസനവ്യായാമങ്ങൾ ചെയ്യുക എന്നതാണ് ഈ പുതിയ രീതി. ന്യൂയോർക്കിൽ ധാരാളം പരിപാടികൾ നടക്കാറുള്ള ഇവന്റ് സ്‌പേസായ റോസയിൽ ആണ് ഈ ഒത്തുകൂടൽ നടന്നത്. ശ്വസനവ്യായാമങ്ങൾ മാത്രമല്ല, അതിനു ശേഷം നടന്ന വീഗൻ സൽക്കാരത്തിലും അതിഥികൾ പങ്കെടുത്തത് നഗ്നരായിത്തന്നെ ആയിരുന്നു.
വ്യായാമക്രമം എന്നതിനേക്കാൾ “അനുഭവം” എന്നാണ് ഇതിന്റെ സംഘാടകയായ ചാർളി ആൻ മാക്സ് പരിപാടിയെ വിശേഷിപ്പിക്കുന്നത്. അവിടെ നഗ്നതയ്ക്ക് ലൈംഗികമായ മാനങ്ങൾ ഒന്നുമില്ല എന്നും, പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് “പൂർണമായും തങ്ങളുടെ സ്വത്വത്തിൽ” നിൽക്കുന്നതിനായാണ് വസ്ത്രം ധരിക്കാതെയിരിക്കണം എന്ന് പറയുന്നതെന്നും അവർ പറഞ്ഞു. പാചകവും, സൗഹൃദക്കൂട്ടായ്മകളും, നഗ്നത നൽകുന്ന സ്വാതന്ത്ര്യവും വളരെയധികം ആസ്വദിക്കുന്ന മാക്സ് ലോസ് ആഞ്ജലസിലും ന്യൂയോർക്കിലുമായി ഇത്തരം നാല് പരിപാടികൾക്ക് ആതിഥ്യം വഹിച്ചിരുന്നു.
നാല്പതിനാല് മുതൽ എൺപത്തി എട്ടു ഡോളർ വരെ വിലയുള്ള ടിക്കറ്റ് വച്ചാണ് പ്രവേശനം. എങ്കിലും ഈ തുക കൊടുത്തതിൽ ഖേദിക്കുന്നില്ല എന്നാണ് പരിപാടിയിൽ പങ്കെടുത്തവർ പറയുന്നത്. തുടക്കത്തിൽ നാണം തോന്നിയിരുന്നു എങ്കിലും, സൗഹൃദസംഭാഷണങ്ങൾ മുന്നോട്ടുപോകുംതോറും തങ്ങളുടെ ചമ്മൽ മാറി എന്നാണ് പൊതുവിൽ ഉള്ള വിലയിരുത്തൽ. “ഇതൊരു നല്ല കൂട്ടായ്മയാണ്. എല്ലാവരും ഒത്തുകൂടി സംസാരിക്കുന്നു, വ്യായാമം ചെയ്യുന്നു, ഭക്ഷണം കഴിക്കുന്നു. നഗ്നരാണെന്നുള്ളത് അതിനെയൊന്നും ബാധിക്കുന്നില്ല” പങ്കെടുത്തവരിൽ ഒരാൾ അഭിപ്രായപ്പെട്ടു
ഒരു ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ ശ്വസനവ്യായാമങ്ങൾ ചെയ്തശേഷം ഇലകൾ അടങ്ങിയ സാലഡും ബസ്മതി അരി കൊണ്ടുള്ള ചോറും ചോക്ലേറ്റിൽ പൊതിഞ്ഞ സ്ട്രോബെറി പഴങ്ങളും ഒക്കെ ഉൾപ്പെടുന്ന വീഗൻ ഭക്ഷണമാണ് എല്ലാവരും ചേർന്ന് കഴിക്കുന്നത്. തങ്ങളുടെ പല ഭയങ്ങളെയും മടികളെയും നേരിടാൻ ഈ അനുഭവംകൊണ്ടു സാധിച്ചു എന്നും പങ്കെടുത്തവർ പറയുന്നു.
Also read- അഞ്ചു പേരുടെ ജീവന് തുടിപ്പേകി മസ്തിഷ്ക മരണം സംഭവിച്ച 62കാരന്റെ അവയവങ്ങൾ
സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിന് വേണ്ട നടപടികളും റോസയുടെ നടത്തിപ്പുകാർ എടുത്തിരുന്നു. പങ്കെടുത്ത എല്ലാവരും നേരത്തെ തന്നെ ഒരു വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം എന്നായിരുന്നു നിർദേശം. ശേഷം, എല്ലാവരെയും സ്‌ക്രീനിങ്ങിനു വിധേയരാക്കി യോജിച്ചവരെ മാത്രം പങ്കെടുക്കാൻ അനുവദിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.