Goa Tourist Places | ഗോവയിലേക്ക് ഒരു യാത്ര പോയാലോ? ആകർഷകമായ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങൾ
- Published by:Sarath Mohanan
- news18-malayalam
Last Updated:
എപ്പോഴെങ്കിലും ഗോവയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.
ഒരു നല്ല യാത്ര (Travel) കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. മനസ്സിന് ശാന്തത നൽകുന്നതോടൊപ്പം ഒരുപാട് അറിവുകളും തിരിച്ചറിവുകളും യാത്രാനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നു. കോവിഡ് (COVID-19) വന്നപ്പോൾ യാത്ര ചെയ്യാനാവാതെ നമ്മളെല്ലാം വീട്ടിനുള്ളിൽ അകപ്പെട്ടു. കോവിഡ് കേസുകൾ കുറയുകയും നിയന്ത്രണങ്ങൾ നീങ്ങുകയും ചെയ്തതോടെ പുതിയ യാത്രകൾക്ക് തയ്യാറെടുക്കാനുള്ള സമയമാണ് ഇപ്പോൾ. വിനോദയാത്രയ്ക്കുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും പരിഗണിക്കേണ്ട സ്ഥലമാണ് ഗോവ (Goa). പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക പൈതൃകം, കടൽത്തീരങ്ങൾ, രാത്രി ജീവിതം, എന്നിങ്ങനെ ആകർഷണീയമായ നിരവധി പ്രത്യേകതകളുള്ള ഗോവ ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. എപ്പോഴെങ്കിലും ഗോവയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.
ബീച്ചുകൾ (Beaches): ഗോവയുടെ ഏറ്റവും പ്രധാന ആകർഷണം അവിടത്തെ കടൽത്തീരങ്ങളാണ്. എല്ലാ സഞ്ചാരികളും അവിടുത്തെ പ്രശസ്തമായ ബീച്ചുകളിൽ ഏതെങ്കിലും ഒന്ന് കണ്ടതിന് ശേഷമേ തിരിച്ചു പോകാറുള്ളൂ. അവിടുത്തെ ഏറ്റവും പ്രശസ്തമായ രണ്ട് ബീച്ചുകളാണ് പാലോലെം, കോൾവ എന്നിവ.
കൂടാതെ കയാക്കിംഗ്, യോഗ ക്ലാസുകൾ, ഡോൾഫിൻ, നീന്തൽ എന്നിങ്ങനെ നിരവധി ആകർഷകമായ ഘടകങ്ങൾ വിനോദ സഞ്ചരികളെ ഗോവയിലേക്ക് ആകർഷിക്കുന്നു. ഗോവയിൽ ചെല്ലുമ്പോൾ നിങ്ങൾക്ക് അവിടെയുള്ള ഗ്രാമീണ കൊക്കോ കുടിലുകളിൽ രാത്രികൾ ചെലവഴിക്കാൻ കഴിയും. കൂടാതെ കോൾവ ബീച്ചിൽ ആടിയുലയുന്ന ഈന്തപ്പനകളും വെങ്കലത്തിന്റെ നിറത്തിലുള്ള വിശാലമായ കടൽ തീരങ്ങളും നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. ബട്ടർഫ്ലൈ ബീച്ച്, അഗോണ്ട ബീച്ച്, ഉട്ടോർഡ ബീച്ച് എന്നിവയും ഗോവയിലെ മറ്റ് പ്രധാനപ്പെട്ട ചില ജനപ്രിയ ബീച്ചുകളാണ്.
advertisement
ബോം ജീസസ് ബസിലിക്ക: തീർത്ഥാടനത്തിനായി യാത്ര ചെയ്യുന്ന ആളുകൾക്കും അനുയോജ്യമായ സ്ഥലമാണ് ഗോവ. കാരണം ബോം ജീസസ് ബസിലിക്ക പോലുള്ള പ്രധാനപ്പെട്ട ആരാധനാലയങ്ങളിലേക്കുള്ള തീർത്ഥാടനമായും പലരും ഗോവൻ യാത്രയെ കണക്കാക്കാറുണ്ട്. സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ ഉള്ള ഈ പഴയ ക്രൈസ്തവ ദേവാലയം പതിനാറാം നൂറ്റാണ്ടിന്റെ അവസാനം നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ 1999 മുതൽ ഇടം പിടിച്ച സ്ഥലം കൂടിയാണ് ബസിലിക്ക.
ദുധ്സാഗർ വെള്ളച്ചാട്ടം: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദുധ്സാഗർ വെള്ളച്ചാട്ടം. പകൽ സമയത്ത് പോയി ആസ്വദിക്കാൻ കഴിയുന്ന മികച്ച വെള്ളച്ചാട്ടങ്ങളിൽ ഒന്ന്. ജലസാഹസങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഗോവയിലെ ബീച്ചുകൾ മാത്രമല്ല ദുധ്സാഗർ വെള്ളച്ചാട്ടവും ധൈര്യമായി തിരഞ്ഞെടുക്കാം. ഭൂമിയിൽ നിന്ന് ഏകദേശം 310 മീറ്റർ ഉയരത്തിൽ ഗോപുരങ്ങൾ ഉള്ള മനോഹരമായ നാല് തട്ടുകളുള്ള വെള്ളച്ചാട്ടമാണിത്.
advertisement
അഞ്ജുന മാർക്കറ്റ്: പൈതൃക സമ്പന്നമായ ഗോവയിൽ നിന്ന് തിരിച്ചുപോകുമ്പോൾ അവിടുത്തെ ഓർമ്മകൾ സൂക്ഷിക്കാനായി എന്തെങ്കിലും വാങ്ങി തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് അഞ്ജുന മാർക്കറ്റ്. സാധനങ്ങൾ വാങ്ങാൻ ഒരുപാട് സ്ഥലങ്ങൾ ഗോവയിലുണ്ടെങ്കിലും അഞ്ജുന മാർക്കറ്റിൽ കാണപ്പെടുന്ന ഉൽപ്പന്നങ്ങൾ മറ്റൊരിടത്തും ഉണ്ടാവില്ല. 50 വർഷത്തിലേറെയായി നൂറുകണക്കിന് വിൽപ്പനക്കാർ എല്ലാ ബുധനാഴ്ചയും അഞ്ജുന ബീച്ചിൽ ഷോപ്പ് സ്ഥാപിക്കുകയും ആകർഷകമായ സാധനങ്ങൾ വിൽക്കുകയും ചെയ്യുന്നു.
ദി ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ The Church of Our Lady of the Immaculate Conception): ഗോവയിലെ ചരിത്രപ്രാധാന്യമുള്ള പള്ളികളിലൊന്നാണ് 'ചർച്ച് ഓഫ് ഔർ ലേഡി ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ'. ഇത് സന്ദർശിക്കാൻ തലസ്ഥാന നഗരമായ പനാജിയിൽ എത്തിയാൽ മതി. ഒരു കേക്കിന്റെ തട്ടുകൾ പോലെ കാണപ്പെടുന്ന വളഞ്ഞുപുളഞ്ഞ ഗോവണിയുടെ മുകളിലാണ് മനോഹരമായ ഈ വെളുത്ത പള്ളി നിൽക്കുന്നത്. പോർച്ചുഗീസ് വാസ്തുവിദ്യ അനുസരിച്ച് പണിത ഈ പള്ളി പഴയ കഥകളിലെ കൊട്ടാരങ്ങൾ അനുസ്മരിപ്പിക്കുന്ന നിർമിതിയാണ്.
advertisement
മഹാദേവ ക്ഷേത്രം: ഗോവയിലെ മോലെമിൽ നിന്ന് വെറും 12 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന മഹാദേവ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. പോർച്ചുഗീസുകാരുടെയും മുസ്ലിം അധിനിവേശ ശക്തികളുടെയും ആക്രമണങ്ങളെ അതിജീവിക്കാൻ ഈ ക്ഷേത്രത്തിന് കഴിഞ്ഞു.
പലാസിയോ ഡോ ഡീയോ (Palácio do Deão): ഗോവയിലെ ക്വെപെമിൽ സ്ഥിതി ചെയ്യുന്ന 200ലധികം വർഷം പഴക്കമുള്ള ഈ കൊട്ടാരം വളരെ നന്നായി പരിപാലിക്കപ്പെട്ട ഒന്നാണ്. അതിനാൽ ഇപ്പോഴും അതിന്റെ യഥാർത്ഥ പ്രതാപവും സൗന്ദര്യവും നിലനിൽക്കുന്നു. ഇന്ത്യൻ, പോർച്ചുഗീസ് വാസ്തുവിദ്യയുടെ കലർപ്പാണ് ഈ കൊട്ടാരത്തിന്റെ പ്രത്യേകത. ഗെയിം റൂമും ലൈബ്രറിയും ഉൾപ്പെടെ വിനോദസഞ്ചാരികൾക്ക് ഇഷ്ടപ്പെടുന്ന ആകർഷകമായ നിരവധി ഘടകങ്ങൾ ഈ പൈതൃക ഭവനത്തിലുണ്ട്.
advertisement
ബ്രഗാൻസ ഹൗസ്: പതിനേഴാം നൂറ്റാണ്ടിൽ ഗോവയിലെ വീടുകൾ എങ്ങനെയായിരുന്നുവെന്ന് അറിയാൻ ബ്രഗാൻസ ഹൗസ് സന്ദർശിച്ചാൽ മതി. ചന്ദോറിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രമാളികയാണ് ഇത്.
സാറ്റർഡേ നൈറ്റ് മാർക്കറ്റ്: ഗോവയിലെ ഏറ്റവും മികച്ച വിപണികളിലൊന്നാണ് സാറ്റർഡേ നൈറ്റ് മാർക്കറ്റ്. മാർക്കറ്റുകൾ ഗോവ ടൂറിസത്തിന്റെ അവിഭാജ്യ ഘടകമാണ്. അവയിൽ ഏറ്റവും ആകർഷമായതും ജനക്കൂട്ടത്താൽ തിങ്ങി നിറഞ്ഞതുമാണ് അർപോറയിലെ സാറ്റർഡേ നൈറ്റ് മാർക്കറ്റ്. ഇവിടെ ചെല്ലുമ്പോൾ പശ്ചാത്തലത്തിൽ മനോഹരമായ സംഗീതം കേൾക്കാം. മാത്രമല്ല ചുറ്റിനും വ്യത്യസ്ത നിറങ്ങളാൽ ആകർഷകമായ സാറ്റർഡേ നൈറ്റ് മാർക്കറ്റ് മനസ്സിനെയും കണ്ണുകളെയും കുളിരണിയിപ്പിക്കും.
advertisement
ഈ സ്ഥലങ്ങൾ എല്ലാം ഗോവയിലേക്ക് പിന്നെയും പിന്നെയും ആളുകളെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. കോവിഡിൽ യാത്ര ചെയ്യാൻ കഴിയാതെ വിഷമിച്ചിരിക്കുന്നവർക്ക് നല്ലൊരു യാത്രാനുഭവം നൽകാൻ പറ്റിയ സ്ഥലമാണ് ഗോവ.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2022 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Goa Tourist Places | ഗോവയിലേക്ക് ഒരു യാത്ര പോയാലോ? ആകർഷകമായ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങൾ


