രാമായണത്തിന്റെ ഏറ്റവും രസകരമായ പ്രാദേശിക വകഭേദമാണ് മാപ്പിള രാമായണം. വടക്കന്‍ മലബാറിലെ മാപ്പിള ജീവിതപരിസരമാണ് മാപ്പിളരാമായണത്തിന്‍റെ സങ്കേതം. 'കര്‍ക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ടെ'ന്ന് രാമായണത്തെ വിശേഷിപ്പിക്കുന്ന നര്‍മബോധം മാപ്പിളരാമായണത്തിലുടനീളമുണ്ട്. അതില്‍ വാല്‍മീകി താടിക്കാരന്‍ ഔലിയയാണ്. രാമന്‍ ലാമനും ലക്ഷമ്ണന്‍ ലസ്മണനുമാണ്. സീത രാമന്‍റെ ബീടരാണ്.
'പണ്ടു താടിക്കാരനൗലി പാടിവന്ന പാട്ട്കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്കര്‍ക്കിടം കാത്തുകാത്തു കുത്തിരിക്കും പാട്ട്കാതു രണ്ടിലും കൈവിരലിട്ടോരിക്കൂട്ടും പാട്ട് / മൂന്നുപെണ്ണിനെ ദശരഥന്‍ നിക്കാഹ് ചെയ്ത പാട്ട്അമ്മിക്കുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്പായസം കുടിച്ചു മൂന്നും നാലും പെറ്റ പാട്ട്/ നാലിലും മുത്തുള്ള ലാമന്‍റേലുകൂട്ടും പാട്ട്/ നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്/ കുഞ്ഞുകുട്ടിതങ്കമോളെക്കൈ പിടിച്ച പാട്ട്/ ഹാലിളക്കിത്താടിലാമന്‍ വൈ തടഞ്ഞ പാട്ട്/ഹാല് മാറ്റീട്ടന്നു ലാമന്‍ നാട്ടിലെത്തിയ പാട്ട്/ നാട് വാഴാന്‍ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്/ കൂനീ നൊണകേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്'- ഇങ്ങനെയാണ് മാപ്പിളരാമായണത്തിന്‍റെ തുടക്കം.
Also Read-
Ramayana Masam 2020 | കേരളത്തിന്റ 'രാമപുരം'; അസാധാരണ രാമസങ്കല്പവുമായി ഒരു ക്ഷേത്രം
നര്‍മത്തില്‍ പൊതിഞ്ഞ രചനാശൈലി ആദ്യാവസാനം കാണാം. കര്‍ക്കിടകമാസത്തിലെ രാമായണ വായനയെ കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ടെന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. നര്‍മവും മാപ്പിളപ്പാട്ടിന്‍റെ ഈണത്തിലുള്ള അവതരണവും തന്നെയാണ് മാപ്പിളരാമായണത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. വടക്കന്‍ മലബാറിലെ മാപ്പിളജീവിതപരിസരത്ത് നിന്നെടുത്ത വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സമ്പന്നമാണ് വരികള്‍.
നിക്കാഹ്, കോഴി ബിരിയാണി, ശരി അത്ത്, സുല്‍ത്താന്‍, ഓള്, മയ്യത്തായി, ചീനി, പെങ്ങളുമ്മ, മൗത്തിലായപാട്ട്, വരത്തന്‍ തുടങ്ങിയ വാക്കുകളുടെ ഒരു നീണ്ട നിര തന്നെ മാപ്പിളരാമായണത്തില്‍ കാണാം. രാമായണത്തെക്കുരിച്ചുള്ള വിവരണം കഴിഞ്ഞാല്‍ പിന്നെ രാമനും ശൂര്‍പ്പണഖയുമായുള്ള കണ്ടുമുട്ടലാണ്. ഇവര്‍ തമ്മിലുള്ള സംസാരത്തിലെ പ്രയോഗങ്ങള്‍ ചിരിപ്പിക്കും. നര്‍മത്തോടൊപ്പം കഥപറച്ചിലിലെ ലാളിത്യവും മാപ്പിളരാമായണത്തിലെ പ്രധാനഘടകം തന്നെ.
Also Read-
Ramayana Masam 2020| വാമൊഴി രാമായണ കഥകളുമായി വയനാടൻ രാമായണങ്ങൾ
'പുല്ലുവിരിച്ചു പൂവുവെച്ച് തോലുടുത്തനല്ലൊരാണാം ലാമനെ നോക്കിപ്പൂതിവന്നുപൊന്നാരപ്പൊന്നുമ്മ ബീവി ശൂര്‍പ്പെണഖാകിന്നാരകണ്ണിച്ചിയോതി ലാമനോട്“”ആരാ നിങ്ങള് വാല്യക്കാരാ, പെരെന്താടോ?കൂടെകാണുന്നാരാപ്പെണ്ണ്, ബീടരാണോ?മക്കളില്ലേ, കൂടെ മരുമക്കളില്ലേ?കൊക്കും പൂവും ചോന്ന പെണ്ണ്, പെറ്റിറ്റില്ലേ?'
'ഞാനോ ലാമന്‍ സീതാ ബീടര്‍, പെറ്റിറ്റില്ലകുടെയനുസന്‍ കൂട്ടിന് ലക്ഷ്മണനങ്ങോട്ടുണ്ട്.കോസലനാടു കൊസലടിനാടു ബാപ്പാനാട്കാരണമുണ്ടിക്കാട്ടിനുവന്നത്, നീയാരുമ്മാ?'
'ലങ്കാനാടിലിളങ്കും ലാവണരാജാവിന്റെലങ്കും തങ്കും പൊന്നാരപ്പുതുപ്പെങ്ങളല്ലേപൂങ്കാവനപ്പൂങ്കുയിലേ ഞമ്മോടൊത്ത്ലങ്കാനാട്ടില്‍ പോരീയളിയന്‍ ലാജാവല്ലെ'
ശൂര്‍പ്പണഖയുടെ പ്രണയാഭ്യര്‍ത്ഥന രാമന്‍ തള്ളുന്നത് ശരീ അത്ത് നിയമത്തിലെ ന്യായങ്ങള്‍ മുന്‍നിര്‍ത്തിയാണ്.
'ആണിനുപെണ്ണ് പെണ്ണിനൊരാണു ശരിയത്തില്‍ നേമം ആപത്താണേ പെണ്ണേ മോളേ മുലമാറ്റിപ്പാല്‍തേക്കുന്നെണ്ണ പിടിച്ചാലെന്താ മാറ്റിക്കാച്ചണോലങ്കാശിങ്കേ പോടുമോളേ പാടും നോക്കി'. എന്നാല്‍ രാമന്‍റെ ന്യായത്തിന് ശരീഅത്ത് കൊണ്ടുതന്നെ ശൂര്‍പ്പണഘ മറുപടിയും പറയുന്നു. 'ആണിനു പെണ്ണു നാലോ അഞ്ചോ വെച്ചാലെന്താ പെണ്ണിന്നങ്ങനെ പാടില്ലെന്നാ ശരിയത്തിലുനേമം'.
Also Read-
ശോകനാശിനിയുടെ തീരത്തെ തുഞ്ചൻ മഠം; കോവിഡ് കാലത്തും രാമായണശീലുമായി ഭാഷാപിതാവിന്റെ സമാധിസ്ഥലം
ശൂര്‍പ്പണഘയുടെ പ്രണയാഭ്യാര്‍ത്ഥന പോലെ തന്നെ രാവണന്‍റെ പ്രണയാഭ്യാര്‍ത്ഥനയുടെ വിവരണവും രസകരമാണ്.
'മുത്തുമോളെ നിന്നെ ഞമ്മള് ലങ്കയില്‍ കൊണ്ടാച്ചിറ്റെത്തിരനാളായ് മുത്തേ കത്തിടും പൂമാലേകണ്ണു ലണ്ടും തന്നെയാണോയെന്റെ പൊന്നോടൊന്ന്കണ്ടു പറയേണ്‍തിലേക്കുണ്ട് പൂതി നന്നകെഞ്ചകപ്പൂത്തേവിയേ ഞാന്‍ നിന്നെക്കാണാനാണുകേളികേട്ട ബീഡരേയും വിട്ട് പോന്നോനാണേ എന്‍ കരളെ നമ്മളൊരു ലാജിയക്കാറല്ലേ എന്നതില്‍ ബിശേശവും സന്തോശമെനിക്കില്ലേ താമരത്തളിരൊടുക്കും പൂവുടലെന്‍ ഖല്‍ബില്‍ ഉമ്മിണി നാളായി മുത്തേ കണ്ടിടാനും ആശപേടി കൊണ്ടല്ലന്നു പൊന്നേ നിന്നിലാമന്‍ കാണാപ്പൂതി കൊണ്ടാണെന്റെ മോളെ തേരിലാക്കിപ്പോന്ന്അന്നു കൊണ്ടാച്ചിന്നു കൊല്ലം ഒന്നു കൂടാറായിനിന്നിലെപ്പുതുമയെന്നാ ഞമ്മളറിയുന്നുമങ്ങലം കയിച്ചറയിലു ഞമ്മ കൂടാഞ്ഞിറ്റോഇങ്ങനെ നോക്കുന്നതന്താ മൊഞ്ചു പോരാഞ്ഞിറ്റോആന നാലൂണ്ടായതിനു കെട്ടു പട്ടം കെട്ടിചീനി ചെണ്ടയും വിളിച്ച് ഞമ്മളും വന്നോളാംതപ്പുമുട്ടിത്തമ്പരം ഇടക്കമുട്ടിത്താളംകൂട്ടുകൂടാന്‍ പെമ്പറന്നോലായിരം വന്നോളുംചേല നല്‍ത്തുകിലു ചെട്ടിത്തട്ടവും തന്നോളുംകോലകത്തിരി ചെമ്പകപ്പൂ കാതില തന്നോളുംതോളു മുട്ടും താമരവള പണിയുന്നുണ്ട്നാലുകോരിയപ്പൊന്നൊരുക്കിത്തട്ടിമുട്ടിക്കോശംപാലകപ്പൂത്താലി നല്ലനെറ്റിചുറ്റിപ്പട്ടംനാലുമാസം മുമ്പു ഞമ്മളു വാങ്ങി വെച്ചിറ്റുണ്ട്കോയി ബിരിയാണി കൂട്ടിപ്പത്തലും കൊയച്ച്നാലു ചാല് തിന്നു കോട്ടെ ലങ്ക വണോലെല്ലാംസന്തഹോശപൂവനത്തില്‍ താമസിക്കണ്ടേ'
വടക്കന്‍ പാട്ടുകളുടെയും മാപ്പിളപ്പാട്ടുകളുടെയും ശൈലി മാപ്പിളരാമായണത്തിന്‍റെ താളത്തില്‍ കാണാം. രാവണന്‍റെ പ്രണയാഭ്യര്‍ത്ഥനയ്ക്ക് ശേഷം ഹനുമാന്റെ ലങ്കാ പ്രവേശം. ഹനുമാന്‍റെ ലങ്കാ ദഹനത്തോടെയാണ് മാപ്പിള രാമായണം അവസാനിക്കുന്നത്.
Also Read-
രാമായണ മാസത്തിൽ നാലമ്പലദർശനത്തിനായി ഒരു ദിനം; കേരളത്തിൽ അഞ്ചിടത്ത് നാലമ്പലം
'കാലൻ കരിങ്കാലൻ ലാവണൻ പത്തുതാടിവടിപ്പിക്കും നേരത്ത്‌വാലുള്ളനുമാനോ ലങ്കയിൽ ചാടിചേലുള്ള കൊമ്പത്തു കൂട്‌ന്ന്‌പണ്ടാരക്കോയിപോലഞ്ചു പെണ്ണുങ്ങള് കുണ്ടാണക്കൈബെച്ചൊറങ്ങുന്നുകാതിലു ചിറ്റിട്ടു കൈവളയിട്ട പാവാടക്കൂമ്പാളക്കൂത്തച്ചിമുന്നരപ്പല്ലുന്തി മൂക്ക് മാളത്തിൽ കിന്നരമണ്ണട്ടപ്പാടിച്ചിമുക്കൂടെ പല്ലുന്തി മൊക്കോണച്ചന്തി മാക്കീരിച്ചെള്ളച്ചിക്കാളിച്ചിപാവാട നീങ്ങിയരപ്പൊറം കാരി പാലം പോലെ തുട കാണ്‌ന്ന്‌കുപ്പായമില്ല പുതപ്പില്ല മൊല കുത്തനെ നിന്നു കെതക്ക്‌ന്ന്‌പൊന്നും മലർകനി സീതയെ കണ്ടു മിന്നും മുടിപ്പൊന്നും വാങ്ങ്‌ന്ന്‌മാലാഖപ്പെണ്ണിന്റെ മാറ്റുകണ്ടിറ്റ് വാലുള്ളോൻ നിക്കാരം ചെയ്യ്‌ന്ന്'
വടക്കന്‍പാട്ടുകളുടെ കുലപതി ടി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക് നൊസ്സ് ഹസന്‍ എന്ന നാടോടിയില്‍ നിന്ന് വാമൊഴിയായി പകര്‍ന്നുകിട്ടിയതാണ് മാപ്പിളരാമായണം. ഏത് പാട്ടും ഒരിക്കല്‍ കേട്ടാല്‍ ഓര്‍ത്തുപാടുന്ന ആ അസാമാന്യ പ്രതിഭ അത് ഓര്‍ത്തുവെച്ചു. സൃഹൃദ് സദസ്സുകള്‍ മുതല്‍ പൊതുപരിപാടികളില്‍ വരെ പാടാവുന്നിടത്തൊക്കെ പാടി. മാപ്പിളരാമായണത്തെക്കുറിച്ച് സാഹിത്യലോകം മാസികയില്‍ പ്രൊഫ. എം എന്‍ കാരശ്ശേരി എഴുതിയതോടെയാണ് അക്കാദമിക ലോകം മാപ്പിളരാമായണത്തെ ഗൗരവമായി പരിഗണിക്കുന്നത്. രാമന്‍റെയും രാവണന്‍റെയും സീതയുടെയും കഥ മാത്രമല്ല മാപ്പിള രാമായണം. സഹവര്‍ത്തിത്തത്തോടെ ജീവിച്ച രണ്ട് സമുദായങ്ങളുടെ കൂടിച്ചേരലിന്‍റെ കൂടി കഥയാണ്. സാംസ്കാരികമായ കൊടുക്കല്‍ വാങ്ങലുകള്‍ ഉള്‍ച്ചേരുന്നു എന്നത് തന്നെയാണ് മാപ്പിളരാമായണത്തിന്‍റെ പ്രസക്തി. പലരാമായണങ്ങളില്‍ മാപ്പിളരാമായണത്തിന് തിളക്കമേറുന്നതും അതുകൊണ്ടുതന്നെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.