എറണാകുളം: മാര്‍ച്ച് 6 ന് നടക്കുന്ന ചോറ്റാനിക്കര മകം തൊഴലിനോടനുബന്ധിച്ച് ഭക്തര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളുമേര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. മകം തൊഴലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേംബറില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം 1,20,000 പേരാണ് മകം തൊഴാനെത്തിയത്. കോവിഡ് ഭീതി മാറിയ സാഹചര്യത്തില്‍ ഈ വര്‍ഷം കൂടുതല്‍ ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നര ലക്ഷത്തോളം പേര് എത്തുമെന്നാണ് കരുതുന്നത്. ഇതു മുന്നില്‍ക്കണ്ടുളള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
പരിപാടികളുടെ നടത്തിപ്പില്‍ പൂര്‍ണമായും ഹരിത മാര്‍ഗരേഖ പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കണം. ഉത്സവം കഴിയുമ്പോള്‍ ക്ഷേത്രവും പരിസരവും മാലിന്യക്കൂമ്പാരമാകുന്ന അവസ്ഥയുണ്ടാകരുത്. രാവിലെയും വൈകിട്ടും മാലിന്യങ്ങള്‍ നീക്കണം. സമീപത്തെ ഹോട്ടലുകള്‍ക്കും മാലിന്യം നീക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കും. പാര്‍ക്കിംഗിനായി ഉപയോഗിക്കുന്ന സ്കൂള്‍ ഗ്രൗണ്ടും ഉപയോഗ ശേഷം ഉടന്‍ വൃത്തിയാക്കി നല്‍കണം.
അലങ്കാരത്തിനായി പ്ലാസ്റ്റിക്കും ഫ്ളെക്സും ഒഴിവാക്കണം. മാലിന്യം ഇടുന്നതിന് വേസറ്റ് ബിന്നുകള്‍ സ്ഥാപിക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ശുചിത്വ മിഷന് നിര്‍ദേശം നല്കി. ആരോഗ്യ വകുപ്പും പഞ്ചായത്തും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കടകളിലെ ഭക്ഷണ സാധനങ്ങള്‍ പരിശോധിക്കും. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കടകളിലെ വിലവിവര പട്ടിക പരിശോധിച്ച് അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ള ഭക്തര്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് സുരക്ഷയൊരുക്കും. എല്ലാ ഭക്തര്‍ക്കും സമാധാനപരമായി തൊഴുത് മടങ്ങുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. കുഭ മാസത്തിലെ മകം നാളിലാണ് മകം തൊഴല്‍. 6 ന് ഉച്ചയ്ക്ക് രണ്ടിനാണ് മകം തൊഴലിനായി . 10 മണി വരെ ദര്‍ശനമുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.