വിശ്വാസം; അതല്ല എല്ലാം: പള്ളിവേട്ട നടത്തുന്ന പന മുറിക്കാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി;ദേശീയ പാതയിലെ ഒറ്റപ്പന ഓർമയാകും
- Published by:Sarika KP
- news18-malayalam
Last Updated:
ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയില്‍ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തിയുണ്ടെന്നുമാണ് ഭക്തരുടെ വിശ്വാസം.
തിരുവനന്തപുരം: ക്ഷേത്ര വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഒരു നാടിന്റെ പേരിന് തന്നെ കാരണമായി മാറിയ ദേശീയ പാതയിലെ ഒറ്റപ്പന മുറിച്ചു മാറ്റുന്നു. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിയ്ക്കും ഇടയിൽ പുറക്കാടിന് അടുത്ത് ഒറ്റപ്പന എന്ന സ്ഥലത്തെ പനയാണ് റോഡ് വികസനത്തിനായി മുറിച്ചു മാറ്റുന്നത്. കടൽ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര്‍ ശ്രീഭഗവതി ക്ഷേത്രത്തിന് നേരെ മുന്നിലാണ് കാലം എത്രയെന്ന് അറിയാത്ത ഒറ്റപ്പന.
ദേശീയ പാത 66 ലൂടെ ഹരിപ്പാട് നിന്ന് ആലപ്പുഴയ്ക്കുള്ള പോകുമ്പോൾ കുരുട്ടൂര്‍ ശ്രീഭഗവതി ക്ഷേത്രത്തിനു മുന്നിൽ റോഡിന് വലതു വശത്തായുള്ള ഈ പനയിൽ നിന്നാണ് ഈ സ്ഥലത്തിന് പേര് ലഭിച്ചത്.
അഖില കേരള ധീവരസഭ ബ്രാഞ്ച് 60 (അരയവംശ പരിപാലന കരയോഗ) ന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രം.
അന്നപൂര്‍ണേശ്വരി, ഭദ്രകാളി എന്നീ രണ്ട് പ്രതിഷ്ഠകളുള്ള ക്ഷേത്രത്തില്‍ രണ്ട് കൊടിമരങ്ങളുണ്ട്.
ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയില്‍ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തിയുണ്ടെന്നുമാണ് ഭക്തരുടെ വിശ്വാസം. ഇതിന് ചുവട്ടിലാണ് ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ചടങ്ങുകൾ നടത്തുന്നത്. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് പനയെ പരിപാലിച്ചു പോരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഒറ്റപ്പന നാടിന്റെ തന്നെ പ്രധാന അടയാളമായി മാറി. അങ്ങനെ ചേന്നങ്കരയുടെ ഈ പ്രദേശം ഒറ്റപ്പനയായി.
advertisement
എന്നാൽ എന്‍എച്ച് 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പന ഒരു തടസ്സമായതിനാല്‍ ഇത് വെട്ടിമാറ്റാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിര്‍ദ്ദേശിക്കുകയായിരുന്നു.വിശ്വാസവുമായി ബന്ധപ്പെട്ടതിനാൽ പന വെട്ടിമാറ്റുന്നതില്‍ ക്ഷേത്രം അധികൃതരുടെ അന്തിമ അനുമതിതേടി. അവർ ആചാരവുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട പ്രകാരം സാവകാശം കാത്തിരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.
ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ചൊവ്വാഴ്ച രാത്രി നടക്കും. ഇതായിരിക്കും പനയുമായി അവസാന ചടങ്ങ്. ബുധനാഴ്ചയാണ് പൂരം. അന്നാണ് ആറാട്ട് .പിന്നീട് തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് കുമാർ ഭട്ടതിരിപാടിന്റെ അനുമതിയോടെയാകും പന മുറിക്കുന്നത്. പന മുറിക്കുന്നതിന് മുമ്പായി അത് അനുമതി തേടിയുള്ള ചടങ്ങുകളും ഉണ്ടാകും. അതിനുശേഷം മാത്രമേ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പന മുറിക്കുകയുള്ളൂവെന്ന പ്രതീക്ഷിക്കുന്നതായി ക്ഷേത്രത്തിന്റെ ഭരണം നടത്തുന്ന അരയവംശ പരിപാലന കരയോഗത്തിന്റെ പ്രസിഡന്റ് നിഷാന്ത് ഗോപാല്‍ ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.
advertisement
ഏറെക്കാലമായി സര്‍ക്കാര്‍ ഭൂമിയിലാണ് ഈ മരം നില്‍ക്കുന്നത്. ‘നേരത്തെ ഈ ഭൂമി അരയവംശ പരിപാലന കരയോഗത്തിന്റെ ഉടമസ്ഥതയിലായിരുന്നു. റോഡ് വികസനത്തിന് ഏതാണ്ട് അഞ്ചു പതിറ്റാണ്ട് മുമ്പാണ് ഭൂമി റവന്യൂ വകുപ്പിന് കൈമാറിയത്. പനയെക്കുറിച്ചുള്ള വിശ്വാസം കൊണ്ടാണ് അത് അങ്ങനെ നിന്നത്. അതു കൊണ്ടു തന്നെയാണ് അധികൃതര്‍ മരം മുറിക്കുന്നതിന് മുമ്പ് ക്ഷേത്രം അധികൃതരുടെ അനുമതി തേടിയത്. അതിനാല്‍ ഞങ്ങള്‍ ഒരുമാസം മുമ്പ് ദേവപ്രശ്‌നം നടത്തി.എന്നാൽ അതില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. ഈ പന മാറ്റി നടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതിനും ദേവ പ്രശ്നത്തിൽ ഒഴിവ് ഒന്നും കണ്ടില്ല. വളരെ പഴക്കുമുള്ളതിനാല്‍ അങ്ങനെ ചെയ്യാനും കഴിയില്ല.’നിഷാന്ത് പറഞ്ഞു.
advertisement
‘റോഡ് വികസനത്തിന്റെ ഭാഗമായി ക്ഷേത്ര ഗോപുരത്തിനൊപ്പം രണ്ട് കൊടിമരങ്ങളും നീക്കം ചെയ്യും. കൂടാതെ ക്ഷേത്രത്തിന്റെ ആറ് സെന്റ് ഭൂമിയും നഷ്ടമാകും. ഇത് പിന്നീടുള്ള അളവിലാണ് അധികൃതർക്ക് ബോധ്യമായത്. ഭൂമിയുടെ വില മാത്രമാണ് റവന്യൂ വകുപ്പ് അനുവദിച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ വികസനത്തിനായി വലിയ വിലയാണ് നൽകുന്നത്. ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുന്ന ക്ഷേത്രം ഇതാവും എന്നാണ് അറിവ്. അതിനാൽ അധികൃതരുമായി ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു വരികയാണ്,’ നിഷാന്ത് പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
February 07, 2023 12:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
വിശ്വാസം; അതല്ല എല്ലാം: പള്ളിവേട്ട നടത്തുന്ന പന മുറിക്കാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി;ദേശീയ പാതയിലെ ഒറ്റപ്പന ഓർമയാകും