ആചാരപെരുമകൊണ്ട് പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഓണാട്ടുകരക്കാര്‍. 13 കരകളിലെ ഭക്തജനങ്ങള്‍ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകള്‍ നാളെ കാഴ്ചകണ്ടത്തില്‍ അണിനിരക്കുമ്പോള്‍ ആവേശം ഉച്ഛസ്ഥായിലെത്തും. കൂടാതെ കുത്തിയോട്ട ചുവടുകള്‍ കാണാനും കുത്തിയോട്ട പാട്ട് കേള്‍ക്കാനും പതിനായരങ്ങള്‍ നാളെ ചെട്ടികുളങ്ങരയിലേക്ക് ഒഴുകിയെത്തും.
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് കുത്തിയോട്ടം. ശിവരാത്രി ദിനം രാത്രി മുതലാണ് ഈ അനുഷ്ഠാനം ആരംഭിക്കുന്നത്. വഴിപാടുകാരുടെ വീടുകളിലാണ് അനുഷ്ഠാന കല കൂടിയായ കുത്തിയോട്ടം അരങ്ങേറുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കുംഭഭരണി ആഘോഷങ്ങളിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് കുതിരമൂട്ടില്‍ കഞ്ഞി. കെട്ടുകാഴ്ച നിർമ്മാണം തുടങ്ങിയ ശിവരാത്രി നാൾ മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങി. മുതിര, പുഴുക്ക് അസ്ത്രം, കടുമാങ്ങ, പപ്പടം, അവിൽ, പഴം തുടങ്ങി എട്ടുകൂട്ടം വിഭവങ്ങളാണ് കഞ്ഞിക്കൊപ്പം വിളമ്പുന്നത്. കഞ്ഞികുടിയ്ക്കാൻ പഴയകാലത്തെ ഇലയും തടയും പ്ലാവിലയുമാണ് ഉപയോഗിക്കുന്നത്. ഓലക്കാലുകൊണ്ട് വൃത്താകൃതിയിൽ ഉണ്ടാക്കുന്ന തടയിൽ തൂശനില വെച്ചാണ് ചൂട് കഞ്ഞി വിളമ്പുന്നത്.
ഓണാട്ടുകരയിലെ വീടുകളില്‍ കുംഭഭരണി ദിവസം ഉച്ചയൂണിന് പ്രധാന വിഭവം കൊഞ്ചും മാങ്ങയുമാണ്. കുംഭഭരണിയും കൊഞ്ചും മാങ്ങയും തമ്മിലുളള ബന്ധത്തിന് പിന്നിൽ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്.
കൊഞ്ചും മാങ്ങയും ചേർത്തുളള കറി പാചകം ചെയ്ത് കൊണ്ടിരുന്ന ഒരു വീട്ടമ്മ കറി കരിയാതെ നോക്കണമെന്ന് ദേവിയോട് പ്രാർത്ഥിച്ച ശേഷം കുത്തിയോട്ട ഘോഷയാത്ര കാണാൻ പോയി. കുത്തിയോട്ട വരവ് കണ്ടുനിന്ന് അടുപ്പത്തിരുന്ന കറിയുടെ കാര്യം മറന്ന വീട്ടമ്മ നേരമേറെക്കഴിഞ്ഞപ്പോൾ കറി കരിഞ്ഞുകാണുമെന്ന് ഭയന്ന് വീട്ടിലെത്തി നോക്കിയപ്പോള്‍ കൊഞ്ചും മാങ്ങാക്കറി പാകമായിരിക്കുന്നതാണ് കണ്ടത്. ഈ സംഭവം നാട്ടിലാകെ പ്രചരിച്ചതോടെ കൊഞ്ചുംമാങ്ങയും ചെട്ടികുളങ്ങരയിലെ ഇഷ്ടവിഭവമായി.
ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം പ്രമാണിച്ച് നാളെ മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി നല്‍കി ജില്ല കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.