രാംഗഢ്: ജാര്‍ഖണ്ഡിലെ രാംഗഢിലെ ഇത്തവണത്തെ രാമനവമി ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് മുസ്ലീമായ മഞ്ജൂര്‍ ഖാന്. 45-ാം തവണയാണ് ഈ ഘോഷയാത്ര നടത്താനുള്ള അനുമതി അദ്ദേഹത്തിന് ലഭിക്കുന്നത്. അറുപതുകളിലാണ് പ്രദേശത്ത് ഈ രീതി നിലവില്‍ വന്നത്. ചിതറാപൂര്‍ ജില്ലയിലെ സുകൈര്‍ഗഢ് ഗ്രാമത്തിലാണ് ഈ മതസൗഹാര്‍ദ്ദത്തിന്റെ ഘോഷയാത്ര നടന്നുവരുന്നത്. മഞ്ജൂര്‍ ഖാന്റെ അച്ഛനും മുത്തശ്ശനും പിന്തുടര്‍ന്ന രീതിയായിരുന്നു ഇത്.
സുകൈര്‍ഗഢിലേയും ലാരി ഗ്രാമത്തിലേയും ജനങ്ങള്‍ ഘോഷയാത്രയ്ക്കുള്ള അനുമതിയ്ക്കായി മഞ്ജൂര്‍ ഖാനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമവാസികള്‍ വളരെ ബഹുമാനത്തോടെ കാണുന്ന വ്യക്തിത്വമാണ് മഞ്ജൂര്‍ ഖാന്റേത്. ദുര്‍ഗ്ഗ പൂജയ്ക്കും രാമനവമി ഘോഷയാത്രയ്ക്കും പ്രാദേശിക ഭരണകൂടം നല്കിയ അനുമതിയുടെ രേഖകളും മഞ്ജൂര്‍ ഖാന്റെ കൈവശമുണ്ട്. മുന്‍ സര്‍പഞ്ച് പദവിയിലിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
Also read- ആയിരത്തൊന്ന് കമുകിന് പാളയില്‍ ‘മഹാഭൈരവിക്കോലം’; ഭക്തിനിര്‍ഭരമായ ഓതറ പുതുക്കുളങ്ങര പടയണി
കുട്ടിക്കാലം മുതല്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് താനെന്നാണ് മഞ്ജൂര്‍ ഖാന് പറയുന്നത്. തന്റെ പിതാവിനോടൊപ്പമാണ് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.’എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. ഇസ്ലാം, ഹിന്ദു, ക്രിസ്ത്യന്‍, സിഖ് അങ്ങനെ തുടങ്ങി എല്ലാ മതങ്ങളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എന്റെ അച്ഛന് 1978ലാണ് മരിച്ചത്. അതിന് ശേഷം ഈ ഘോഷയാത്ര നടത്താന്‍ ഗ്രാമവാസികള്‍ എന്നോട് ആവശ്യപ്പെടുകയായിരുന്നു,’ മഞ്ജൂര്‍ ഖാന് പറഞ്ഞു.
ഘോഷയാത്രയ്ക്ക് നേതൃത്വം കൊടുക്കുക മാത്രമല്ല തന്റെ ഉത്തരവാദിത്തം എന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങള്‍ക്കിടയില്‍ എല്ലാ മതസ്ഥരും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കി മതസൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കുക എന്നതും തന്റെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണയും ഘോഷയാത്ര നടത്താനുള്ള അനുമതി മഞ്ജൂര്‍ ഖാന് അനുവദിച്ചുവെന്ന് രജരപ്പ പൊലീസ് സ്റ്റേഷന് ഉദ്യോഗസ്ഥരും പറഞ്ഞു. വെള്ള മുണ്ടും കുര്‍ത്തയും അണിഞ്ഞാണ് ഘോഷയാത്രയ്ക്കായി മഞ്ജൂര്‍ ഖാന് എത്തുക.
ലാരി, സുകൈര്‍ഗഢ് ഗ്രാമങ്ങളിലെ ജനങ്ങളും ഇദ്ദേഹത്തോടൊപ്പം പങ്കെടുക്കും. പരമ്പരാഗത ആയുധങ്ങളായ കത്തി, ഭലായ്, വാള്, എന്നിവ കൈയ്യിലേന്തിയാണ് ഇവര്‍ എത്തുക. ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് താന്‍ ഘോഷയാത്ര നയിക്കുന്നത് എന്നാണ് മഞ്ജൂര്‍ ഖാന്റെ പ്രതികരണം.തനിക്കു ശേഷം ഈ മാതൃക പിന്തുടരാന് ഗ്രാമവാസികളിലൊരാളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറയുന്നു.
തനിക്ക് അഞ്ചു മക്കളാണ്. അവര്‍ക്കാര്‍ക്കും ഘോഷയാത്രയ്ക്ക് നേതൃത്വം നല്കുന്നതില് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദ സന്ദേശമാണ് മഞ്ജൂര്‍ ഖാന് പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹംവലിയൊരു മനസിന് ഉടമയാണെന്നും ലാരി പഞ്ചായത്ത് മുഖ്യ സരസ്വതി ദേവി പറഞ്ഞു. ഈ ഘോഷയാത്ര തുടര്‍ന്നും നടത്താനും മഞ്ജൂര്‍ ഖാന് കഴിയട്ടെയെന്നും അവര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jharkhand, Muslim, Ram navamy