നിറക്കൂട്ടുകളില്ലാതെ; രണ്ടു കോരമാർക്ക് ഇടയിലെ ഡെന്നീസ് ജോസഫിന്റെ ജീവിതം

Last Updated:

മലയാളസിനിമയുടെ ഇന്നത്തെ മുഖം സൃഷ്ടിക്കുന്നതിന് വലിയൊരു അളവ് പങ്കുവഹിച്ച സിനിമാ പ്രവർത്തകനാണ് ഡെന്നീസ് ജോസഫ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ ജീവിതത്തേക്കുറിച്ച് അദ്ദേഹമെഴുതിയ 'നിറക്കൂട്ടുകളില്ലാതെ'എന്ന പുസ്തകം നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു.

ഒരു നീണ്ട മൗനത്തിനു ശേഷം ഡെന്നീസ് ജോസഫ് എന്ന സിനിമാ പ്രവർത്തകന്റെ പേര് വീണ്ടും ചർച്ചയായത് അടുത്തിടെയായാണ്. ഒരു ടെലിവിഷൻ ചാനലിലെ നീണ്ട ഭാഷണങ്ങളെ തുടർന്നായിരുന്നു അത്. ഒരു സിനിമാക്കഥപോലെ. വെള്ളിവെളിച്ചത്തിൽ നിന്ന ഒരാൾ പൊടുന്നനെ മറഞ്ഞു പോകുന്നു. പിന്നെ തിരിച്ചു വന്ന് തന്റെ അദ്‌ഭുതകരമായ കഥ പറയുന്നു. കടുത്തനിറം ഒട്ടും ചേർക്കാതെ. അവിടെ നമ്മൾ തിരിച്ചറിയുന്നു. അയാൾ തിരിച്ചു വരുന്നത് അയാൾ പോലുമറിയാതെ വീണു പോയ ഒരു തമോഗർത്തത്തിൽ നിന്നാണ്.
ആ കഥ മൂന്നു തരത്തിൽ നമുക്ക് വായിച്ചെടുക്കാം
1.  മലയാള സിനിമയുടെ 25 വർഷത്തിന്റെ ഒരു ലഘു ചരിത്രം
2. വിജയം വരിച്ച കുറെയധികം പേർ മലയാള സിനിമയിലേക്ക്‌ കടന്നു വന്ന വഴി.
3. വലിയ വിജയങ്ങൾ നേടിയ ശേഷം അതിജീവിക്കേണ്ടത് എങ്ങനെ എന്നതിന് ഒരു പാഠപുസ്തകം.
advertisement
വാണിജ്യ സിനിമയുടെ നട്ടെല്ലായി മാറിയ ഒരാൾ
ഡെന്നീസ് ജോസഫ് എന്ന ഏറ്റുമാനൂരുകാരൻ സിനിമയിലേക്ക് നടന്നു കയറിയത് വലിയ പ്രയാസപ്പെടാതെ ആണെന്നു പറയാം. സിനിമാ ബന്ധമുള്ള ഒരു കുടുംബത്തിൽ ജനിച്ചതു കൊണ്ട് തിരക്കഥാ കൃത്ത് എന്ന നിലയിലേക്ക് വരാൻ വെള്ളം കോരുകയും വിറക് വെട്ടുകയും ഒന്നും വേണ്ടി വന്നില്ല, ആദ്യ ചിത്രത്തിൽ സ്വന്തം ക്രെഡിറ്റ് നഷ്ടമായി എന്നതൊഴിച്ചാൽ. അഞ്ചു സൂപ്പർ ഹിറ്റുകൾ തുടർക്കഥയായതോടെ രചനാ തന്ത്രം കൊണ്ട് തിരയെഴുത്തിന്റെ ലോകത്ത് ആ ചെറുപ്പക്കാരൻ സ്വന്തം കസേര വലിച്ചിട്ട് ഇരിക്കാൻ അധികം താമസമുണ്ടായില്ല. ഒരു വർഷം കൊണ്ട് ഇന്ദ്രജാലം പോലെ ഡെന്നീസിന്റെ അക്ഷരങ്ങൾക്ക് പൊന്നും വിലയായി. മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതി മോഹൻലാൽ സൂപ്പർ സ്റ്റാറായ രാജാവിന്റെ മകൻ, താരപരിവേഷത്തിനപ്പുറം നിന്ന് മമ്മൂട്ടിക്ക് കച്ചവട സിനിമയിൽ കുതിപ്പ് നൽകിയ നിറക്കൂട്ട്, സിനിമയിൽ നിന്നും ഇല്ലാതാകുമോ എന്ന് ഭയന്ന കാലത്ത് മമ്മൂട്ടി എന്ന നടനെയും താരത്തെയും തിരികെ കൊണ്ടുവന്ന ന്യൂഡൽഹി അങ്ങനെ സൂപ്പർ ഹിറ്റുകളുടെ വർഷ കാലം.
advertisement
വായനയുടെ കരുത്ത് കോരയുടെ ചീട്ട്
എവിടെയെങ്കിലും ഒരു കഥ പോലും എഴുതാതെ നേരിട്ട് സിനിമയുടെ എഴുത്തിലെ പടവുകൾ ചവിട്ടിക്കയറി എന്നതാണ് കഥ. എങ്കിലും ആ കഥയ്ക്ക് പിന്നിൽ ഡെന്നീസിന്റെ വായനയുടെ ശക്തമായ ബലമുണ്ടായിരുന്നു. വായനയിലൂടെയും സിനിമാ കണ്ടും പരിചയങ്ങളിലൂടെയും നേടിയ അനുഭവം. എന്നാൽ അവിശ്വസനീയമായ ചില വിശ്വാസങ്ങളും ഇതിനു പിറകിൽ ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് നമ്മുടെ കലയും സംസ്കാരവും കടന്നു വന്ന വിചിത്ര വഴികൾ തിരിച്ചറിയുന്നത്. അതിലൊന്നാണ് കോര ചേട്ടന്റെ ചീട്ട്. ഡെന്നീസിന് സിനിമാ ലോകത്തേക്ക് വഴിതുറന്ന ചീട്ടുകൾ. ചേരും പടി വന്ന ചീട്ടുകൾ പറഞ്ഞതു പോലെ നടന്നതും നടക്കാത്തതുമായ രസകരവും വിസ്മയകരവുമായ കഥകൾ ഈ പുസ്തകത്തിൽ ഉണ്ട്.
advertisement
കടന്നു വന്നവർ, വിജയം വരിച്ചവർ
സുരേഷ് ഗോപി,ബാബു നമ്പൂതിരി, രാജൻപി ദേവ്, എൻ എഫ് വർഗീസ് എന്നീ നടൻമാർ സന്തോഷ് ശിവൻ എന്ന ക്യാമറാമാൻ , എം ജി ശ്രീകുമാർ എന്ന ഗായകൻ എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ സിനിമയിൽ സജീവമായ കഥ, എം ടി വാസുദേവൻ നായർ, കെജി ജോർജ്, ഹരിഹരൻ, ഭരതൻ, മണിരത്‌നം പ്രിയദർശൻ എന്നിവർ ഡെന്നീസ് ജോസഫ് എന്ന കലാകാരനു നൽകിയ ഊർജം, ജി ദേവരാജൻ, ഒ എൻവി കുറുപ്പ് എന്നിവരുമായുണ്ടായിരുന്ന ആത്മബന്ധത്തിനു നൽകുന്ന പ്രണാമം, ഗായത്രി അശോക് , വിക്ടർ ജോർജ് എന്നിവരുൾപ്പെടുന്ന സുഹൃദ് സംഘത്തിന്റെ ബന്ധത്തിലെ ആഴം, വജ്ര സൂചികൊണ്ടെന്ന പോലെ മുറിവേൽപ്പിച്ച ചില സംഭാഷണങ്ങൾ, നടക്കാതെ പോയ സ്വപ്ന പദ്ധതികൾ ഇതൊക്കെ അതിലളിതമായാണ് പുസ്‌തകത്തിൽ പറഞ്ഞു പോകുന്നത്. എങ്കിലും ശക്തമായി എത്തുന്നുണ്ട് . ഏതാണ്ട് ടെലിവിഷനിൽ പറഞ്ഞു പോയ രീതിയിൽ തന്നെയായതുകൊണ്ട് വായിച്ചു തീരാൻ ഒരു സിനിമയുടെ സമയത്തിൽ ഏറെ എടുക്കും എന്നു തോന്നുന്നില്ല. അതി രസകരമായ ചില ഭാഗങ്ങളുണ്ട്. അതിലൊന്ന്. ഒരു സിനിമയുടെ ഹാങ്ങ് ഓവർ മാറാത്ത സുഹൃത്തായ സംവിധായകനെക്കുറിച്ചു പറയുന്നത് ഇങ്ങനെ. 'മഹാഭാരതം എടുത്താലും അതിൽ കുഞ്ഞച്ചൻ (കോട്ടയം ) ഉണ്ടാകണം എന്ന നിലപാടിലാണ് ' അദ്ദേഹം.
advertisement
തമോഗർത്തവും രണ്ടാമത്തെ കോരയും
ഉറ്റ ചങ്ങാതിമാരായിരുന്നവർ അകന്നു പോകുന്നത് ജീവിതത്തിൽ അത്ര പുതുമയൊന്നുമല്ല. ഇന്ന് കണ്ടവനെ നാളെ കാണാത്ത സിനിമാ ലോകത്തിൽ പ്രത്യേകിച്ചും. പക്ഷെ ചിലപ്പോഴെങ്കിലും ഉറ്റ ബന്ധങ്ങളിലെ ഒളിയമ്പുകൾ മൂലമുണ്ടാകുന്ന വിണ്ടുകീറലുകൾ പരിഹരിക്കാനാവാത്ത മുറിവുകളായി എന്നു വരാം. വായന, എഴുത്ത്, പണം, പ്രശസ്തി, ആത്മാർത്ഥ സൃഹൃത്തുക്കൾ, നല്ല ബന്ധുക്കൾ, നല്ല കുടുംബം ഒക്കെയുണ്ടായിരുന്നാലും ജീവിതം ചിലപ്പോൾ നമ്മുടെ കൈവിട്ടു പോകുന്നതിന് അജ്ഞാതമായ എന്തോ കാരണങ്ങൾ ഉണ്ടാകാം. അങ്ങനെ മറവിയിലായ ദിനരാത്രങ്ങൾ എത്രയെന്നു പോലും ചിലർക്ക് ഓർമയുണ്ടാവില്ല. പല പ്രമുഖരും ജീവിതം തുടങ്ങിയ പ്രായത്തിൽ മൗനത്തിലായ ഡെന്നീസ് ജോസഫ് വീണ്ടും ഓജസുറ്റ ജീവിതത്തിലേക്ക് വന്നത് അദ്‌ഭുതകരമായാണ്. അതിനു കാരണമായത് മറ്റൊരു കോര സാർ. അദ്ദേഹത്തിലെത്തി നിൽക്കവെയാണ് പുസ്തകം അവസാനിക്കുന്നത്.
advertisement
തന്റെ ചില പടങ്ങളുടെ രണ്ടാം പകുതി പ്രേക്ഷകരെ അത്ര രസിപ്പിക്കാതെ പോയതിന് ഡെന്നീസ് ജോസഫ് ചില കാരണങ്ങൾ പറയുന്നുണ്ട്. എന്നാൽ ദീർഘമായ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചുവരുന്ന എഴുത്തുകാരന്റെ ഈ പുസ്തകം ഒട്ടേറെ കൗതുകങ്ങൾ നിറച്ചു വെച്ച ഒന്നാണ്. സിനിമ എന്ന മാന്ത്രിക ലോകം സ്വപ്നം കാണുകയും അതിൽ ജീവിക്കുകയും ചെയ്യുന്നവർക്ക് പ്രത്യേകിച്ച്. ജീവിതത്തിൽ നമ്മെ കാത്തിരിക്കുന്ന വഴികൾ എത്ര അജ്ഞാതമാണെന്ന് കൂടി ഓർമിപ്പിക്കുന്ന ഒന്ന്.
മലയാളം വാർത്തകൾ/ വാർത്ത/Life/
നിറക്കൂട്ടുകളില്ലാതെ; രണ്ടു കോരമാർക്ക് ഇടയിലെ ഡെന്നീസ് ജോസഫിന്റെ ജീവിതം
Next Article
advertisement
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope October 22 | പ്രണയ ജീവിതം വളരെ റൊമാന്റിക് ആയിരിക്കും ; പങ്കാളിയെ ബഹുമാനിക്കുക : ഇന്നത്തെ പ്രണയഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പങ്കാളിയുമായി നല്ല ഏകോപനം ഉണ്ടാകും

  • ഇടവം രാശിക്കാർക്ക് ഇന്ന് സ്‌നേഹവും വാത്സല്യവും നിറഞ്ഞ ദിവസം

  • മിഥുനം രാശിക്കാർക്ക് ഇന്ന് പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും

View All
advertisement