ബഹിരാകാശ നിലയത്തിൽ പതിവ് വ്യായാമവും; ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ പ്രധാനമെന്ന് ശുഭാന്‍ഷു ശുക്ല

Last Updated:

ബഹിരാകാശ നിലയത്തിലെ ഏഴ് ജനാലകളുള്ള മോഡ്യൂളില്‍ നിന്നും ഭൂമിയെ നിരീക്ഷിക്കുന്ന ശുഭാന്‍ഷു ശുക്ലയുടെ ചിത്രം ഈ ആഴ്ച ആദ്യം പുറത്തുവന്നിരുന്നു

ശുഭാൻഷു ശുക്ല
ശുഭാൻഷു ശുക്ല
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലായിരിക്കുമ്പോള്‍ (ഐഎസ്എസ്) ആരോഗ്യത്തോടെയിരിക്കാന്‍ ബഹിരാകാശ യാത്രികര്‍ ദിവസേന വ്യായാമവും ചെയ്യേണ്ടതുണ്ടെന്ന് ശുഭാന്‍ഷു ശുക്ല. നാസയുടെ ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടെയുള്ള നാല് പേരുടെ സംഘം ജൂണ്‍ 25-നാണ് ബഹിരാകാശത്തേക്ക് പോയത്. 26 മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം ഇവര്‍ സഞ്ചരിച്ച പേടകം ജൂണ്‍ 26-നാണ് ബഹിരാകാശ നിലയത്തിലെത്തിയത്.
ഹാം റേഡിയോ കമ്മ്യൂണിക്കേഷന്‍ വഴി വിദ്യാര്‍ത്ഥികളുമായി സംസാരിക്കുമ്പോഴാണ് ബഹിരാകാശ നിലയത്തിലെ പതിവ് വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  ആക്‌സിയം 4 സംഘത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ ശുക്ല എടുത്തുപറഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം രണ്ട് മണി മുതല്‍ പത്ത് മിനുറ്റ് നേരമാണ് ഇന്ത്യയിലേക്ക് ആശയവിനിമയം നടത്തിയത്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെ അമച്വര്‍ റേഡിയോ (എആര്‍ഐഎസ്എസ്) ടെലിബ്രിഡ്ജ് വഴി ഐഎസ്ആര്‍ഒയുടെ നോര്‍ത്ത് ഈസ്റ്റ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററുമായി ബന്ധിപ്പിച്ച കോളിലൂടെയാണ് ഇത് സാധ്യമാക്കിയത്.
ബഹിരാകാശ നിലയത്തില്‍ ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായ സംഘത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ആഴ്ചയാണിത്. ശുഭാന്‍ഷു ശുക്ല അടക്കമുള്ള സംഘം ഉടന്‍ ഭൂമിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ബഹിരാകാശത്തുനിന്നും ഇന്ത്യയിലേക്ക് നടത്തുന്ന രണ്ടാമത്തെ റേഡിയോ കമ്മ്യൂണിക്കേഷനാണിത്.
advertisement
ബഹിരാകാശ നിലയത്തിലായിരിക്കുമ്പോള്‍ ശാരീരിക ക്ഷമത എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ശുഭാന്‍ഷു ശുക്ല കോളിനിടെ പറഞ്ഞു. പരിക്രമണ നിരീക്ഷണാലയം ബഹിരാകാശയാത്രികര്‍ക്ക് ഒരു മിനി ജിം വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ഫിറ്റ്‌നസ് സംബന്ധിച്ച ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വിശ്വസിച്ചാലും ഇല്ലെങ്കിലും ബഹിരാകാശ നിലയത്തില്‍ ഒരു ട്രെഡ്‍മില്ലും സൈക്കിളും അഡ്വാന്‍സ്ഡ് റെസിസ്റ്റീവ് എക്‌സസൈസ് ഡിവൈസ് എന്നറിയപ്പെടുന്ന ഒരു പരിശീലന യന്ത്രവും ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ ബഹിരാകാശ യാത്രികര്‍ എല്ലാ ദിവസവും വ്യായാമം ചെയ്യണമെന്നും ആരോഗ്യത്തോടെ തുടരേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ബഹിരാകാശ നിലയത്തില്‍ എത്തിയപ്പോള്‍ ശരീരത്തിന് ചില ബുദ്ധിമുട്ടുകള്‍ നേരിട്ടതായും അദ്ദേഹം അറിയിച്ചു. ഭൂമിയില്‍ നമ്മുടെമേല്‍ ഗുരുത്വാകര്‍ഷണം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ബഹിരാകാശത്ത് അങ്ങനെയല്ലെന്നും ശരീരം ചില മാറ്റങ്ങളിലൂടെ കടന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ബഹിരാകാശത്തെ പരിതസ്ഥിതിയുമായി ശരീരം വേഗത്തില്‍ പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. ആര്‍ക്കെങ്കിലും അസുഖം തോന്നിയാല്‍ ബഹിരാകാശ രോഗത്തെ നേരിടാനുള്ള മരുന്നുകള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശ നിലയത്തിലെ ഏഴ് ജനാലകളുള്ള കുപ്പേള മൊഡ്യൂളില്‍ നിന്നും ഭൂമിയെ നിരീക്ഷിക്കുന്ന ശുഭാന്‍ഷു ശുക്ലയുടെ ചിത്രം ഈ ആഴ്ച ആദ്യം പുറത്തുവന്നിരുന്നു. ഭൂമിയിലേക്ക് തിരിഞ്ഞുനോക്കുന്നത് മനോഹരമായിരുന്നുവെന്നും അദ്ഭുതകരമായ അനുഭവമാണെന്നും ഇന്ത്യന്‍ വ്യോമസേന ടെസ്റ്റ് പൈലറ്റ് കൂടിയായ ശുക്ല അറിയിച്ചു.
advertisement
ബഹിരാകാശനിലയത്തിലെ ജൈവ പ്രക്രിയകളെ പല ഘടകങ്ങളും ബാധിക്കുന്നതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ വിപുലവും തീവ്രവുമായ പരിശീലനവും ഇന്ത്യൻ വ്യോമസേനയിൽ ടെസ്റ്റ് പൈലറ്റായി ലഭിച്ച പരിശീലനവും ഐഎസ്എസില്‍ നടന്നുകൊണ്ടിരിക്കുന്ന ദൗത്യത്തില്‍ തന്നെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഐഎസ്എസില്‍ അസാധാരണമായ സാഹചര്യങ്ങളെയും അടിയന്തര ഘട്ടങ്ങളെയും നേരിടുന്നതില്‍ പരിശീലനം എങ്ങനെ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അദ്ദേഹം വിശദമായി പരാമര്‍ശിച്ചു.
സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണുന്നുണ്ടെങ്കിലും ബഹിരാകാശത്ത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുര്യപ്രകാശത്താല്‍ നയിക്കപ്പെടുന്നില്ലെന്നും സമയം അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രീന്‍വിച്ച് മീന്‍ ടൈം ആണ് ബഹിരാകാശ നിലയത്തില്‍ പിന്തുടരുന്നതെന്നും അദ്ദേഹം അറിയിച്ചു.
advertisement
യുവതലമുറയെ ശാസ്ത്രം പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നും ബഹിരാകാശ യാത്രികരുടെ അടുത്ത തലമുറയെ നയിക്കാന്‍ താനുണ്ടാകുമെന്നും ശുക്ല അറിയിച്ചു. ഉടന്‍ തന്നെ മടങ്ങിയെത്തുമെന്നും ചെറുതും വലുതുമായ പട്ടണങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികള്‍ ബഹിരാകാശയാത്രികരാകാന്‍ പോകുന്നുവെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. "നിങ്ങള്‍ കുട്ടികള്‍ വളരുമ്പോള്‍ ചന്ദ്രനില്‍ ആദ്യമെത്തുന്നത് നിങ്ങളായേക്കുമോയെന്ന് ആരറിയുന്നു" എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം വിദ്യാര്‍ത്ഥികളുമായുള്ള റോഡിയോ കോള്‍ അവസാനിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Life/
ബഹിരാകാശ നിലയത്തിൽ പതിവ് വ്യായാമവും; ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ പ്രധാനമെന്ന് ശുഭാന്‍ഷു ശുക്ല
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement