ഈ വർഷത്തെ വാലന്റൈൻസ് ഡേ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കമിതാക്കൾ. സമ്മാനങ്ങളും സർപ്രൈസുകളുമൊക്കെയായി പലരും ഈ ദിവസത്തിനായി ഒരുങ്ങിക്കഴിഞ്ഞു. എന്നാൽ, എന്തുകൊണ്ടാണ് ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നതെന്ന് എത്ര പേർക്കറിയാം?
മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ വൈദികനായിരുന്ന വിശുദ്ധ വാലന്റൈന്റെ പേരിൽ നിന്നാണ് വാലന്റൈൻസ് ഡേയ്ക്ക് ആ പേരു ലഭിച്ചത്. സെന്റ് വാലന്റൈന്റെ ജീവിതവും ആശയങ്ങളും ആഘോഷിക്കുന്നതിനുള്ള ഒരു മാർഗമായാണ് ഇത്തരമൊരു ദിവസം ആചരിക്കാൻ ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാൻ ജീവത്യാഗം ചെയ്ത സെന്റ്.വാലന്റൈൻ എന്ന കത്തോലിക്കാ പുരോഹിതന്റെ ഓർമ ദിനമാണ് ഫെബ്രുവരി 14 എന്നാണ് ലോകവ്യാപകമായി പരക്കെ വിശ്വസിക്കപ്പെടുന്നത്.
ദയയും സ്നേഹവും നിറഞ്ഞ പ്രവൃത്തികൾക്ക് പേരുകേട്ടയാളാണ് സെന്റ് വാലന്റൈൻ. പരപ്സരം സ്നേഹിച്ചിക്കുന്നവർ തമ്മിൽ വിവാഹം കഴിക്കുന്നതു പോലും നിയമവിരുദ്ധമായിരുന്ന ഒരു കാലഘട്ടത്തിൽ യുവ കമിതാക്കൾ തമ്മിലുള്ള പല രഹസ്യവിവാഹങ്ങളും അദ്ദേഹം നടത്തിക്കൊടുത്തു. ക്ലോയിഡ് രണ്ടാമനായിരുന്നു അക്കാലത്ത് റോമാസാമ്രാജ്യം ഭരിച്ചിരുന്നത്. യുദ്ധതൽപ്പരനായിരുന്ന രാജാവ് യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന കൽപന പുറപ്പെടുവിച്ചിരുന്നു. വിവാഹം കഴിഞ്ഞാൽ പുരുഷൻമാർക്ക് യുദ്ധത്തിൽ ശ്രദ്ധ കുറയും എന്നാണ് ചക്രവർത്തി ഇതിനു കാരണമായി പറഞ്ഞത്. സെന്റ് വാലൻൈൻ ഈ ഉത്തരവ് ധിക്കരിക്കുകയാണുണ്ടായത്. ഇതറിഞ്ഞ ചക്രവർത്തി അദ്ദേഹത്തെ ജയിലിൽ അടച്ചു. സെന്റ് വലന്റൈൻ പിന്നീട് കൊല്ലപ്പെടുകയും അതിനു ശേഷം പ്രണയിക്കുന്നവരുടെ വിശുദ്ധനായി അറിയപ്പെടുകയും ചെയ്തു.
ഇന്ന് പരസ്പരം സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിനായുള്ള പ്രത്യേക ദിവസമായിട്ടാണ് ലോകമെമ്പാടുമുള്ള ദമ്പതികളും പ്രണയിതാക്കളും വാലന്റൈൻസ് ദിനത്തെ കരുതുന്നത്. പ്രണയിക്കുന്നവർ തമ്മിൽ ചോക്ലേറ്റുകളും പൂക്കളും സമ്മാനങ്ങളുമൊക്കെ പങ്കിട്ടാണ് ഈ ദിവസം ആഘോഷമാക്കുന്നത്. പ്രണയം അതിന്റെ എല്ലാ പ്രത്യേകതകളോടും കൂടി ആഘോഷിക്കാനുള്ള ഒരു ദിവസം കൂടിയാണ് വാലന്റൈൻസ് ഡേ. സുഹൃത്തുക്കളോടും കുടുംബത്തത്തോടും വളർത്തുമൃഗങ്ങളോടുമുള്ള സ്നേഹവും ഈ ദിവസം പ്രകടിപ്പിക്കുന്നവരുണ്ട്.
സമീപ വർഷങ്ങളിലായി, ഫെബ്രുവരി 13 ന് ആളുകൾ ഗാലന്റൈൻസ് ദിനം (Galentine’s Day) ആഘോഷിക്കാനും തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾ തമ്മിലുള്ള സൗഹൃദം ആഘോഷിക്കുന്നതിനുള്ള ഒരു ദിവസമാണ് ഇത്. സ്ത്രീ സൗഹൃദങ്ങളിലുള്ള സ്നേഹവും പിന്തുണയും ആഘോഷിക്കാനും നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ളതും നമ്മൾ സ്നേഹിക്കുന്നതുമായ സ്ത്രീകളോട് ആ സ്നേഹം പ്രകടിപ്പിക്കാനുമുള്ള ദിവസമാണിത്.
പല രാജ്യങ്ങളിലും വിവിധ രീതിയിലാണ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്കായി ആചരിക്കുന്നവരും ഉണ്ട്. ചിലയിടങ്ങളിൽ റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെ ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് വാലൻൈൻസ് ഡേയോട് അനുബന്ധിച്ചു നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.