കൊച്ചി: ആറു വർഷം മുമ്പ് ഹൃദയത്തോട് ചേർത്തുപിടിച്ച കാംപസിൽനിന്ന് പടിയിറങ്ങുമ്പോൾ നദീമും കൃപയും ഇങ്ങനെയൊരു നിമിഷം അവരുടെ ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഡിഗ്രി പഠനത്തിനിടെ എറണാകുളം മഹാരാജാസ് കാംപസിൽവെച്ചാണ് ഇരുവരും ആദ്യമായി കണ്ടത്. ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിടാൻ അധികസമയം വേണ്ടിവന്നില്ല. ആ കാംപസിന്‍റെ കുളിർമയിൽ ആ പ്രണയം പൂത്തുലഞ്ഞു.
മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം നടക്കുന്ന മഹാരാജാസ് കോളേജ് ഇന്നൊരു അപൂർവ വിവാഹത്തിന് സാക്ഷിയായി. ആറു വർഷം മുമ്പ് ഡിഗ്രി പഠനം പൂർത്തിയാക്കി മടങ്ങിയ നദീമും കൃപയും വിവാഹത്തിനായി തിരഞ്ഞെടുത്തത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു. പൂർവ വിദ്യാർഥികളുടെ വിവാഹം മഹാരാജാസ് കാംപസിനു വേറിട്ട അനുഭവമായി. അതും കലോത്സവവേദിയിൽവെച്ചുള്ള വിവാഹം.
കലോത്സവത്തിനായി എത്തി ചേര്‍ന്ന ആയിരക്കണക്കിന് വിദ്യാർഥികളെയും കലാസ്വാദാകരെയും സാക്ഷിയാക്കിയായിരുന്നു നദീമും കൃപയും ജീവിതത്തിൽ ഒരുമിച്ചത്. 2014-17 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ വിദ്യാര്‍ഥികളായിരുന്നു ഇവർ. മഹാരാജാസ് കോളജിലെ ഫിലോസഫി വിദ്യാര്‍ഥിനിയായിരുന്നു കൃപ. എന്‍വയോണ്‍മെന്റല്‍ കെമസ്ട്രി വിദ്യാര്‍ഥിയായിരുന്നു നദീം.
പ്രണയിച്ച കാംപസിൽവെച്ച് തന്നെ വിവാഹം കഴിക്കാനുള്ള തീരുമാനം കുറച്ചുനാളായി മനസിലുണ്ടായിരുന്നുവെന്നനാണ് നദീമും കൃപയും പറയുന്നത്. ഇപ്പോൾ അത് യാഥാർഥ്യമായതിൽ സന്തോഷമുണ്ടെന്നും ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.