ഗൗതമി ജി.ജി'ഹായ് എന്തുണ്ട് വിശേഷം ?എല്ലാർക്കും സുഖമാണോ? ഞങ്ങളിവിടെ സുഖമായിരിക്കുന്നു... ഇങ്ങനെ കുശലം പറഞ്ഞ് തുടങ്ങി പിന്നെ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന വ്ളോഗർ വീണ ജാനിനെ അറിയാത്ത വീട്ടമ്മമാർ ഉണ്ടാകില്ല. പാചകം പരീക്ഷണമായി കരുതിയിരുന്നവരിലേക്ക് തന്റെ രുചിക്കൂട്ടുകളിലൂടെ പാചക കലയുടെ സൗന്ദര്യം എത്തിച്ചിരിക്കുകയാണ് വീണ.
പറഞ്ഞുവരുന്നത് വീണാസ് കറിവേൾഡ് എന്ന യൂട്യൂബ് ചാനലിലെ നിങ്ങളുടെ സ്വന്തം വീണച്ചേച്ചിയെ കുറിച്ച് തന്നെയാണ്.
സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ പത്ത് ലക്ഷത്തിലധികം വരിക്കാരെ സ്വന്തമാക്കിയതോടെ യൂട്യൂബിന്റെ ഗോൾഡൻ പ്ലേ ബട്ടൻ നേടിയിരിക്കുകയാണ് വീണ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയാണ് ഈ വീട്ടമ്മ.
കല്യാണ ശേഷം കുഞ്ഞിനെ നോക്കി വീട്ടിലൊതുങ്ങിപ്പോയെന്ന് മനസിൽ വിതുമ്പുകയും വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ വീണ പറയുന്നത് കേൾക്കണം.
വ്ളോഗറായി വിജയിക്കാൻ മാത്രമല്ല, യൂട്യൂബിൽ ചാനൽ തുടങ്ങി അൽപ്പസ്വൽപം കാശുണ്ടാക്കാനുളള വഴികളും വീണ പറയും.
ബ്ലോഗില്‍ തുടങ്ങി വ്‌ളോഗിലേക്ക്![]()
വിവാഹം കഴിഞ്ഞ് 2006 ലാണ് ദുബായിലെത്തിയത്. വീട്ടമ്മയായതിനാല്‍ ഭര്‍ത്താവ് ജോലിക്കും കുഞ്ഞ് സ്‌കൂളിലും പോയിക്കഴിഞ്ഞാല്‍ പിന്നെ ബോറടിച്ചിരിക്കും. അങ്ങനെ ഭര്‍ത്താവിന്റെ ഉപദേശത്തെ തുടര്‍ന്നാണ് പാചകക്കുറിപ്പുകള്‍ പങ്കുവെച്ചുകൊണ്ട് ബ്ലോഗ് ആരംഭിച്ചത്. 2008ലായിരുന്നു ഇത്. പാചകക്കുറിപ്പുകള്‍ വായിച്ച് ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ പേര്‍ക്കും പാചക വീഡിയോ കാണുന്നതാണ് താത്പര്യം എന്ന് മനസിലാക്കിയതോടെയാണ് വീഡിയോ ആരംഭിച്ചത്. ബ്ലോഗില്‍ പിന്തുടരുന്ന പലരും ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു.
തൃശൂര്‍ സ്‌പെഷ്യല്‍ മീന്‍ കറിയില്‍ തുടക്കം2015 നവംബര്‍ മൂന്നിന് തൃശൂര്‍ സ്‌പെഷ്യല്‍ മീന്‍ കറിയുടെ വീഡിയോ അപ് ചെയ്തുകൊണ്ടായിരുന്നു വീണയുടെ തുടക്കം. അപാകതകള്‍ മാത്രമാണ് ആദ്യകാലങ്ങളിലെ വീഡിയോകള്‍ക്ക് ഉണ്ടായിരുന്നതെന്ന് വീണ. കമന്റുകള്‍ വായിച്ച് അതൊക്കെ പരിഹരിക്കുകയായിരുന്നു. ട്രൈപ്പോഡില്‍ ക്യാമറവെച്ച് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതുമൊക്കെ വീണ തന്നെയാണ്. ഇക്കാര്യയത്തില്‍ ആരെയും ആശ്രയിക്കാന്‍ പാടില്ലെന്ന് ഭര്‍ത്താവ് ജാനിന് നിര്‍ബന്ധം ഉണ്ടായിരുന്നു. 50 വീഡിയോ കഴിഞ്ഞതോടെ ആത്മവിശ്വാസം താനെ വന്നുവെന്ന് വീണ പറയുന്നു.
അശ്ലീല കമന്റുകളില്‍ പതറാതെ![]()
വീഡിയോ കണ്ട് കുക്കിംഗുമായി ബന്ധപ്പെട്ട് കമന്റിടുന്നവരെക്കൂടാതെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള കമന്റുകള്‍ വരാറുണ്ടിയിരുന്നു. അതൊക്കെ വായിക്കുമ്പോള്‍ ആദ്യം തകര്‍ന്നു പോയിട്ടുണ്ട്.
പരിധിവിട്ട ചിലത് കാണുമ്പോള്‍ കരയും. അപ്പോഴൊക്കെ ഭര്‍ത്താവാണ് ധൈര്യം തന്ന് കൂടെ നിര്‍ത്തിയത്. കമന്റുകള്‍ വായിച്ച് മോശപ്പെട്ടവ അദ്ദേഹം ഡിലീറ്റ് ചെയ്യുമായിരുന്നു.
ഇപ്പോള്‍ അതും താന്‍ തന്നെയാണ് ചെയ്യുന്നതെന്ന് വീണ പറയുന്നു.
നാടന്‍ രുചിക്കൂട്ടുകളുടെ റാണിനാടന് കറികളാണ് വീണ പങ്കുവെയ്ക്കുന്നത്. അതും വളരെ ലളിതമായവ. ഒരു വീഡിയോ പങ്കുവയ്ക്കുക എന്നത് വീണയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. പലതവണ ചെയ്തു നോക്കിയ ശേഷമാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്നാണ് വീണ പറയുന്നത്. താന്‍ കാരണം മറ്റൊരാള്‍ക്ക് അബദ്ധം പറ്റാന്‍ പാടില്ലല്ലോ. പാചകത്തില്‍ അമ്മയാണ് വീണയുടെ ഗുരു. നാടന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ അധ്യാപിക കൂടിയായ അമ്മ വിദഗ്ധയാണെന്ന് വീണ പറയുന്നു. ഭര്‍ത്താവിന്റെ അമ്മയും പാചകത്തില്‍ തനിക്ക് മാതൃകയാണെന്ന് വീണ.
അമ്മ ഉരുട്ടിത്തരുന്ന ചോറും ചമ്മന്തിയും ആണ് വീണയുടെ ഇഷ്ട ഭക്ഷണം. ലോകത്തിന്റെ ഏത് കോണില്‍ പോയി മറ്റെന്ത് കഴിച്ചാലും അമ്മ ഉരുട്ടിത്തന്നിട്ടുള്ള ചോറിന്റെ രുചിക്ക് പകരമാവില്ലെന്ന് വീണ.
പഠനകാലത്ത് തന്നെ വീണ പാചക പരീക്ഷണം നടത്തിയിരുന്നു. റവ കിച്ചടിയാണ് ആദ്യം ഉണ്ടാക്കിയത്. അച്ഛന്‍ നല്ല അഭിപ്രായം പറഞ്ഞത് തനിക്ക് ആത്മവിശ്വാസം നല്‍കിയെന്ന് വീണ.
മനസു നിറയെ പാചകം![]()
ഡിണ്ടിഗലില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ആളാണ് വീണ. എന്നാല്‍ ഒരു എന്‍ജിനീയറാകാത്തതില്‍ തനിക്ക് അല്‍പ്പം പോലും വിഷമമില്ലെന്ന് വീണ പറയുന്നു. അന്നും ഇന്നും മനസു നിറയെ പാചകമാണെന്നും ഇതു തന്നെയാണ് തന്റെ ജീവിതമാര്‍ഗമെന്ന് നേരത്തെ തിരിച്ചറിഞ്ഞുവെന്നും വീണ. മനസിന് ഇഷ്ടപ്പെട്ട ജോലി ആസ്വദിച്ച് ചെയ്യുന്നതുപോലെ മറ്റൊരു സന്തോഷം ഇല്ലെന്നാണ് വീണയുടെ അഭിപ്രായം.
ആ സീക്രട്ട് ഇതാണ്ആര്ക്കും വ്ളോഗറായി വിജയിക്കാം എന്നാണ് വീണ പറയുന്നത്. അതിനുള്ള സീക്രട്ടും വീണ പങ്കുവെയ്ക്കുന്നു.
' ഉള്ളിലുള്ള മടി മാറ്റിവെച്ചാല്‍ മതി. പിന്നെ ആഗ്രഹിക്കുന്ന നേട്ടം കൊയ്യാന്‍ കഴിയും.'
സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് വീണ ഇതു പറയുന്നത്. എനിക്കൊരു കഴിവും ഇല്ലെന്നാണ് പലരും പരാതി പറയുന്നത്. ഞാനും ഇങ്ങനെയൊക്കെ പരാതി പറഞ്ഞിരുന്ന ആളാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പാട്ടിനും ഡാന്‍സിനുമൊന്നും ഒരു സമ്മാനവും വാങ്ങിയിട്ടില്ല. ജീവിതത്തില്‍ ആദ്യം യൂട്യൂബാണ് സമ്മാനം തന്നിരിക്കുന്നത്- വീണ പറയുന്നു.
എല്ലാവരുടെയും ഉള്ളിലും ഒരു കഴിവ് ഉണ്ടായിരിക്കുമെന്നും അത് കണ്ടെത്തുകയാണ് ആദ്യം വേണ്ടതെന്നും വീണ പറയുന്നു.
അഭിനയിക്കാനറിയാത്തത് നേട്ടം![]()
അഭിനയിക്കാനറിയാത്തതാണ് ഇത്രയുമധികം വ്യൂവര്‍മാര്‍ക്കിടയില്‍ തന്നെ പ്രിയങ്കരിയാക്കുന്നതെന്നാണ് വീണ പറയുന്നത്. സാധാരണ സംസാരിക്കുന്നത് പോലെ തന്നെയാണ് വീഡിയോയിലും സംസാരിക്കുന്നത്. സ്വതസിദ്ധമായ തൃശൂര്‍ സ്‌റ്റൈല്‍ തന്നെയാണ് വീണയുടെ പ്രത്യേകത. സുഖാന്വേഷണവും വീട്ടുകാര്യങ്ങളും പറഞ്ഞുതുടങ്ങി രുചിക്കൂട്ടിലേക്ക് കടക്കുന്നതാണ് വീണയുടെ രീതി. രുചിക്കൂട്ടിനൊപ്പം ഇടയ്ക്ക് ചില ഹെല്‍ത്ത് ടിപ്പുകളും അടുക്കള ടിപ്പുകളും വീണ പങ്കുവയ്ക്കും. സത്യസന്ധമായ കാര്യങ്ങള്‍ മാത്രം പറയുക. കള്ളം പറഞ്ഞ് അബദ്ധങ്ങളില്‍ ചെന്ന് ചാടി വ്യൂവേഴ്‌സിനെ ബുദ്ധിമുട്ടിക്കാന്‍ താനില്ലെന്നും വീണ പറയുന്നു.
വാ ഷെഫും വികാസ് ഖന്നയും സ്വാധീനംയൂട്യൂബില് വീണയെ വളരെയധികം സ്വാധീനിച്ച ഫുഡ് വ്‌ലോഗ് വാ ഷെഫിന്റേതാണ്. വാ ഷെഫിന്റെ ചില റെസിപ്പികള്‍ വീണ പരീക്ഷിച്ച് നോക്കിയിട്ടുമുണ്ട്. വികാസ് ഖന്നയുടെ റെസിപ്പികള്‍ പരീക്ഷിച്ചിട്ടില്ലെങ്കിലും ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെ ഏറെ സ്വാധീനിച്ചുവെന്ന് വീണ. ചിരിക്കുന്നവരെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും വീണ പറയുന്നു. കുക്കിംഗ് ഷുക്കിംഗിലെ യാമന്‍ അഗര്‍വാള്‍ എന്ന കുട്ടി ഷെഫിനെയും വീണയ്ക്ക് ഇഷ്ടമാണ്.
വരുമാനത്തിന് വേണ്ടി മാത്രമാകരുത്![veena jaan]()
യൂട്യൂബില്‍ ചാനല്‍ തുടങ്ങി വരുമാനം ഉണ്ടാക്കാമെന്ന് കരുതുന്നവരോട് വീണയ്ക്ക് ചിലത് പറയാനുണ്ട്. വരുമാനം മാത്രം ലക്ഷ്യംവെച്ച് ഇത്തരം സംരംഭങ്ങളിലേക്ക് ഇറങ്ങിച്ചെല്ലരുതെന്ന് വീണ പറയുന്നു.
വീഡിയോ ചെയ്താല്‍ ഉടന്‍ വരുമാനം കിട്ടുമെന്ന് തെറ്റിദ്ധരിക്കരുതെന്നും വീണ പറയുന്നു. വളരെ പതുക്കെ മാത്രമേ വരുമാനം ഉണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നാണ് വീണ പറയുന്നത്.
ചാനല്‍ തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞാണ് മോണിറ്റൈസേഷന് അപേക്ഷിച്ചതെന്നും വീണ. അതുകഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ആദ്യ വരുമാനമായ 13,000 രൂപ കിട്ടി. ഇപ്പോള്‍ അത്യാവശ്യം നല്ല വരുമാനം ലഭിക്കുന്നുണ്ട്.
സില്‍വര്‍ ബട്ടണില്‍ തുടക്കം![]()
യൂട്യൂബിന്റെ സില്‍വര്‍ ബട്ടണ്‍ നേടിക്കൊണ്ടാണ് വീണയുടെ വിജയത്തുടക്കം. ഒരു ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള ചാനലിനാണ് സില്‍വര്‍ ബട്ടണ്‍ നല്‍കുന്നത്.
ഇപ്പോള്‍ വീണാസ് കറിവേള്‍ഡ് എന്ന യൂട്യൂബ് ചാനലിന് പത്ത് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്.
പത്ത് മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കുന്ന ഡയമണ്ട് പ്ലേബട്ടനാണ് അടുത്ത തലം. എന്നാല്‍ പുരസ്‌കാരങ്ങള്‍ ലക്ഷ്യമിട്ടല്ല ഇതൊക്കെ ചെയ്യുന്നതെന്നും പ്രതീക്ഷിക്കാതെ സമ്മാനം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും വീണ.
കട്ടസപ്പോര്‍ട്ടുമായി കുടുംബം![]()
തന്റെ ഈ നേട്ടത്തിനു പിന്നില്‍ കുടുംബമാണെന്ന് വീണ പറയുന്നു. തൃശൂര്‍ പെരിഞ്ഞനം സ്വദേശിയാണ് വീണ. ശരിക്കുള്ള പേര് പ്രവീണ എന്നാണ്. ഇപ്പോള്‍ ദുബായിലാണ് താമസം. ഭര്‍ത്താവ് ജാന്‍ ജോഷി എമിറേറ്റ്‌സില്‍ ബിസിനസ് അനാലിസിസ് മാനേജരാണ്. മൂത്തമകന്‍ അവനീത് പത്താംക്ലാസിലും ഇളയമകന്‍ ആയുഷ് നാലാംക്ലാസിലും പഠിക്കുന്നു.
ആദ്യ വിവാഹം എന്ന ഇരുണ്ട അധ്യായം2002ലായിരുന്നു ആദ്യ വിവാഹം. അതൊരു ഇരുണ്ട അധ്യായം തന്നെയായിരുന്നുവെന്ന് വീണ പറയുന്നു. വളരെ ആഡംബരമായി വലിയ സ്ത്രീധനമൊക്കെ നല്‍കിയായിരുന്നു ആദ്യ വിവാഹം നടത്തിയത്. ഭര്‍ത്താവിന്റെയും അമ്മയുടെയും പീഡനം ആത്മഹത്യയുടെ വക്കില്‍ വരെ എത്തിച്ചു. കുഞ്ഞുണ്ടാകുമ്പോഴെങ്കിലും പ്രശ്‌നം അവസാനിക്കുമെന്ന് കരുതിയെങ്കിലും മാറ്റമുണ്ടായില്ല. കുഞ്ഞിനെ ഉപദ്രവിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയതോടെയാണ് ആ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് വീണ പറയുന്നു.
സുഹൃത്തിന്റെ നിര്‍ദേശ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ക്കായുള്ള മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്തു. അതിലൂടെയാണ് ജാന്‍ ജോഷിയുടെ ആലോചന വന്നത്. അദ്ദേഹത്തിന്റെ ആദ്യ വിവാഹം തന്നെയായിരുന്നു. മൂത്തമകന്‍ അവനീതിന്റെ കാര്യങ്ങളൊക്കെ സംസാരിച്ചു. അദ്ദേഹത്തിനും വീട്ടുകാര്‍ക്കും അതൊക്കെ സമ്മതമായിരുന്നുവെന്നും അങ്ങനെ 2006ലാണ് രണ്ടാം വിവാഹം നടന്നതെന്നും വീണ പറയുന്നു. വിവാഹം നടക്കുമ്പോള്‍ അവനീതിന് ഒന്നരവയസായിരുന്നു പ്രായം. എല്ലാകാര്യങ്ങളും പത്താംക്ലാസുകാരനായ അവനീതിനോട് തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും വീണ പറയുന്നു. ഇരുണ്ട ജീവിതം നല്‍കിയ പാഠവും ജാന്‍ ജോഷി നല്‍കിയ ആത്മവിശ്വാസവുമാണ് ഇന്നുകാണുന്ന വീണയാക്കി തന്നെ മാറ്റിയതെന്നും വീണ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.