• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ഇടുക്കി ഒളിപ്പിച്ച സൗന്ദര്യം

news18
Updated: June 15, 2018, 2:11 PM IST
ഇടുക്കി ഒളിപ്പിച്ച സൗന്ദര്യം
photo: tourism munnar(FB)
news18
Updated: June 15, 2018, 2:11 PM IST
യാത്രയെ പ്രണയിക്കുന്നവർ ഏറെയാണ്. കാടിന്റെ വന്യതയും മലനിരകളുടെ വശ്യതയും നദീതടങ്ങളുടെ സൗന്ദര്യവും കണ്ടാൽ മതിയാകില്ല. കേരളവും ഇന്ത്യയും കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൗന്ദര്യം തേടിപ്പോകുന്നവർ വരെയുണ്ട്. ഒരുപക്ഷെ നമ്മുടെ നാട് ഒളിപ്പിച്ചു വച്ച സൗന്ദര്യം അറിയാതെയാകും പരും ഇത്തരത്തിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് തന്നെ പോകുന്നത്.

നമ്മുടെ നാടും വശ്യമായ സൗന്ദര്യം കാത്തുവെച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിൽ ഒന്നാണ് ഇടുക്കി. യാത്രയെ പ്രണയിക്കുന്നവർ ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാൻ മറക്കരുത്. യാത്രയെ പ്രണയിക്കുന്നവർ കണ്ടിരിക്കേണ്ട ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളെ കുറിച്ച് അറിയാം.

ശ്രീരാമൻ കാൽവെച്ച രാമക്കല്‍ മേട്

സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽ മേട്. പശ്ചിമഘട്ടത്തിലാണ് രാമക്കൽ മേടിന്റെ സ്ഥാനം. ശ്രീരാമൻ പത്നിയായ സീതയെ തിരഞ്ഞ് ഇവിടെ എത്തിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമൻ കാൽവെച്ച ഇടം എന്ന് അർഥം വരുന്നതാണ് രാമക്കൽ മേട്.

സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളും ഇവിടെയുണ്ട്. അതിനുദാഹരണമാണ് ഇവിടെയുള്ള കുറവന്റെയും കുറത്തിയുടെയും പ്രതിമകൾ. രാമക്കൽ മേട്ടില്‍ നിന്ന് നോക്കിയാൽ കേരളവും തമിഴ്നാടും കാണാം. പർവതവും താഴ്വരയും തണുത്ത കാറ്റും സഞ്ചാരികളെ രാമക്കൽമേട്ടിലേക്ക് ആകർഷിക്കുന്നുണ്ട്. ഏത് കാലാവസ്ഥയിലും കാറ്റ് ലഭിക്കുന്നതിനാൽ ഇവിടെ ഒരു കാറ്റാടിപ്പാടവും സ്ഥിതി ചെയ്യുന്നുണ്ട്.

നീലക്കുറിഞ്ഞി പൂക്കുന്ന കുറിഞ്ഞിമല സാങ്ച്വറി

നീലക്കുറിഞ്ഞി ഉൾപ്പെടെ അപൂർവ ഇനം സസ്യ വന്യ ജാലങ്ങളുടെ അനവധി ശേഖരം കൊണ്ട് ശ്രദ്ധേയമായ സ്ഥലമാണ് കുറിഞ്ഞിമല സാങ്ച്വറി. ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കാമ്പൂർ ഗ്രാമങ്ങളിലായാണ് കുറിഞ്ഞിമല സാങ്ച്വറി വ്യാപിച്ച് കിടക്കുന്നത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയാണ് ഇവിടെ സംരക്ഷിക്കുന്ന പ്രധാന ഇനം. 32 ചതുരശ്ര കിമീ വലിപ്പത്തിലൊരു തോപ്പ് നീലക്കുറിഞ്ഞിക്കായി ഇവടെയുണ്ട്.
Loading...

2006ൽ നീലക്കുറിഞ്ഞി പൂക്കുന്നത് കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തിയത്.

നീലക്കുറിഞ്ഞിക്ക് പുറമെ ആന, നീലഗിരി കാട്ടുപോത്ത്, വരയാട്, മാൻ എന്നിവയെയും ഇവിടെ സംരക്ഷിക്കുന്നുണ്ട്. ചിന്നാർ , ഇന്ദിരാഗാന്ധി വന്യജീവി സങ്കേതങ്ങളും ഇരവികുളം, പാമ്പാടുംശോല, ആനമുടി ശോല എന്നീ ദേശീയ ഉദ്യാനങ്ങളും ഇതിന് സമീപത്ത് സ്ഥിതി ചെയ്യുന്നു.

ഉദയാസ്തമയ കാഴ്ചകളുടെ കൊളുക്കുമല

പ്രകൃതി രമണീയത കൊണ്ട് ഏറെ വശ്യമായ പ്രദേശമാണ് കൊളുക്കുമല. സമുദ്ര നിരപ്പിൽ നിന്ന് 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്ക് മല തമിഴ്നാടിന്റെ ഭാഗമാണ്. തേനിയിലെ ബോഡിനായ്ക്കനൂർ മുനിസിപ്പാലിറ്റിയിലാണ് കൊളുക്കുമല. ഇടുക്കിയിൽ ഉദാസ്തമയ കാഴ്ചകൾക്ക് പറ്റിയ സ്ഥലം കൂടിയാണ് കൊളുക്കുമല.

ലോകത്തിലെ തന്നെ ഏറ്റവും ഉയരംകൂടിയ തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ്. 75 വർഷം പഴക്കമുള്ള തേയിലത്തോട്ടം ഇവിടെയുണ്ട്. മീശപ്പുലിമല, തിപ്പടാമല എന്നിവയും കൊളുക്ക് മലയ്ക്ക് സമീപത്താണ്. മൂന്നാർ പട്ടണത്തിൽ നിന്ന് 35 കിമീ അകലെയുള്ള കൊളുക്കുമലയിലേക്ക് റോഡ് മാർഗം കടക്കാവുന്നത് കേരളത്തിലൂടെ മാത്രമാണ്.

ട്രെക്കിംഗ് പ്രിയർക്ക് കുളമാവ്

ഇടുക്കിയിലെ പ്രസിദ്ധ കുന്നിൻ പ്രദേശമാണ് കുളമാവ്. സമുദ്ര നിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ നിലകൊള്ളുന്ന കുളമാവ് ട്രെക്കിംഗിന് അനുയോജ്യമായ സ്ഥലമാണ്. ഇടുക്കിജലാശയ പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നു പ്രമുഖ ഡാമുകളിലൊന്നാണ് കുളമാവ്. പാറക്കുന്നുകൾക്കിടയിലുള്ള ഈ ജലാശയത്തിന്റെ വിസ്തൃതി 33 ചതുരശ്ര കിമീറ്ററാണ്.

മൂലമറ്റം പവർസ്റ്റേഷൻ, ഇടുക്കി വന്യ ജീവി സങ്കേതം എന്നിവ ഇതിനു സമീപത്താണ്.

കാട്ടാനകളുടെ വിഹാര കേന്ദ്രമായ പാൽക്കുളമേട്
പുരാതനമായ കുന്നുകളും പച്ചതാഴ്വരകളും കൊണ്ട് ശ്രദ്ധേയമായ സ്ഥലമാണ് പാൽക്കുളമേട്. കാട്ടാനകളുടെ വിഹാര കേന്ദ്രമാണിത്. സമുദ്ര നിരപ്പിൽ നിന്ന് 3125 കിമീ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടുക്കിയിൽ നിന്ന് 12 കിമീ അകലെയാണ്.

വർഷത്തിൽ എപ്പോൾ വേണമെങ്കിലും സഞ്ചാരികൾക്ക് ഇവിടെ എത്താം. ഹൈക്കിംഗിനും ട്രെക്കിംഗിനു ഇവിടെ സൗകര്യമുണ്ട്.

മൂന്നാർ, സഞ്ചാരികളുടെ പറുദീസ

സഞ്ചാരികളുടെ പറുദീസ എന്ന് വിശേഷിപ്പിക്കാവുന്ന മനോഹരമായ ഹിൽസ്റ്റേഷനാണ് മൂന്നാർ. മധുരപ്പുഴ, നല്ലതണ്ണി, കണ്ടലി എന്നീ മൂന്ന് പുഴകളുമായി ബന്ധപ്പെട്ടാണ് മൂന്നാറിന് ആ പേര് ലഭിച്ചിരിക്കുന്നത്. പശ്ചിമഘട്ട മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നനാടുമായി വളരെ അടുത്ത് കിടക്കുന്ന സ്ഥലമാണിത്. സമുദ്ര നിരപ്പിൽ നിന്ന് 1600-1800 അടി ഉയത്തിലാണ് മൂന്നാറിന്റെ സ്ഥാനം.

കോളനിവാഴ്ചക്കാലം മുതൽ മൂന്നാറിന് പ്രസക്തിയുണ്ട്. തേയില കൃഷിക്ക് അനുയോജ്യമാണെന്ന് മനസിലാക്കിയ ബ്രിട്ടീഷുകാർ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. ബ്രിട്ടീഷുകാർ പണിത നിരവധി കെട്ടിടങ്ങൾ ഇപ്പോഴും മൂന്നാറിലുണ്ട്.

അലോസരപ്പെടുത്താത്ത കാലാവസ്ഥയാണ് മൂന്നാറിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ട്രക്കിംഗിനും ബൈക്കിംഗിനുമെല്ലാം ഏറെ സൗകര്യമുള്ള സ്ഥലമാണിത്. ഇരവികുളം ദേശീയോദ്യാനം, ആനമുടി എന്നിവയും ഇവിടെയാണ്.

വെള്ളച്ചാട്ടം കാണാൻ ആട്ടുകലും പള്ളിവാസലും

ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങളാണ് ആട്ടുകലും പള്ളിവാസലും. മൂന്നാറിൽ നിന്ന് 9 കിമീ മാറിയാണ് ആട്ടുകൽ വെലഅളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറിനും പള്ളിവാസലിനും ഇടയിലാണിത്. ട്രക്കിംഗിന് അനുയോജ്യമായ സ്ഥലം. മഴക്കാലത്താണ് ഇതിന് സൗന്ദര്യം കൂടുതൽ. ചീയപ്പാറ , വളര വെള്ളച്ചാട്ടങ്ങൾ ഇതിന് സമീപത്താണ്.

ദേവികുളത്തെ സീത ദേവി തടാകത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് പള്ളിവാസൽ. കേരളത്തിലെ ആദ്യജല വൈദ്യുത പദ്ധതി യുടെ പേരിൽ പള്ളിവാസൽ പ്രസിദ്ധമാണ്.

ജൈവ വൈവിധ്യങ്ങളുടെ ഇരവികുളം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് ഇരവികുളം. പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗം.

ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഖലയായി ഇവിടം മാറുന്നു. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്.

കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്തുണ്ട്. മൃഗങ്ങളുടെ പ്രജനനകാലമായതിനാൽ ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതല്ല.

മൂന്നാറിന്റെ വിദൂര ഭംഗി ആസ്വദിക്കാൻ പോതമേട്.

മൂന്നാറിലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട മനോഹരമായ ഒരു കൊച്ചുഗ്രാമമാണ് പോതമേട്. മൂന്നാര്‍ ടൗണില്‍ നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇവിടെയുള്ള ഒരു വ്യൂപോയിന്റില്‍ നിന്നും മൂന്നാറിന്റെ വിദൂരഭംഗി ആസ്വദിയ്ക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സമീപത്തുള്ള സമതലങ്ങളുടെയും മധുരപ്പുഴ നദിയുടെയും മനോഹരമായ കാഴ്ചകൾ ഇവിടെ നിന്നാൽ കാണാം. ട്രക്കിംഗിനും സൗകര്യമുണ്ട്.

തേയിലത്തോട്ടങ്ങളും, ഏലത്തോട്ടങ്ങളും ഇവിടെ ഏറെയുണ്ട്. സുഗന്ധദ്രവ്യത്തോട്ടങ്ങളിലൂടെ നടന്നുവേണം വ്യൂപോയിന്റിലെത്താന്‍. വളഞ്ഞുപുളഞ്ഞുപോകുന്ന റോഡും കൊച്ചുകൊച്ചുകുന്നുകളുമെല്ലാം ചേര്‍ന്ന് പോത്തന്‍മേടിനെ മനോഹരമാക്കുന്നു.

ആനയിറങ്ങുന്ന ആനയിറങ്കൽ

തേയിലത്തോട്ടങ്ങളും, അണക്കെട്ടും, തടാകവുമാണ് ആനയിറങ്കലിലെ പ്രധാന ആകർഷണം. മൂന്നാറില്‍ നിന്നും 22 കിലോമീറ്റര്‍ ഗ്യാപ് റോഡ് വഴി സഞ്ചരിച്ചുവേണം ഈ സ്ഥലത്തെത്താന്‍. തടാകത്തില്‍ വെള്ളംകുടിയ്ക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളാണ് ഇവിടത്തെ പ്രത്യേകത. മൈലുകളോളം നീളുന്ന കാടുകളും, തേയിലത്തോട്ടങ്ങളും ഇവിടെയുണ്ട്. ടാറ്റ ടീ പ്ലാന്റേഷനാണ് മറ്റൊരു ആകര്‍ഷണം. ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ട്.
ആനയിറങ്ങലിന് സമീപമാണ് പോത്തന്‍മേട്. രണ്ടുസ്ഥലങ്ങളും കൂടി ഒരു ട്രിപ്പില്‍ കാണാവുന്നതാണ്. ആനയിറങ്ങളില്‍ ഒട്ടേറെ മനോഹരമായ റിസോര്‍ട്ടുകളുംമറ്റുമുണ്ട്.

പ്രതിധ്വനി കേൾക്കുന്ന എക്കോപോയിന്റ്

മൂന്നാറില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് എക്കോ പോയിന്റ്. യുവസഞ്ചാരകള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ കേന്ദ്രം. മനോഹരമായ തടാകതീരത്താണ് എക്കോ പോയിന്റ് സ്ഥിതി ചെയ്യുന്നത്. നമ്മളുണ്ടാക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനികള്‍ വീണ്ടുംവീണ്ടും കേള്‍ക്കുകയെന്നതാണ് ഇവിടത്തെ പ്രത്യേകത.
ചുറ്റുപാടുമുള്ള തേയിലത്തോട്ടങ്ങലും, ഏലത്തോട്ടങ്ങളുമെല്ലാം ചേര്‍ന്നൊരുക്കുന്ന മനോഹരമായ കാഴ്ചയും മറ്റൊരു പ്രത്യേകതയാണ്. ട്രക്കിംഗ് പ്രിയരുടെ ഇഷ്ടസ്ഥലംകൂടിയാണിത്.

ഹൈറേഞ്ചുകളുടെ വാഗമൺ

കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന പ്രധാന ഹൈറേഞ്ചാണ് വാഗമൺ. സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പച്ചപ്പുല്‍മേടുകളും മലനരികളും പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമെല്ലാം വാഗമണിനെ മനോഹരമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍.

റോക്ക് ക്ലൈംബിംഗ്, ട്രക്കിംഗ്, പാരഗ്ലൈഡിംഗ് എന്നിവയ്ക്ക് ഇവിടെ സൗകര്യമുണ്ട്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക് ട്രാവല്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണും ഉള്‍പ്പെട്ടിട്ടുണ്ട്.

വാഗമണിലേയ്ക്ക് പോകുമ്പോള്‍കോട്ടയത്തുനിന്നും 65 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വാഗമണ്‍ ആയി. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കോട്ടയത്തേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. തേക്കടി, പീരുമേട്, കുളമാവ് എന്നിവ ഇതിനു സമീപത്തെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്

വിരലിലെണ്ണാവുന്ന പ്രകൃതിരമണീയമായ സ്ഥലങ്ങളല്ല ഇടുക്കിയിലുള്ളത്. പറഞ്ഞുതീർക്കാൻ കഴിയാത്തത്ര സൗന്ദര്യമാണ് ഇടുക്കി ഒളിപ്പിച്ചിട്ടുള്ളത്. ഇടുക്കിയുടെ സൗന്ദര്യം അവിടെ ചെന്നു തന്നെ ആസ്വദിക്കണം.
First published: June 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...