രക്തദാനം മഹാദാനം എന്നാണല്ലോ പറയുന്നത്. രക്തം ദാനം ചെയ്യുന്നത് ജീവിതത്തിൻറെ ഭാഗമാക്കി മാറ്റിയ ഒരു സ്ത്രീയുണ്ട്. ആൽബർട്ട് സ്വദേശിയായ ഈ 80 -കാരിയുടെ പേര് ജോസഫിൻ മിച്ചാലുക്ക് എന്നാണ്. കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്ന ഇവരെ തേടി ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ്സ്‍ പുരസ്കാരം എത്തിയിരിക്കുകയാണ്. 1965 -ൽ തൻറെ 22 -ാം വയസ്സിലാണ് മിച്ചാലുക്ക് ആദ്യമായി രക്തം ദാനം ചെയ്തത്. പിന്നീട് അത് തന്നെ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റിയ ഇവർ കഴിഞ്ഞ ആറു പതിറ്റാണ്ടായി മുടക്കം ഇല്ലാതെ അത് തുടരുകയാണ്. ഇതുവരെ 203 യൂണിറ്റ് രക്തമാണ് ഇവർ ദാനം ചെയ്തത്.
Congratulations to Josephine, who has been awarded the record for donating the most blood in a lifetime. https://t.co/tVJ3h2ZcBg
— Guinness World Records (@GWR) March 24, 2023
രക്തദാനത്തെക്കുറിച്ച് ആദ്യമായി തന്നോട് സംസാരിക്കുന്നത് തൻറെ സഹോദരി ആണെന്നും സഹോദരിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് താൻ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ആദ്യമായി രക്തം ദാനം ചെയ്തത് എന്നുമാണ് മിച്ചാലുക്ക് പറയുന്നത്. ആദ്യം രക്തം ദാനം ചെയ്യുമ്പോൾ ചെറിയൊരു ഭയം ഉണ്ടായിരുന്നുവെന്നും പിന്നീട് താൻ ചെയ്യുന്ന പ്രവൃത്തിയുടെ മഹത്വം മനസ്സിലാക്കിയപ്പോൾ അത് തൻറെ ജീവിതത്തിൻറെ ഭാഗമാക്കി മാറ്റുകയായിരുന്നു എന്നും മിച്ചാലുക്ക് പറഞ്ഞു.
കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിൽ രക്തം ദാനം ചെയ്തതുകൊണ്ട് തനിക്ക് ശാരീരികമായി യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും രക്തദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ കൂടുതൽ ആളുകൾ അതിന് തയ്യാറാകണമെന്നും മിച്ചാലുക്ക് പറയുന്നു. O- ആണ് മിച്ചാലുക്കിന്റെ രക്ത ഗ്രൂപ്പ്. തന്റെ ജീവിതം ഒരു പ്രചോദനമായി സ്വീകരിച്ച് കൂടുതൽ ആളുകൾ രക്തം ദാനം ചെയ്യാൻ തയ്യാറാകണം എന്നാണ് തന്റെ ആഗ്രഹമെന്നും മിച്ചാലുക്ക് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.